ദില്ലി: ആര്‍സിഇപി കരാറില്‍ ഒപ്പിടേണ്ടെന്ന പ്രധാനമന്ത്രിയുടെ തീരുമാനത്തിന് നന്ദി അറിയിച്ച് പ്രമുഖ ഡയറി ബ്രാന്‍ഡായ അമൂല്‍. രാജ്യത്തെ ക്ഷീര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 10 കോടി കുടുംബങ്ങള്‍ക്ക് സഹായകരമായ തീരുമാനമെടുത്തതിനാണ് അമൂല്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചത്.  

“അവരുടെ ഉപജീവനമാർഗത്തെ പിന്തുണയ്ക്കുകയെന്ന നിങ്ങളുടെ കാഴ്ചപ്പാട് അവരുടെ വരുമാനം ഇരട്ടിയാക്കാനും ഇന്ത്യയെ കൂടുതൽ ശക്തമാക്കാനും സഹായിക്കും”, അമൂല്‍ ട്വിറ്ററില്‍ കുറിച്ചു. 

തായ്‍ലന്‍ഡിലെ ബാങ്കോക്കില്‍ തിങ്കളാഴ്ച നടന്ന അവസാന ഘട്ട ചര്‍ച്ചകള്‍ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യ ഉയര്‍ത്തിയ സുപ്രധാന വിഷയങ്ങളും ആശങ്കകളും പരിഗണിക്കുന്നതില്‍ മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനാല്‍ പിന്‍മാറുകയാണെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യ ഒഴികെയുളള ബാക്കി 15 രാജ്യങ്ങള്‍ ചേര്‍ന്ന് കരാറുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.