Asianet News MalayalamAsianet News Malayalam

പ്രളയസെസ്: കേന്ദ്ര വിജ്ഞാപനം വൈകുന്നു, കാലതാമസം ബോധപൂര്‍വ്വമെന്ന് കേരള സര്‍ക്കാരിന് പരാതി

ഏതെല്ലാം ഉല്‍പന്നങ്ങളിലാകും സെസ് ചുമത്തുകയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സെസ് ചുമത്തിയാല്‍ ഉല്‍പ്പന്നങ്ങളുടെ എംആര്‍പി പുനര്‍നിശ്ചക്കേണ്ട സാഹചര്യം വന്നേക്കാം

resolution on flood cess getting delayed
Author
Thiruvananthapuram, First Published Jul 18, 2019, 6:50 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നു മുതല്‍ നടപ്പാക്കാനിരിക്കുന്ന പ്രളയ സെസ് സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം വൈകുന്നു. വിജ്ഞാപനം ഇറങ്ങിയില്ലെങ്കില്‍ പ്രളയ സെസ് നടപ്പാക്കുന്നതും നീളും. പ്രളയ സെസ് വഴി പുനര്‍നിര്‍മാണത്തിനായി രണ്ടുവര്‍ഷം കൊണ്ട് ആയിരംകോടി രൂപ സമാഹരിക്കാമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍.

ഓഗസ്റ്റ് ഒന്നു മുതല്‍ പ്രളയസെസ് നടപ്പാക്കുമെന്ന് വ്യക്തമാക്കി ഇക്കഴിഞ്ഞ 29-നാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. പിന്നാലെ നികുതിദായകര്‍ സോഫ്റ്റ്‍വെയറില്‍ മാറ്റം വരുത്തുന്നതടക്കമുളള നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ഏത് രീതിയില്‍ സെസ് ഈടാക്കാമെന്നതു സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം ഇനിയും ഇറങ്ങിയിട്ടില്ല. 

ഉല്‍പ്പന്നങ്ങളുടെ നികുതി ഉള്‍പ്പെടുന്ന വിലയില്‍ സെസ് ചുമത്തിയാല്‍ ജനങ്ങള്‍ക്ക് അധികഭാരമാകുമെന്നതിനാല്‍ അടിസ്ഥാന വിലയില്‍ സെസ് ഈടാക്കാന്‍ അനുവദിക്കണമെന്നതായിരുന്നു സംസ്ഥാനത്തിന്‍റെ ആവശ്യം. ഇക്കാര്യം ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചതാണെങ്കിലും ഇതു സംബന്ധിച്ച വിജ്ഞാപനം ഇറങ്ങേണ്ടതുണ്ട്. വിജ്ഞാപനം കേന്ദ്രം ബോധപൂര്‍വം വൈകിപ്പിക്കുന്നുവെന്ന വിമര്‍ശനം സംസ്ഥാന സര്‍ക്കാരിനുണ്ട്. 

അതേസമയം, ഏതെല്ലാം ഉല്‍പന്നങ്ങളിലാകും സെസ് ചുമത്തുകയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സെസ് ചുമത്തിയാല്‍ ഉല്‍പ്പന്നങ്ങളുടെ എംആര്‍പി പുനര്‍നിശ്ചക്കേണ്ട സാഹചര്യം വന്നേക്കാം. പ്രളയസെസ് വിലക്കയറ്റത്തിന് കാരണമാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇത് യാഥാര്‍ത്ഥ്യമാകുമോയെന്നും കണ്ടറിയണം. ജൂണ്‍ ഒന്ന് മുതല്‍ നടപ്പാക്കാനിരുന്ന പ്രളയ സെസ് വിവിധ കാരണങ്ങളാല്‍ ജൂലൈ ഒന്നിലേക്കും പിന്നീട് ഓഗസ്റ്റ് ഒന്നിലേക്കും നീട്ടുകയായിരുന്നു.

Follow Us:
Download App:
  • android
  • ios