Asianet News MalayalamAsianet News Malayalam

യുപിഐ ഇടപാട് പരിധിയിൽ മാറ്റം; എത്ര രൂപ വരെ അയക്കാമെന്ന് വ്യക്തമാക്കി ആർബിഐ


പുതിയ യുപിഐ ഇടപാട് പരിധികൾ പ്രഖ്യാപിച്ച് ആർബിഐ. ദ്വൈമാസ പണനയ സമിതി യോഗത്തിലാണ് ഇടപാട് പരിധി ഉയർത്താൻ തീരുമാനമായത്

RBI raises UPI transaction limit for hospitals, educational institutions to 5 lakh
Author
First Published Dec 8, 2023, 12:45 PM IST

മുംബൈ: പുതിയ യുപിഐ ഇടപാട് പരിധികൾ പ്രഖ്യാപിച്ച് ആർബിഐ. ചില പ്രത്യേക കാറ്റഗറിയിൽ ഉൾപ്പെടുന്ന സേവനങ്ങളുടെ യുപിഐ ഇടപാട് പരിധിയാണ് ആർബിഐ ഉയർത്തിയിരിക്കുന്നത്. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള യുപിഐ പേയ്‌മെന്റ് പരിധി ഇപ്പോൾ ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തുമെന്ന് ആർബിഐ പ്രഖ്യാപിച്ചു.

ആർബിഐയുടെ മൂന്ന് ദിവസത്തെ ദ്വൈമാസ പണനയ സമിതി യോഗത്തിലാണ് ഇടപാട് പരിധി ഉയർത്താൻ തീരുമാനമായത്. ആവർത്തിച്ചുള്ള പേയ്‌മെന്റുകൾക്കുള്ള ഇ-മാൻഡേറ്റുകളുടെ പരിധി ഒരു ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ആവർത്തിച്ചുള്ള പേയ്‌മെന്റുകൾ നടത്തുന്നതിന് ആർബിഐ ഇ-മാൻഡേറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അധിക ഫാക്ടർ ഓതന്റിക്കേഷൻ ആവശ്യമുള്ള നിലവിലെ പരിധി 15,000 രൂപയാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ് തിരിച്ചടവ് എന്നിവയ്ക്കായി ഈ പരിധി ഇപ്പോൾ ഒരു ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.

വിവിധ വിഭാഗങ്ങളിലുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകളുടെ പരിധി കാലാകാലങ്ങളിൽ അവലോകനം ചെയ്തിട്ടുണ്ടെന്ന് ഡിസംബർ ദ്വൈമാസ പണനയം യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 

അതേസമയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ  മോണിറ്ററി പോളിസി കമ്മിറ്റി തുടർച്ചയായ അഞ്ചാം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തിയിട്ടുണ്ട്. പണപ്പെരുപ്പം കുറയുന്നതാണ് നയപരമായ നിലപാട് തൽസ്ഥിതി നിലനിർത്തുന്നതിന് കാരണമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 

ആർബിഐയുടെ മൂന്ന് ദിവസത്തെ ദ്വൈമാസ പണനയ സമിതി യോഗം ബുധനാഴ്ച ആരംഭിച്ചു. ആർബിഐ സാധാരണയായി ഒരു സാമ്പത്തിക വർഷത്തിൽ ആറ് ദ്വൈമാസ പണനയ സമിതി യോഗം നടത്തുന്നു

 

 

Latest Videos
Follow Us:
Download App:
  • android
  • ios