ഓര്‍ഡര്‍ ചെയ്ത് 30 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ ഉപഭോക്താവിന്റെ കൈകളില്‍ എത്തിക്കുന്ന വിതരണ രീതിയാണ് ക്വിക്ക് കൊമേഴ്സ്. പ്രധാനപ്പെട്ട 10 നഗരങ്ങളിലാണ് റിലയന്‍സ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്.
പലചരക്ക് സാധനങ്ങള്‍ക്ക് പിന്നാലെ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളിലും 'ക്വിക്ക് കൊമേഴ്സ്' തരംഗമാകുന്നു. റിലയന്‍സ് റീട്ടെയ്ല്‍, ടാറ്റ ഗ്രൂപ്പ് പോലുള്ള വമ്പന്‍മാര്‍ രാജ്യവ്യാപകമായി ഈ രംഗത്തേക്ക് കടന്നതോടെ ഇലക്ട്രോണിക്‌സ് വിപണിയുടെ രീതി മാറുകയാണ്.
എന്താണ് ക്വിക്ക് കൊമേഴ്സ്?
ഓര്‍ഡര്‍ ചെയ്ത് 30 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ ഉപഭോക്താവിന്റെ കൈകളില്‍ എത്തിക്കുന്ന വിതരണ രീതിയാണിത്.
രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ റിലയന്‍സ് റീട്ടെയ്ല്‍ തങ്ങളുടെ ഇലക്ട്രോണിക്‌സ് സ്റ്റോറുകളിലെ 'ഗ്രാബ് ആന്‍ഡ് ഗോ' ഉല്‍പ്പന്നങ്ങള്‍ മുഴുവനും ജിയോമാര്‍ട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ക്വിക്ക് കൊമേഴ്സിന് സജ്ജമാക്കിയിരിക്കുകയാണ്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഹെഡ്‌ഫോണുകള്‍, അടുക്കള ഉപകരണങ്ങള്‍, ഫാനുകള്‍, വാട്ടര്‍ ഹീറ്ററുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. പ്രധാനപ്പെട്ട 10 നഗരങ്ങളിലാണ് റിലയന്‍സ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ടാറ്റ ഗ്രൂപ്പ് അവരുടെ ഇലക്ട്രോണിക് റീട്ടെയ്ല്‍ ശൃംഖലയായ ക്രോമയെ ക്വിക്ക് കൊമേഴ്സ് സംരംഭമായ ബിഗ് ബാസ്‌കറ്റുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ബെംഗളൂരുവിലാണ് തുടക്കമിട്ടതെങ്കിലും ഇത് മറ്റ് നഗരങ്ങളിലേക്ക് ഉടന്‍ വ്യാപിപ്പിക്കും. നേരത്തെ വലിയ ഉപകരണങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഡിമാന്‍ഡ് കുറവായതിനാല്‍ നിലവില്‍ ചെറിയ ഇലക്ട്രോണിക്‌സ് സാധനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ 10 മിനിറ്റിനുള്ളില്‍ ഡെലിവറി ചെയ്യാനും ടാറ്റ ലക്ഷ്യമിടുന്നു.
കണക്കുകള്‍ പ്രകാരം, മൊത്തം വില്‍പ്പനയുടെ 48-50% സ്മാര്‍ട്ട്ഫോണുകളും, 40-42% ലാപ്‌ടോപ്പുകളും ടാബ്ലെറ്റുകളും, 30% ടെലിവിഷനുകളും ഇ-കൊമേഴ്സ് വഴിയാണ് വിറ്റുപോകുന്നത്. ഈ വിഭാഗത്തില്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവരാണ് മുന്നില്‍. സെപ്‌റ്റോ , സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, ബ്ലിങ്കിറ്റ് പോലുള്ള ക്വിക്ക് കൊമേഴ്സ് ഓപ്പറേറ്റര്‍മാരും ഇലക്ട്രോണിക്‌സ് രംഗത്തേക്ക് കടന്നിട്ടുണ്ട്. എന്നാല്‍, എസി പോലുള്ള വലിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അവരുടെ മുന്‍ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല. ഇവരും നിലവില്‍ സ്മാര്‍ട്ട്ഫോണുകള്‍, അടുക്കള ഉപകരണങ്ങള്‍, ഇലക്ട്രിക് കെയര്‍ ഉല്‍പ്പന്നങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


