50,000 രൂപയിൽ കൂടുതൽ പിൻവലിക്കരുത്; അഹമ്മദാബാദിലെ ഈ സഹകരണ ബാങ്കിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആർബിഐ
പണം പിൻവലിക്കുന്നതടക്കം നിരവധി നിയന്ത്രണങ്ങളുമായി ആർബിഐ. നിയന്ത്രണങ്ങളുടെ അർഥം തെറ്റായി വ്യാഖ്യാനിക്കരുത്. ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതല്ല

ദില്ലി: അഹമ്മദാബാദ് ആസ്ഥാനമായുള്ള കളർ മർച്ചന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സഹകരണ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്ന് ഉപഭോക്താക്കൾക്ക് പണം പിൻവലിക്കുന്നതിനടക്കം സെൻട്രൽ ബാങ്ക് നിയന്ത്രണങ്ങൾ വെച്ചിട്ടുണ്ട്.
ഒരു ഉപഭോക്താവിന് 50,000 രൂപയിൽ കൂടുതൽ പിൻവലിക്കാൻ കഴിയില്ലെന്ന് തുടങ്ങിയ നിയന്ത്രണങ്ങൾ 2023 സെപ്റ്റംബർ 25 മുതൽ പ്രാബല്യത്തിൽ വന്നതായി സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. ആറ് മാസത്തേക്ക് ഈ നിയന്ത്രണങ്ങൾ തുടരും.
ആർബിഐയുടെ നിർദേശം അനുസരിച്ച്, ഈ സഹകരണ ബാങ്കിന് ആർബിഐയുടെ അനുവാദമില്ലാതെ ഗ്രാന്റ് നൽകാനോ വായ്പ പുതുക്കാനോ നിക്ഷേപം നടത്താനോ ബാധ്യത വരുത്താനോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ കഴിയില്ല. അതേസമയം സേവിങ്സ് അക്കൗണ്ടുകളിൽ നിന്നോ കറന്റ് അക്കൗണ്ടുകളിൽ നിന്നോ മാറ്റ് ഏതെങ്കിലും അക്കൗണ്ടുകളിൽ നിന്നോ നിക്ഷേപകന് 50000 രൂപയിൽ കൂടുതൽ പിൻവലിക്കാൻ സാധിക്കില്ല.
യോഗ്യരായ നിക്ഷേപകർക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷനിൽ (ഡിഐസിജിസി) നിന്ന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളുടെ ഇൻഷുറൻസ് ക്ലെയിം തുകകൾ സ്വീകരിക്കാൻ അർഹതയുണ്ടെന്നും ആർബിഐ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് നിക്ഷേപകർക്ക് അവരുടെ ബാങ്ക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം,
ALSO READ: ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം; ചെലവ് 914 കോടി, വധു ധരിച്ചത് 4.1 കോടിയുടെ വസ്ത്രം
ഈ നിയന്ത്രണങ്ങളുടെ അർഥം തെറ്റായി വ്യാഖ്യാനിക്കരുതെന്നും ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതല്ലെന്നും ആർബിഐ പറഞ്ഞു. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങളോടെ ബാങ്കിംഗ് ബിസിനസ്സ് ഏറ്റെടുക്കുന്നത് തുടരും സാഹചര്യങ്ങൾക്കനുസരിച്ച് നിർദ്ദേശങ്ങളിൽ മാറ്റം വരുത്തുന്നത് പരിഗണിക്കാമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം