സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പ വര്‍ദ്ധന, വിനിമയ നിരക്കിലെ സമ്മര്‍ദ്ദം എന്നിവയ്ക്കിടയില്‍  വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് സിആര്‍ആര്‍ കുറയ്ക്കാൻ തീരുമാനിച്ചത്. 

ദില്ലി: പലിശ നിരക്ക് കുറച്ചില്ലെങ്കിലും ബാങ്കുകളുടെ കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) കുറച്ച് റിസർവ്ബാങ്ക്. ഘട്ടംഘട്ടമായി 50 ബേസിസ് പോയിൻ്റ് കുറയ്ക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഡിസംബർ 14, 28 തീയതികളിൽ ആയിരിക്കും ഇവ പ്രാണാല്യത്തിൽ വരിക. ഇതോടെ ഏകദേശം 1.16 ലക്ഷം കോടി രൂപ ബാങ്കിംഗ് സംവിധാനത്തിലേക്ക് എത്തുമെന്നാണ് ആർബിഐയുടെ പ്രതീക്ഷ. പണലഭ്യത പരിമിതികൾ ലഘൂകരിക്കുകയും വായ്പാ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യും. 

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് രണ്ടാം പാദത്തില്‍ 5.4 ശതമാനമായി കുറഞ്ഞതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചത്. ഏഴ് പാദങ്ങളിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പ വര്‍ദ്ധന, വിനിമയ നിരക്കിലെ സമ്മര്‍ദ്ദം എന്നിവയ്ക്കിടയില്‍ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് സിആര്‍ആര്‍ കുറയ്ക്കാൻ തീരുമാനിച്ചത്. 

എന്താണ് കരുതല്‍ ധനാനുപാതം

എല്ലാ ബാങ്കുകളും അവരുടെ മൊത്തം നിക്ഷേപത്തിന്‍റെ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട വിഹിതമാണ് ക്യാഷ് റിസര്‍വ് റേഷ്യോ അഥവാ കരുതല്‍ ധനാനുപാതം . ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പുവരുത്താനും സാമ്പത്തിക സ്ഥിരത നിലനിര്‍ത്താനുമാണ് ഒരു വിഹിതം ആര്‍ബിഐയില്‍ സൂക്ഷിക്കുന്നത്. സമ്പദ് വ്യവസ്ഥയിൽ അധിക പണമുണ്ടെങ്കില്‍, സിആര്‍ആര്‍ വര്‍ദ്ധിപ്പിച്ച് പണചംക്രമണം നിയന്ത്രിക്കപ്പെടും. അതേസമയം, പണത്തിന് ക്ഷാമം ഉണ്ടാകുമ്പോള്‍, സിആര്‍ആര്‍ കുറയ്ക്കുന്നതിനാല്‍ കൂടുതല്‍ പണം ബാങ്കുകളില്‍ എത്തുകയും വായ്പ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തവണ സിആര്‍ആര്‍ കുറച്ചാല്‍ ബാങ്കുകളിലേക്ക് കൂടുതല്‍ പണം എത്തുകയും അത് വഴി കൂടുതല്‍ വായ്പ നല്‍കാനുള്ള അവസരമൊരുങ്ങുകയും ചെയ്യും.