2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ പലിശ നിരക്കു വർധന ആഗസ്ത് വരെ ഉണ്ടാകില്ല എന്നാണാണ് റോയിട്ടേഴ്‌സ് നടത്തിയ പോൾ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ദില്ലി: പുതിയ സാമ്പത്തിക വർഷത്തിൽ റിപ്പോ നിരക്ക് വർധിപ്പിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കുറഞ്ഞത് നാലു മാസത്തെ എങ്കിലും കാലതാമസം വരുത്തുമെന്ന് റിപ്പോർട്ട്. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ പലിശ നിരക്കു വർധന ആഗസ്ത് വരെ ഉണ്ടാകില്ല എന്നാണാണ് റോയിട്ടേഴ്‌സ് നടത്തിയ പോൾ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഫെബ്രുവരി അവസാനത്തിൽ റിവേഴ്‌സ് റെപ്പോ നിരക്കിൽ വർദ്ധനവ് പ്രതീക്ഷിച്ചിരുന്നെങ്കിലും റിസർവ് ബാങ്ക് റിവേഴ്‌സ് റെപ്പോ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല.
മാർച്ച് 29 മുതൽ ഏപ്രിൽ 5 വരെ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ പ്രതികരിച്ച 50 പേരിൽ ആറുപേരൊഴികെ മറ്റെല്ലാവരും റിപ്പോ നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് അഭിപ്രായപ്പെട്ടു. മൂന്നാം പാദത്തിൽ റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് ഉയർന്ന് 4.25 ശതമാനത്തിലെത്തുമെന്ന് ഇരുപത്തിയഞ്ച് പേർ അഭിപ്രായപ്പെട്ടു. അതേസമയം നിരക്കുകൾ 4.50 ശതമാനമോ അതിൽ കൂടുതലോ ഉയരുമെന്ന് പതിനഞ്ചുപേർ ചൂണ്ടിക്കാട്ടി. റിസർവ് ബാങ്കിന്റെ പണനയം രൂപീകരിക്കുന്നതിനുള്ള യോഗം ആഗസ്ത് മാസത്തിന്റെ ആരംഭത്തിൽ ചേരുമെന്നാണ് റിപോർട്ടുകൾ. അങ്ങനെ വരുമ്പോൾ റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കു വർദ്ധനവ് നാല് മാസത്തിനു ശേഷം ആയിരിക്കും ഉണ്ടാകുക.
2020 മെയ് മാസത്തിന് ശേഷം റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതിന് നയപരമായ പിന്തുണ തുടരേണ്ടതിനാലാണ് നിരക്കുകളിൽ മാറ്റം വരുത്താത്തത് എന്നാണ് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയത്. 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യം 7.8 ശതമാനം വളർച്ച കൈവരിക്കുമെന്നും 4.5 ശതമാനമായിരിക്കും പണപ്പെരുപ്പ നിരക്കെന്നുമാണ് വിലയിരുത്തൽ. 2022 സാമ്പത്തിക വർഷം അവസാന പാദമെത്തുമ്പോൾ റിപ്പോ നിരക്ക് 4.50 ശതമാനമാകുമെന്നും റിവേഴ്‌സ് റിപ്പോ നിരക്കിലും ഇതേ നിലയിൽ വർധനയുണ്ടാകാം എന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇതോടെ ഈ സാമ്പത്തിക വർഷത്തിന്റെ മധ്യത്തോടെ വായ്പാ, നിക്ഷേപ പലിശകൾ വർധിക്കുമെന്നും നിഗമനമുണ്ട്.
