രൂപയുടെ മൂല്യം താഴേക്ക്. ഉയർന്ന പലിശ നിരക്ക് തുടരും എന്ന് യുഎസ് ഫെഡ് അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ഏഷ്യൻ നാണയങ്ങൾ വിറയ്ക്കുന്നു.
പണപ്പെരുപ്പം തടയാൻ ഉയർന്ന പലിശനിരക്ക് കുറച്ചുകാലത്തേക്ക് തുടരുമെന്ന് യുഎസ് ഫെഡ് മേധാവി സൂചിപ്പിച്ചതിന് പിന്നാലെ ഏഷ്യൻ കറൻസികളുടെ മൂല്യം ഇന്ന് കുത്തനെ ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലാണ്. ഇന്ന് വ്യാപാരം ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ രൂപയുടെ മൂല്യം 80.14 എന്ന താഴ്ന്ന നിലയിലേക്ക് എത്തുകയായിരുന്നു.
Read Also: പതിനെട്ട് വയസ് കഴിഞ്ഞാൽ ധനകാര്യം ആസൂത്രണം ചെയ്യാം; ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കുക
ഇതിനുമുൻപ്, ജൂലായ് 19 ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80.06 ആയിരുന്നു. അതിനുശേഷം രൂപ 80 കടക്കുന്നത് ഇന്നാണ്. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം 79.87 എന്ന നിലയിലായിരുന്നു. അതേസമയം
വെള്ളിയാഴ്ച ഇന്ത്യൻ വിപണി സമയം അവസാനിക്കുമ്പോൾ യുഎസ് ഡോളർ സൂചിക 108.20 ൽ നിന്ന് 109.33 എന്ന നിലയിലേക്ക് എത്തിയിരുന്നു. , അടുത്ത ഒരു മാസത്തിനുള്ളിൽ 80.60 മുതൽ 80.75 എന്ന നിരക്കിലേക്ക് വരെ രൂപയുടെ മൂല്യം എത്തിയേക്കാം. 2022ൽ രൂപയുടെ മൂല്യം 7 ശതമാനത്തിലേറെ കുറഞ്ഞു.
വെള്ളിയാഴ്ച, ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ, സെൻട്രൽ ബാങ്കർമാരുടെ ജാക്‌സൺ ഹോൾ മീറ്റിംഗിൽ പണപ്പെരുപ്പം കുറയ്ക്കുന്നതിന് ഉയർന്ന പലിശ നിരക്ക് കൂടുതൽ കാലം നിലനിർത്തുമെന്ന് സൂചന നൽകിയിരുന്നു. ഇതോടെ ഏഷ്യൻ നാണയങ്ങൾ മൂല്യത്തകർച്ച നേരിട്ടു.
Read Also: ചെക്ക് തട്ടിപ്പുകൾ ഒഴിവാക്കണോ? എസ്ബിഐ ഉപഭോക്താക്കൾ ചെയ്യേണ്ടത് ഇതാണ്
ഏഷ്യൻ കറൻസികളിൽ ദക്ഷിണ കൊറിയൻ വോണിന് 1.3 ശതമാനവും തായ് ബാറ്റിന് 0.8 ശതമാനവും ജാപ്പനീസ് യെൻ 0.64 ശതമാനവും ചൈന റെൻമിൻബി 0.6 ശതമാനവും തായ്‌വാൻ ഡോളർ 0.6 ശതമാനവും മലേഷ്യൻ റിംഗിറ്റ് 0.5 ശതമാനവും ഇന്തോനേഷ്യൻ റുപ്പിയ 0.43 ശതമാനവും സിംഗപ്പൂർ ഡോളർ 0.34 ശതമാനവും ഇടിവ് സംഭവിച്ചു.
