ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 184 പോയിന്‍റ് ഉയര്‍ന്ന് 39,056 എന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗ് പോയിന്‍റ് രേഖപ്പെടുത്തി

മുംബൈ: ഡോളറിനെതിരെ കൂടുതൽ കരുത്ത് നേടി ഇന്ത്യൻ രൂപ. ഇന്ന് 40 പൈസ ഉയർന്ന രൂപ വിപണി അവസാനിച്ചപ്പോൾ ഡോളറിന് 68.74 എന്ന നിലയിലാണ്. വിദേശനിക്ഷേപത്തിന്റെ ഒഴുക്കും ആഭ്യന്തര ഓഹരികൾ വലിയ തോതിൽ വിറ്റഴിക്കപ്പെട്ടതുമാണ് രൂപയുടെ നേട്ടത്തിന് കാരണം.

ഇന്ന് രാവിലെ വിപണി ആരംഭിച്ചപ്പോൾ തന്നെ തകർച്ചയോടെയാണ് രൂപ തുടങ്ങിയത്. ഒരു ഘട്ടത്തിൽ 69.32 എന്ന നിലയിലായിരുന്നു ഇന്ത്യൻ രൂപ. പിന്നീട് വിപണി അവസാനിച്ചപ്പോഴേക്കും നില മെച്ചപ്പെടുത്തി. 68.70 വരെയെത്തിയ ശേഷം 68.74 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അവസാന പ്രവർത്തി ദിനം വ്യാപാരം അവസാനിപ്പിച്ച സമയത്തെ അപേക്ഷിച്ച് 40 പൈസയുടെ നേട്ടമാണ് ഉണ്ടാക്കിയത്.

വെള്ളിയാഴ്ച വിപണിയിൽ വ്യാപാരം അവസാനിച്ചപ്പോൾ 69.14 എന്ന നിലയിലായിരുന്നു രൂപ. ഇന്ന് റെക്കോർഡുകൾ തകർത്താണ് വിപണി മുന്നേറിയത്. ഓട്ടോ, ബാങ്കിംഗ്, ഐടി ഓഹരികളിലുണ്ടായ കുതിപ്പിനെ തുടര്‍ന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 184 പോയിന്‍റ് ഉയര്‍ന്ന് 39,056 എന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗ് പോയിന്‍റ് രേഖപ്പെടുത്തി. 

വ്യാപാരത്തിന്‍റെ ഒരുഘട്ടത്തില്‍ സെന്‍സെക്സ് 39,121 പോയിന്‍റിലേക്ക് ഉയര്‍ന്ന് ചരിത്രം സൃഷ്ടിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 0.40 ശതമാനം ഉയര്‍ന്ന് 11,713 പോയിന്‍റില്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗാണിത്. സെന്‍സെക്സില്‍ ടാറ്റാ മോട്ടോഴ്സിന്‍റെ ഓഹരികള്‍ ഒന്‍പത് ശതമാനത്തിന്‍റെ വന്‍ നേട്ടം കൈവരിച്ചു. 

ഏപ്രില്‍ ഒന്നിന് സെന്‍സെക്സ് വ്യാപാരത്തിന്‍റെ ഒരു ഘട്ടത്തില്‍ 39,115.57 പോയിന്‍റ് വരെ ഉയര്‍ന്നിരുന്നു. ജിഎസ്ടി വരുമാനത്തില്‍ കഴിഞ്ഞമാസം വന്‍ വളര്‍ച്ച കൈവരിച്ചതും, ഇന്ന് ആരംഭിച്ച് റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗത്തില്‍ പലിശ നിരക്കുകളില്‍ കുറവ് വരുത്തിയേക്കുമെന്ന സൂചനകളുമാണ് ഓഹരി വിപണിയിലെ നേട്ടത്തിനുളള പ്രധാന കാരണങ്ങള്‍. യുഎസ് - ചൈന വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ പുരോഗതിയും ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് വിദേശ നിക്ഷേപ വരവില്‍ വര്‍ധന രേഖപ്പെടുത്തിയതുമാണ് ഓഹരി വിപണിയുടെ നേട്ടത്തെ സ്വാധീനിച്ച മറ്റ് പ്രാധാന ഘടകങ്ങള്‍.