ദക്ഷിണ കൊറിയയില്‍ നിന്നുള്ള കാറുകള്‍ക്കും വാഹന ഘടങ്ങള്‍ക്കുമുള്ള അമേരിക്കയുടെ ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കും. ഈ മാറ്റം കൊറിയന്‍ വാഹന വ്യവസായത്തിന് വലിയ ആശ്വാസമാകും.
അമേരിക്കയുമായി ഉണ്ടാക്കിയ പുതിയ വ്യാപാരക്കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ദക്ഷിണ കൊറിയ. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇരു രാജ്യങ്ങളും കരാറില്‍ എത്തിയതായി അറിയിച്ചതിന് തൊട്ടുപിന്നാലെ, ദക്ഷിണ കൊറിയയുടെ മുഖ്യ നയതന്ത്ര ഉപദേഷ്ടാവ് കിം യോങ്-ബോം ആണ് വിവരങ്ങള്‍ പ്രഖ്യാപിച്ചത്. എങ്കിലും, ഈ വിശദാംശങ്ങള്‍ അമേരിക്ക ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കരാറിൽ എന്തൊക്കെ?
ദക്ഷിണ കൊറിയയില്‍ നിന്നുള്ള കാറുകള്‍ക്കും വാഹന ഘടങ്ങള്‍ക്കുമുള്ള അമേരിക്കയുടെ ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കും. ഇത്, യു.എസുമായി നേരത്തെ കരാറുണ്ടാക്കിയ ജപ്പാന്‍ അടക്കമുള്ള മറ്റ് രാജ്യങ്ങള്‍ക്ക് തുല്യമായ തീരുവയാണ്. ഈ മാറ്റം കൊറിയന്‍ വാഹന വ്യവസായത്തിന് വലിയ ആശ്വാസമാകും.35,000 കോടി ഡോളറിന്റെ സംയുക്ത നിക്ഷേപം ഇരുരാജ്യങ്ങളും നടത്തും. ഇതില്‍ 15000 കോടി ഡോളര്‍ കപ്പല്‍ നിര്‍മ്മാണ സഹകരണത്തിനായിരിക്കും. ഇതില്‍ കൊറിയന്‍ കമ്പനികളുടെ നിക്ഷേപങ്ങളും ഗ്യാരന്റികളും ഉള്‍പ്പെടും. ഇത് കൊറിയന്‍ കമ്പനികള്‍ക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ നേടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി.
ആദ്യ ഘട്ട നിക്ഷേപം പൂര്‍ണ്ണമായി തിരികെ ലഭിക്കുന്നതിന് മുന്‍പ്, പദ്ധതികളില്‍ നിന്നുള്ള ലാഭം ഇരു രാജ്യങ്ങളും 50/50 എന്ന അനുപാതത്തില്‍ പങ്കിടും. വാണിജ്യപരമായി ലാഭകരമായ പദ്ധതികളില്‍ മാത്രമേ നിക്ഷേപം നടത്തൂ എന്നും കിം യോങ്-ബോം അറിയിച്ചു. ദക്ഷിണ കൊറിയ തങ്ങളുടെ വിദേശ ആസ്തികളില്‍ നിന്നുള്ള പലിശയും ലാഭവിഹിതവും പോലുള്ള വരുമാനം ഇതിനായി ഉപയോഗിക്കും. ദക്ഷിണ കൊറിയക്ക് ഇതിനായി രാജ്യത്തിനകത്ത് സര്‍ക്കാര്‍ പിന്തുണയുള്ള ബോണ്ടുകള്‍ വഴി പണം കണ്ടെത്തേണ്ടി വരില്ല. എക്‌സ്‌പോര്‍ട്ട് ആന്‍ഡ് ഇംപോര്‍ട്ട് ബാങ്ക് ഓഫ് കൊറിയ പോലുള്ള സ്ഥാപനങ്ങള്‍ ചെയ്യുന്നതുപോലെ, രാജ്യത്തിന് പുറത്തുള്ള വിപണികളില്‍ നിന്ന് ഫണ്ട് സ്വരൂപിക്കാനാണ് സാധ്യത. ഈ കരാറിന്റെ ഘടന സെപ്റ്റംബറില്‍ ജപ്പാന്‍ അമേരിക്കയുമായി ഉണ്ടാക്കിയ കരാറിന് സമാനമാണ്.


