കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് നടന്ന 4.25 ലക്ഷം കോടി രൂപയുടെ വില്‍പ്പനയേക്കാള്‍ 25 ശതമാനം വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
രാജ്യത്തിന്റെ വാണിജ്യ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് ഈ വര്‍ഷത്തെ ദീപാവലി വില്‍പ്പന. 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് വ്യാപാരമാണ് രാജ്യത്തുടനീളം നടന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതില്‍ 5.40 ലക്ഷം കോടി രൂപയുടെ ചരക്ക് വില്‍പ്പനയും 65,000 കോടി രൂപയുടെ സേവന മേഖലയിലെ വരുമാനവും ഉള്‍പ്പെടുന്നു. രാജ്യത്തെ 60 പ്രധാന വില്‍പന കേന്ദ്രങ്ങളിലും, സംസ്ഥാന തലസ്ഥാനങ്ങളിലും, ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലുമായി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ 'ദീപാവലി ഫെസ്റ്റിവല്‍ സെയില്‍സ് 2025 റിപ്പോര്‍ട്ട്' തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് നടന്ന 4.25 ലക്ഷം കോടി രൂപയുടെ വില്‍പ്പനയേക്കാള്‍ 25 ശതമാനം വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
കണക്കുകള്‍ പ്രകാരം, മൊത്തം വില്‍പ്പനയുടെ 12 ശതമാനം പലചരക്ക്, എഫ്.എം.സി.ജി ഉല്‍പ്പന്നങ്ങളായിരുന്നു. സ്വര്‍ണ്ണം, ആഭരണങ്ങള്‍ (10%), ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍സ് (8%), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, റെഡിമെയ്ഡ് ഗാര്‍മെന്റ്സ്, സമ്മാനങ്ങള്‍ എന്നിവ 7 ശതമാനം വീതവും വില്‍പന നേട്ടം കൈവരിച്ചു. വീടുകളിലെ അലങ്കാര വസ്തുക്കള്‍ , ഫര്‍ണിഷിംഗ് എന്നിവ ചേര്‍ന്ന് 10 ശതമാനവും, പലഹാരങ്ങള്‍, വസ്ത്രങ്ങള്‍, പൂജാ സാധനങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, പാദരക്ഷകള്‍ എന്നിവയും വില്‍പ്പനയില്‍ നിര്‍ണായക പങ്ക് വഹിച്ചു. ചില്ലറ വ്യാപാരത്തിന് പുറമെ പാക്കേജിംഗ്, ഹോസ്പിറ്റാലിറ്റി, ടാക്‌സി സര്‍വീസുകള്‍, ഇവന്റ് മാനേജ്മെന്റ് തുടങ്ങിയ സേവന മേഖലകള്‍ മൊത്തമായി ഏകദേശം 65,000 കോടി രൂപയുടെ വരുമാനം നേടി.
'സ്വദേശി ദീപാവലി'ക്ക് ഗംഭീര സ്വീകരണം
ജിഎസ്ടി പരിഷ്‌കരണവും സ്വദേശി ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കാനുള്ള ഉപഭോക്താക്കളുടെ തീരുമാനവുമാണ് വില്‍പ്പനയിലെ ഈ വന്‍ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് വിദഗ്ധര്‍ പറയുന്നു. 87 ശതമാനം ഉപഭോക്താക്കളും ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങളെക്കാള്‍ ഇന്ത്യന്‍ നിര്‍മ്മിത സാധനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. ഇതോടെ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ആവശ്യം കുത്തനെ കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ 25 ശതമാനം വര്‍ധനവുണ്ടായതായും വ്യാപാരികള്‍ പറയുന്നു. ഈ ദീപാവലി വ്യാപാരം, ചരക്ക് കടത്ത്, പാക്കേജിംഗ്, ഗതാഗതം, ചില്ലറ സേവനങ്ങള്‍ എന്നിവയില്‍ 50 ലക്ഷം താത്കാലിക തൊഴിലവസരങ്ങളും സൃഷ്ടിച്ചു.


