വിദേശത്ത് സൂക്ഷിച്ചിരുന്ന ഏകദേശം 64 ടണ്‍ സ്വര്‍ണ്ണം രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നതായാണ് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ആര്‍.ബി.ഐ.യുടെ മൊത്തം സ്വര്‍ണ്ണ ശേഖരം 880.8 ടണ്‍ ആണ്.

ഗോളതലത്തില്‍ സംഘര്‍ഷങ്ങളും സാമ്പത്തികപരമായ സമ്മര്‍ദ്ദങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ്ണ ശേഖരം കൂടുതല്‍ സുരക്ഷിതമാക്കാന്‍ റിസര്‍വ് ബാങ്ക് . ഇതിന്റെ ഭാഗമായി കഴിഞ്ഞ ആറ് മാസത്തിനിടെ (മാര്‍ച്ച് 2025 മുതല്‍ സെപ്റ്റംബര്‍ 2025 വരെ) വിദേശത്ത് സൂക്ഷിച്ചിരുന്ന ഏകദേശം 64 ടണ്‍ സ്വര്‍ണ്ണം രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നതായാണ് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ആര്‍.ബി.ഐ.യുടെ മൊത്തം സ്വര്‍ണ്ണ ശേഖരം 880.8 ടണ്‍ ആണ്. ഇതില്‍ 575.8 ടണ്‍ സ്വര്‍ണ്ണം നിലവില്‍ ഇന്ത്യയിലാണ് സൂക്ഷിച്ചിരിക്കുന്നത്. 290.3 ടണ്‍ സ്വര്‍ണ്ണം ഇപ്പോഴും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സിന്റെയും പക്കലാണ് സൂക്ഷിച്ചിരിക്കുന്നത്. കൂടാതെ, ഏകദേശം 14 ടണ്‍ സ്വര്‍ണ്ണം സ്വര്‍ണ്ണ നിക്ഷേപങ്ങളുടെ ഭാഗമായാണ് സൂക്ഷിച്ചിരിക്കുന്നത്. മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം 879 ടണ്‍ സ്വര്‍ണ്ണമുണ്ടായിരുന്നതില്‍ 512 ടണ്‍ മാത്രമാണ് അന്ന് രാജ്യത്ത് സൂക്ഷിച്ചിരുന്നത്.

റഷ്യന്‍ അനുഭവം നല്‍കിയ പാഠം

2023 മാര്‍ച്ച് മുതല്‍ ഇതുവരെ ആര്‍.ബി.ഐ. 274 ടണ്‍ സ്വര്‍ണ്ണമാണ് രാജ്യത്തെ നിലവറകളിലേക്ക് മാറ്റിയത്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം, അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ മാറ്റം തുടങ്ങിയ സംഭവങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണ്ണം തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയത്. ജി-7 രാജ്യങ്ങള്‍ റഷ്യയുടെ വിദേശനാണ്യ കരുതല്‍ ധനം മരവിപ്പിച്ചതും, അന്താരാഷ്ട്ര നിയമങ്ങളെ അവഗണിച്ചതും ലോകരാജ്യങ്ങള്‍ക്ക് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍, കരുതല്‍ ധനം സ്വന്തം രാജ്യത്ത് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വര്‍ധിച്ചതായി സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ധന കാരണം, ആര്‍.ബി.ഐ.യുടെ മൊത്തം കരുതല്‍ ധനത്തിലെ സ്വര്‍ണ്ണത്തിന്റെ പങ്ക് 13.9% ആയി ഉയര്‍ന്നിട്ടുണ്ട്. 2025 സെപ്റ്റംബര്‍ അവസാനത്തെ കണക്കനുസരിച്ച് ഏകദേശം 579.18 ബില്യണ്‍ ഡോളര്‍ വരുന്ന വിദേശനാണ്യ ആസ്തികളില്‍ ഭൂരിഭാഗവും സുരക്ഷിതമായ നിക്ഷേപങ്ങളായാണ് നിലനിര്‍ത്തുന്നത്.