Asianet News MalayalamAsianet News Malayalam

ഒടുവിൽ മന്ത്രി സമ്മതിച്ചു: റബ്കോയുടെ 238 കോടി കടം സർക്കാർ ഏറ്റെടുത്തത് ധാരണാപത്രം പോലുമില്ലാതെ

റബ്കോയുടെ 238 കോടി, റബ്ബർമാർക്കിന്‍റെ 41 കോടി, മാർക്കറ്റ് ഫെഡിന്‍റെ 27 കോടി. സംസ്ഥാന സഹകരണ ബാങ്കിന് മൂന്ന് ഫെഡറേഷനുകളും നൽകാനുള്ള 306.75 കോടി രൂപ ഒരു കരാറും ഇല്ലാതെ ഖജനാവിൽ നിന്നും കൊടുത്തുതീർത്ത വാർത്ത വ്യാഴാഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. 

RUBCO loan repayment controversy
Author
Thiruvananthapuram, First Published Aug 19, 2019, 9:36 PM IST

തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള റബ്കോ, സംസ്ഥാന സഹകരണ ബാങ്കിന് നൽകാനുള്ള 238 കോടിയുടെ കടം അടച്ചുതീർത്തത് ധാരണാപത്രം ഒപ്പിടാതെയെന്ന് സമ്മതിച്ച് സർക്കാർ. ധാരണാ പത്രത്തിൽ ഒപ്പിട്ടെന്ന് ഇന്ന് ഉച്ച വരെ വരെ പറഞ്ഞ സഹകരണമന്ത്രി ഉച്ചക്ക് ശേഷം നിലപാടിൽ മലക്കംമറിഞ്ഞു. നിയമവകുപ്പ് കരാർ വ്യവസ്ഥകൾ തയ്യാറാക്കുകയാണെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വിശദീകരണം.

റബ്കോയുടെ 238 കോടി, റബ്ബർമാർക്കിന്‍റെ 41 കോടി, മാർക്കറ്റ് ഫെഡിന്‍റെ 27 കോടി. സംസ്ഥാന സഹകരണ ബാങ്കിന് മൂന്ന് ഫെഡറേഷനുകളും നൽകാനുള്ള 306.75 കോടി രൂപ ഒരു കരാറും ഇല്ലാതെ ഖജനാവിൽ നിന്നും കൊടുത്തുതീർത്ത വാർത്ത വ്യാഴാഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. 

മാർച്ചിൽ പണം കൊടുത്തതിന് കഴിഞ്ഞ മന്ത്രിസഭായോഗം സാധൂകരണം നൽകി. 17/08/2019 അതായത് കഴിഞ്ഞ ശനിയാഴ്ച മുതൽ മുതൽ ഇന്ന് ഉച്ചക്ക് 12.30 വരെ സഹകരണമന്ത്രി നൽകിയ വിശദീകരണം ഇങ്ങിനെ:

''അതിന് കൃത്യമായ വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട്. അവരുമായി എംഒയു (MoU- ധാരണാപത്രം) ഒപ്പിട്ടിട്ടുണ്ട്''.

എന്നാലിന്ന് ഉച്ചയോടെ, അതായത് ഒന്നര മണിയോടെ, സഹകരണമന്ത്രി നിലപാടിൽ മലക്കം മറിഞ്ഞു. 

''വ്യവസ്ഥകൾ സംബന്ധിച്ച് MoU തയ്യാറാക്കി സ്ഥാപനങ്ങൾ സഹകരണസംഘം റജിസ്ട്രാറുമായും സർക്കാരുമായും ഒരു കരാറുണ്ടാക്കേണ്ടതാണ്. ആ കരാറുണ്ടാക്കിയിട്ടില്ല. ആ കരാറുണ്ടാക്കുന്ന നടപടികളിലാണിപ്പോൾ. നിയമവകുപ്പ് അതിനുള്ള നിർദേശങ്ങൾ തയ്യാറാക്കി വരികയാണ്''. 

നിലവിൽ ഒരു ധാരണയുമില്ലെന്ന് റബ്കോ ചെയർമാൻ എൻ ചന്ദ്രനും സമ്മതിക്കുന്നു. 12 വർഷത്തിനുള്ളിൽ തിരിച്ചടക്കാമെന്ന റബ്കോയുടെ നിർദ്ദേശം മാത്രമാണ് സർക്കാറിന് മുന്നിലുള്ളത്. പ്രതിവർഷ തിരിച്ചടവും പലിശയുമൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. വിപണിയിൽ ഇടപെട്ടതിന് പല തവണയായി സ‍ർക്കാർ മാർക്കറ്റ് ഫെഡിന് 19 കോടിയും റബ്ബർ‍മാർ‍ക്കിന് 13 കോടിയും കുടിശ്ശിക നൽകാനുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായി ഉല്പന്നങ്ങൾ ഉണ്ടാക്കി വിറ്റ് വൻ കടത്തിലായ റബ്കോക്കാണ് ഒരു വ്യവസ്ഥയും ഇല്ലാതെ കയ്യയച്ചുള്ള സർക്കാ‍ർ സഹായം. 

Follow Us:
Download App:
  • android
  • ios