ദില്ലി: വായ്‌പ വാങ്ങിയവരിൽ നിന്ന് ആവശ്യമായ രേഖകൾ വാങ്ങണമെന്ന സുപ്രീം കോടതി നിർദ്ദേശം ലംഘിച്ചതിന് സിറ്റി ബാങ്കിന് കനത്ത പിഴ. നാല് കോടി രൂപയാണ് റിസർവ് ബാങ്കിൽ പിഴയായി അടയ്ക്കേണ്ടത്. വായ്പ വാങ്ങിയ ഉപഭോക്താക്കളുടെ ക്രെഡിറ്റ് ഫെസിലിറ്റിയുമായി ബന്ധപ്പെട്ട രേഖകൾ മറ്റ് ബാങ്കുകളിൽ നിന്ന് ശേഖരിക്കാതിരുന്നതാണ് കാരണം.

ഇന്നലെ ബാങ്ക് ഓഫ് ഇന്ത്യക്ക് അഞ്ച് കോടി രൂപയും കർണ്ണാടക ബാങ്കിന് 1.2 കോടി രൂപയും റിസർവ് ബാങ്ക് പിഴ ചുമത്തിയിരുന്നു. ഇതിന് പുറമെ സരസ്വത് സഹകരണ ബാങ്കിന് 30 ലക്ഷം രൂപയും പിഴയായി ചുമത്തിയിരുന്നു.

സിറ്റി ബാങ്കിന് പുറമെ മൂന്ന് സഹകരണ ബാങ്കുകൾക്കും കൂടി പിഴ ചുമത്തിയിട്ടുണ്ട്. നഗർ അർബൻ സഹകരണ ബാങ്കിന് 40 ലക്ഷം രൂപയാണ് പിഴ. ടിജെഎസ്‌ബി സഹകാരി ബാങ്കിന് 45 ലക്ഷം രൂപയും മുംബൈയിലെ ഭാരത് സഹകരണ ബാങ്കിന് 60 ലക്ഷം രൂപയുമാണ് പിഴയായി ചുമത്തിയത്. വായ്പാ തട്ടിപ്പ് തടയുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ കർശന നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് നടപടി.