ചെക്ക് ക്ലിയർ ചെയ്യുന്നതിന് കാലതാമസം നേരിടുന്നതായി ഉപഭോക്താക്കളിൽ നിന്ന് നിരവധി പരാതികൾ ലഭിക്കുന്നതായി റിസർവ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

ചെക്ക് ക്ലിയറൻസിനായി രണ്ട് ദിവസത്തോളം കാത്തിരിക്കേണ്ട അവസ്ഥ അവസാനിക്കുന്നു. ചെക്ക് ക്ലിയറൻസ് നടപടികൾ മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കാൻ റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി ബാങ്കുകളോട് നിർദ്ദേശിച്ചു. എംപിസിയുടെ ദ്വൈമാസ പണനയ അവലോകന യോഗ തീരുമാനം പ്രഖ്യാപിക്കവെ ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചെക്ക് സ്കാൻ ചെയ്ത് ക്ലിയർ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവൃത്തിസമയങ്ങളിൽ ചെക്ക് ക്ലിയറൻസ് തുടർച്ചയായി നടത്തണം. നിലവിൽ ചെക്ക് ട്രങ്കേഷൻ സിസ്റ്റം (സിടിഎസ്) രണ്ട് പ്രവൃത്തി ദിവസങ്ങൾ വരെ എടുത്താണ് പൂർത്തിയാക്കുന്നത്. ഇതു സംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങൾ ആർബിഐ ഉടൻ പുറത്തിറക്കും. ബാങ്ക് മുഖേന ചെക്ക് പ്രോസസ്സ് ചെയ്യുന്നതിനു പകരം ഇലക്ട്രോണിക് രീതിയിൽ ചെക്കുകൾ ക്ലിയർ ചെയ്യുന്ന ഒരു പ്രക്രിയയാണ് ചെക്ക് ട്രങ്കേഷൻ സിസ്റ്റം. വേഗത്തിലുള്ള ചെക്ക് ക്ലിയറൻസിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2021ലാണ് ഇത് നടപ്പാക്കി തുടങ്ങിയത്.

തീരുമാനം പ്രാബല്യത്തിലാകുന്നതോടെ ചെക്ക് ക്ലിയറിംഗിന്‍റെ കാര്യക്ഷമത കൂട്ടുന്നതിനും ഇടപാടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും സാധിക്കും. നിലവില്‍ ബാച്ചുകളായാണ് ചെക്ക് ക്ലിയറന്‍സിന് പോകുന്നത്. ഇതാണ് കാലതാമസം വരാന്‍ കാരണം. ഡെപ്പോസിറ്റ് ചെക്കുകള്‍ ബാങ്കുകള്‍ നിലവില്‍ നിശ്ചിത ഇടവേളകളില്‍ ശേഖരിച്ച് ബാച്ചുകളായോ ഗ്രൂപ്പുകളായോ തിരിക്കും. ഇതോടെ ചെക്കുകളുടെ സെറ്റില്‍മെന്‍റ് രണ്ട് ദിവസം വരെ വൈകുന്നുണ്ട്. കാലതാമസം ഇടപാടുകളുടെ റിസ്ക് വര്‍ധിപ്പിക്കുന്നതിനും ഇടയാക്കുന്നുണ്ട്.

റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച പുതിയ സംവിധാനം നിലവില്‍ വരുമ്പോള്‍ ചെക്കുകള്‍ വേഗത്തില്‍ സ്കാന്‍ ചെയ്ത് ക്ലിയര്‍ ചെയ്യും. ചെക്ക് ക്ലിയർ ചെയ്യുന്നതിന് കാലതാമസം നേരിടുന്നതായി ഉപഭോക്താക്കളിൽ നിന്ന് നിരവധി പരാതികൾ ലഭിക്കുന്നതായി റിസർവ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.