ഇന്നത്തെ ലഘുഭക്ഷണ വിപണിയില്‍, ഉല്‍പ്പന്നത്തിന്റെ രുചി പോലെ തന്നെ അതിന്റെ രൂപവും പ്രധാനമാണ്. 'ഇന്‍സ്റ്റാഗ്രാമിന്റെ' കാലത്ത്, ഉല്‍പ്പന്നം എങ്ങനെയിരിക്കുന്നു എന്നത് വില്‍പ്പനയെ കാര്യമായി സ്വാധീനിക്കുന്നു.

റെയില്‍വേ സ്റ്റേഷനിലെ ഭുജിയ മുതല്‍, അത്യാധുനിക പായ്ക്കറ്റുകളിലെ 'പെരി-പെരി മഖാന' വരെ... ഈ ദീപാവലിക്ക് വിപണി കീഴടക്കാന്‍ വമ്പന്മാരും പുതുതലമുറ സ്റ്റാര്‍ട്ടപ്പുകളും രംഗത്തെത്തിയതോടെ ഇന്ത്യയുടെ ലഘുഭക്ഷണ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടത്തിന് ആണ് വേദിയാകുന്നത്.. 2024-ലെ കണക്കനുസരിച്ച് 46,571 കോടി രൂപ മൂല്യമുള്ള ഈ വിപണി 2033-ഓടെ ഒരു ലക്ഷം കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷ.

പാരമ്പര്യവും പുതുമയും തമ്മിലുള്ള ഏറ്റുമുട്ടല്‍

പതിറ്റാണ്ടുകളായി ഇന്ത്യന്‍ കുടുംബങ്ങളിൽ വിശ്വാസം നേടിയെടുത്ത ഹല്‍ദിറാംസ്, ബാലാജി വേഫേഴ്‌സ്, ബിക്കാജി പോലുള്ള അതികായന്മാര്‍ ഒരു വശത്ത്. മറുവശത്ത്, 'ഹെല്‍ത്തി', 'ക്ലീന്‍ ലേബല്‍' ലഘുഭക്ഷണങ്ങളുമായി വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ എത്തിയ ഫാംലി, ടാഗ്സ്, ബോണ്‍വി പോലുള്ള സ്റ്റാര്‍ട്ടപ്പുകള്‍.

ഇന്ത്യന്‍ ലഘുഭക്ഷണ വിപണിയുടെ 13% കൈയാളുന്ന ഹല്‍ദിറാംസ് ആണ് ഇപ്പോഴും ഈ രംഗത്തെ രാജാവ്. വിശ്വാസം, കുറഞ്ഞ വില, രാജ്യത്തുടനീളമുള്ള വിതരണ ശൃംഖല എന്നിവയിലാണ് ഹല്‍ദിറാംസിനെപ്പോലുള്ള പഴയ ബ്രാന്‍ഡുകള്‍ തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുത്തത്. 5 രൂപയുടെയും 10 രൂപയുടെയും പായ്ക്കറ്റുകളിലൂടെ ഇവര്‍ ഓരോ ഗ്രാമത്തിലെ കടകളിലും സ്‌കൂള്‍ കാന്റീനുകളിലും എത്തി. എന്നാല്‍, ഇന്ന് സ്ഥിതി മാറി. ഐ.ഐ.ടി. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ആകാശ് ശര്‍മ്മയും അഭിഷേക് അഗര്‍വാളും 2017-ല്‍ സ്ഥാപിച്ച ഫാംലി പോലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷ്യമിടുന്നത് 'പ്രീമിയം, ഹെല്‍ത്തി' വിഭാഗത്തെയാണ്. രാസവസ്തുക്കള്‍ ചേര്‍ക്കാത്ത, '100% ക്ലീന്‍' ആയ ലഘുഭക്ഷണങ്ങള്‍ നല്‍കി ആരോഗ്യവും രുചിയും ഒരുമിപ്പിക്കുന്നതിലാണ് തങ്ങളുടെ വിജയമെന്നും അവര്‍ അവകാശപ്പെടുന്നു.

'ഹെല്‍ത്തി എന്നാല്‍ ബോറിംഗ്' എന്ന ചിന്ത മാറുന്നു

മറ്റൊരു സ്റ്റാര്‍ട്ടപ്പായ ബോണ്‍വി സ്‌നാക്‌സിന്റെ ലക്ഷ്യം 'ഹെല്‍ത്തി ഫുഡ്, ബോറിംഗ് ഫുഡ്' എന്ന മിഥ്യാധാരണ മാറ്റിയെടുക്കുക എന്നതായിരുന്നു. രാസവസ്തുക്കള്‍ ചേര്‍ക്കാത്ത പഴങ്ങളും എയര്‍-ഫ്രൈ ചെയ്ത പച്ചക്കറി ചിപ്സുകളുമാണ് ഇവര്‍ വില്‍ക്കുന്നത്. അതുപോലെ, സൂപ്പര്‍യൂ എന്ന സ്ഥാപനം പ്രോട്ടീന്‍ ചേര്‍ത്ത വേഫറുകളുമായും മള്‍ട്ടിഗ്രെയിന്‍ ചിപ്സുമായും ജെന്‍-സി ഉപഭോക്താക്കളെ ലക്ഷ്യമിടുന്നു.

ആഗോള കമ്പനികളുടെ നോട്ടവും ഇന്ത്യയിലേക്ക്

അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ ജനറല്‍ മില്‍സ് ഗുജറാത്ത് ആസ്ഥാനമായുള്ള ബാലാജി വേഫേഴ്സില്‍ ഓഹരി വാങ്ങാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പെപ്സികോ, ഐടിസി പോലുള്ള ഭീമന്മാരും ഈ രംഗത്ത് കണ്ണുവയ്ക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യക്കാര്‍ ലഘുഭക്ഷണം ഒഴിവാക്കാറില്ലെന്നതാണ് വിപണിയുടെ നേട്ടം. വമ്പിച്ച ഉത്പാദന ശേഷിയും കുറഞ്ഞ പരസ്യച്ചെലവുകളുമാണ് ബാലാജിയെപ്പോലുള്ള പ്രാദേശിക ബ്രാന്‍ഡുകളെ നിക്ഷേപകര്‍ക്ക് പ്രിയങ്കരമാക്കുന്നത്.

പാക്കേജിംഗ് പോലും ഒരു വിപണന തന്ത്രം

ഇന്നത്തെ ലഘുഭക്ഷണ വിപണിയില്‍, ഉല്‍പ്പന്നത്തിന്റെ രുചി പോലെ തന്നെ അതിന്റെ രൂപവും പ്രധാനമാണ്. 'ഇന്‍സ്റ്റാഗ്രാമിന്റെ' കാലത്ത്, ഉല്‍പ്പന്നം എങ്ങനെയിരിക്കുന്നു എന്നത് വില്‍പ്പനയെ കാര്യമായി സ്വാധീനിക്കുന്നു. ഫാംലിയുടെ ആകര്‍ഷകമായ ബോക്‌സുകളും സോഫ് ഫുഡ്സിന്റെ വീണ്ടും അടയ്ക്കാന്‍ കഴിയുന്ന പൗച്ചുകളും ഇതിന് ഉദാഹരണമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ സ്‌റ്റൈലിഷ് ബ്രാന്‍ഡിംഗോടുകൂടിയ പ്രീമിയം മഖാന ബോക്‌സുകളാണ് വില്‍ക്കുന്നത്. ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് പോലുള്ള ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ ഈ ഡിജിറ്റല്‍ ബ്രാന്‍ഡുകള്‍ക്ക് രാജ്യമെമ്പാടും വേഗത്തില്‍ വിപണി നേടാനും സഹായിച്ചു.