Asianet News MalayalamAsianet News Malayalam

'കേന്ദ്ര കടുംപിടുത്തം ബാധിച്ചു'; സാമ്പത്തിക പ്രതിസന്ധി, കാരണങ്ങൾ എണ്ണിപ്പറഞ്ഞ് മോദിക്ക് മുന്നിലേക്ക് കേരളം

സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക ബാധ്യത ഘടനയിൽ കഴിഞ്ഞ 25 വർഷത്തിനിടയിൽ ഉണ്ടായത് വലിയ മാറ്റങ്ങളാണ്. സംസ്ഥാനങ്ങളുടെ ബാധ്യതകളിൽ കേന്ദ്രത്തിൽ നിന്നുള്ള വായ്പകളുടേയും അഡ്വാൻസുകളുടേയും പങ്ക് 2005ൽ ശരാശരി 15.8 ശതമാനമായിരുന്നത് 2020 ആയപ്പോൾ മൂന്ന് ശതമാനമായി കുറഞ്ഞു

reasons for economic crisis kerala letter to pm modi about central government policies
Author
First Published Jan 8, 2023, 1:25 AM IST

തിരുവനന്തപുരം: കടമെടുപ്പ് പരിധിയിൽ കേന്ദ്ര സര്‍ക്കാരിന്റെ കടുംപിടുത്തം ബജറ്റിൽ പ്രഖ്യാപിച്ച വികസന പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്ന് കേരളം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കേന്ദ്ര നയങ്ങൾ എണ്ണിപ്പറഞ്ഞാണ് പ്രധാനമന്ത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ നിവേദനം തയ്യാറാക്കിയിട്ടുള്ളത്. സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്ര നയങ്ങളെന്ന ആരോപണം കടുപ്പിച്ച് തിരുത്തലാവശ്യപ്പെട്ടാണ് കേരളം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നത്.

സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക ബാധ്യത ഘടനയിൽ കഴിഞ്ഞ 25 വർഷത്തിനിടയിൽ ഉണ്ടായത് വലിയ മാറ്റങ്ങളാണ്. സംസ്ഥാനങ്ങളുടെ ബാധ്യതകളിൽ കേന്ദ്രത്തിൽ നിന്നുള്ള വായ്പകളുടേയും അഡ്വാൻസുകളുടേയും പങ്ക് 2005ൽ ശരാശരി 15.8 ശതമാനമായിരുന്നത് 2020 ആയപ്പോൾ മൂന്ന് ശതമാനമായി കുറഞ്ഞു. കേരളത്തിൻ്റെ കാര്യത്തിൽ അത് 12.4 ശതമാനത്തിൽ നിന്നും 3.3 ശതമാനമായാണ് ഇ‌ടിഞ്ഞത്.

സംസ്ഥാന സർക്കാരിന്റെ പൊതു കണക്കിനത്തിൽ സൂക്ഷിക്കുന്ന നീക്കിയിരിപ്പുകൾക്കൊപ്പം സംസ്ഥാന ബജറ്റിൽ നിന്ന് പിന്തുണ ലഭിക്കുന്ന സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ എടുക്കുന്ന കടമെടുപ്പുകളെയും സംസ്ഥാനത്തിന്റെ കടമായി പരിഗണിച്ച് തുടങ്ങിയത് 2017 മുതലാണ്. ഇതനുസരിച്ച്  കിഫ്ബി മുതൽ സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ സര്‍ക്കാര്‍ ഗ്യാരണ്ടിയിൽ എടുക്കുന്ന വായ്പകൾ വരെ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയിൽ വരും.

എന്നാൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഇത് ബാധകമല്ലെന്നും സംസ്ഥാനം നിവേദനത്തിൽ ചൂണ്ടിക്കാട്ടും. കടമെടുപ്പ് പരിധി 2017 ന് മുൻപുള്ള സ്ഥിതിയിലാക്കണമെന്ന ആവശ്യമാണ് കേരളം പ്രധാനമന്ത്രിക്ക് മുന്നിലെത്തിക്കുന്നത്. നേരത്തെ, കേരളത്തിൽ കടം മൂലം വലിയ ബാധ്യത ഉണ്ടെന്ന് പ്രചരിപ്പിക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു.

മറ്റെല്ലാ സംസ്ഥാനങ്ങളിലും ഉള്ള കടം മാത്രമേ കേരളത്തിനുമുള്ളൂ. വലിയ കടം എന്ന പേരിൽ നിരന്തരം പ്രചാരണം നടത്തുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു. 1970ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം ഇന്ത്യൻ ശരാശരിയുടെ പകുതി ആയിരുന്നു. ഇന്ന് ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിന്റെ പ്രതിശീർഷ വരുമാനമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. 

കൽക്കരി കുംഭകോണം: അദാനി എന്റർപ്രൈസസിന്റെ പങ്ക് അന്വേഷിക്കാൻ സിബിഐയോട് ഉത്തരവിട്ട് കോടതി

Follow Us:
Download App:
  • android
  • ios