സ്ഥാനമൊഴിഞ്ഞ രാജ്യത്തിന്റെ പതിനാലാമത് രാഷ്ട്രപതിക്ക് ലഭിക്കുന്ന റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഇവയാണ്.
രാജ്യത്തിന്റെ പതിനാലാമത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് (Ram Nath Kovind) കഴിഞ്ഞ ദിവസമാണ് സ്ഥാനമൊഴിഞ്ഞത്. തന്റെ കാലാവധി പൂർത്തിയാക്കി, പുതിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനായി അദ്ദേഹം വഴിമാറി.
ദില്ലിയിൽ 12 ജൻപത്തിലെ വസതിയിലാണ് അദ്ദേഹം ഇനിയുള്ള കാലം ജീവിക്കുക. ലുട്യെൻസ് ബംഗ്ലാവ് എന്നാണ് ഇത് വിളിക്കപ്പെടുന്നത്. കഴിഞ്ഞകാലം രാജ്യത്തെ സേവിച്ചതിന് മാസം രണ്ടര ലക്ഷം വീതം പെൻഷൻ രാംനാഥ് കോവിന്ദിനു ലഭിക്കും.
Read Also: ഉയരുന്ന മാന്ദ്യ ഭീതി; ഈ ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളിൽ മാന്ദ്യത്തിന്റെ അപകടസാധ്യത വർദ്ധിക്കുന്നു
മുൻ രാഷ്ട്രപതിയുടെ ഓഫീസ് ചെലവുകൾക്കായി വർഷം ഒരു ലക്ഷം രൂപയും അദ്ദേഹത്തിന് കിട്ടും. അദ്ദേഹത്തിന് സ്വന്തമായി സെക്രട്ടേറിയൽ സ്റ്റാഫിനെ നിയമിക്കാൻ ആവും. ഒരു പ്രൈവറ്റ് സെക്രട്ടറി, ഒരു അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, ഒരു പേഴ്സണൽ അസിസ്റ്റന്റ്, രണ്ട് പിയൂൺ തസ്തികകളും ആണ് മുൻ രാഷ്ട്രപതിയുടെ ഓഫീസിൽ ഉള്ളത്.
ഇതിനു പുറമേ ആരോഗ്യ സംബന്ധിയായ കാര്യങ്ങളിൽ സൗജന്യ വൈദ്യ പരിശോധനയ്ക്കും ചികിത്സയ്കക്കും മുൻ രാഷ്ട്രപതിക്ക് അവകാശമുണ്ട്. വിമാനത്തിലോ ട്രെയിനിലോ രാജ്യത്ത് എവിടെ പോകുന്നതിനും ഏറ്റവും ഉയർന്ന ക്ലാസ്സിൽ ഒരു സഹായിയെ കൂടെ കൂട്ടി മുൻ രാഷ്ട്രപതിക്ക് യാത്ര ചെയ്യാനാവും.
Read Also: ലേലത്തിന് കൊടിയേറി; 5 ജി സ്പെക്ട്രത്തിനായി കൊമ്പുകോർത്ത് ഭീമന്മാർ
രണ്ട് ടെലിഫോൺ കണക്ഷനുകൾക്ക് അദ്ദേഹത്തിന് അനുമതിയുണ്ട്. ഇതിനു പുറമേ ഒരു പുതിയ മൊബൈൽ കണക്ടിവിറ്റിയും ലഭിക്കും. ഒരു കാർ അല്ലെങ്കിൽ തന്റെ ആവശ്യങ്ങൾക്കായി കാർ ഉപയോഗിക്കുന്നതിനുള്ള അലവൻസും അദ്ദേഹത്തിന് കിട്ടും. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയ്ക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്.
'നിശ്ചയദാർഢ്യമുള്ള ജനതയിൽ രാജ്യത്തിന്റെ ഭാവി സുരക്ഷിതം'; വിടവാങ്ങൽ പ്രസംഗത്തിൽ രാംനാഥ് കോവിന്ദ്
നിശ്ചയദാർഢ്യമുള്ള ജനതയിൽ രാജ്യത്തിൻറെ ഭാവി സുരക്ഷിതമെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദ്. അഞ്ചു കൊല്ലം മുമ്പ് രാഷ്ട്രപതി എന്ന നിലയ്ക്ക് ജനങ്ങൾ പ്രകടിപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻറെ ആകെ സഹകരണം കിട്ടി. പ്രവാസി ഇന്ത്യാക്കാരുടെ സ്നേഹം എല്ലായിടത്തും കിട്ടി. നിശ്ചയദാർഢ്യമുള്ള ജനതയിൽ രാജ്യത്തിൻറെ ഭാവി സുരക്ഷിതമാണ്.
എല്ലാവർക്കും അവസരങ്ങൾ നല്കുന്നതാണ് ഇന്ത്യയുടെ ജനാധിപത്യം. വേരുകളോട് ചേർന്ന് നിൽക്കണമെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ഇന്ത്യയുടെ യാത്ര 75 വർഷം പിന്നിടുന്നത് ലോകത്തിനു മുമ്പാകെ ശ്രേഷ്ഠ ഭാരതത്തിൻറെ നേട്ടങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാണ്. ജനാധിപത്യത്തിൻറെ രൂപരേഖ തയ്യാറാക്കിയത് ഭരണഘടനാ ശില്പികളാണെന്നും അദ്ദേഹം പറഞ്ഞു. ബാല്യകാലത്തെ പ്രതിസന്ധികളും അദ്ദേഹം ഓർത്തെടുത്തു.
സ്വാതന്ത്യം സാഹോദര്യം സമത്വം എന്നിവ കൈവിടാതിരിക്കണം. എല്ലാ ജനങ്ങൾക്കും ഒരു പോലെ അസരങ്ങളും വികസനവും എത്താനാണ് രാജ്യം ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പരിഗണന നൽകുന്ന നയം തുടരണം. ഗാന്ധിജിയുടെ തത്വങ്ങളാണ് തന്നെ നയിച്ചത്. ഗാന്ധിയൻ തത്വങ്ങൾ ഓർക്കാൻ ഏവരും സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നിലനിറുത്തി മുന്നോട്ടു പോകേണ്ടത് ജനാധിപത്യത്തിൽ അനിവാര്യമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
