ഇന്ത്യന്‍ കമ്പനിയായ ഇന്ത്യന്‍ ഓയിലും അമേരിക്കന്‍ കമ്പനിയായ ഷെവ്റോണ്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേക്കായി ഇന്ധനം വാങ്ങി

സൗദി അറേബ്യയുടെ സര്‍ക്കാര്‍ ഊര്‍ജ ഭീമനായ അരാംകോ തങ്ങളുടെ പുതിയ ജാഫുറ ഗ്യാസ് പ്ലാന്റില്‍ നിന്നുള്ള അള്‍ട്രാ ലൈറ്റ് ക്രൂഡ് ഓയില്‍ വിതരണം തുടങ്ങി. പ്രമുഖ ഇന്ത്യന്‍, അമേരിക്കന്‍ എണ്ണക്കമ്പനികളാണ് ഇത് സ്വന്തമാക്കിയത്. ഫെബ്രുവരി അവസാനത്തോടെ ഇതിന്റെ ആദ്യ കയറ്റുമതി നടക്കും. 10,000 കോടി ഡോളര്‍ മുതല്‍മുടക്കുള്ളതാണ് ഈ വമ്പന്‍ ജാഫുറ പ്ലാന്റ്. ലോകത്തിലെ തന്നെ പ്രധാന പ്രകൃതിവാതക കമ്പനിയായി മാറുക, ലൈറ്റ് ക്രൂഡ് വിപണി വിപുലീകരിക്കുക എന്നീ അരാംകോയുടെ ലക്ഷ്യങ്ങളില്‍ നിര്‍ണായകമാണ് ജാഫുറ പ്രൊജക്റ്റ്. അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ഷെയ്ല്‍ ഗ്യാസ് പദ്ദതിയാണ്. ഇന്ത്യന്‍ കമ്പനിയായ ഇന്ത്യന്‍ ഓയിലും അമേരിക്കന്‍ കമ്പനിയായ ഷെവ്റോണ്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേക്കായി ഇന്ധനം വാങ്ങി. ദുബായ് നിരക്കിനേക്കാള്‍ ബാരലിന് 2 മുതല്‍ 3 ഡോളര്‍ വരെ ഉയര്‍ന്ന വില നല്‍കിയാണ് കമ്പനികള്‍ ഇവ വാങ്ങിയത്.

എന്താണ് പ്രത്യേകതകള്‍?

പ്ലാസ്റ്റിക് പോലുള്ളവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 'നാഫ്ത' ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ വേര്‍തിരിച്ചെടുക്കാനോ, സാധാരണ ക്രൂഡ് ഓയിലുമായി കലര്‍ത്തി റിഫൈനറികളില്‍ ശുദ്ധീകരിക്കാനോ ഇത് ഉപയോഗിക്കാം. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം ജാഫുറയിലെ ഇന്ധനത്തില്‍ വെറും 0.17 ശതമാനം സള്‍ഫര്‍ മാത്രമാണുള്ളത് . ഇതില്‍ നിന്ന് 40 ശതമാനത്തോളം നാഫ്തയും , ബാക്കി ഗ്യാസ് ഓയിലും മണ്ണെണ്ണയുമാണ് വേര്‍തിരിച്ചെടുക്കാന്‍ കഴിയുക.

ജാഫുറ പ്ലാന്റ്: ലക്ഷ്യങ്ങള്‍ വലുത്

6.5 ട്രില്യണ്‍ ക്യുബിക് മീറ്റര്‍ പ്രകൃതി വാതകവും 75 ബില്യണ്‍ ബാരല്‍ കണ്‍ഡന്‍സേറ്റും ജാഫുറയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2030-ഓടെ പ്രതിദിനം 5.66 കോടി ക്യുബിക് മീറ്റര്‍ ഉത്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്. സൗദിയുടെ കിഴക്കന്‍ തുറമുഖമായ യന്‍ബു വഴി പ്രതിമാസം അഞ്ച് ലക്ഷം ബാരല്‍ വീതം ഉള്‍ക്കൊള്ളുന്ന 4 മുതല്‍ 6 കാര്‍ഗോകള്‍ വരെ കയറ്റുമതി ചെയ്യാന്‍ അരാംകോയ്ക്ക് സാധിക്കും.

എണ്ണവിലയിലെ അനിശ്ചിതത്വത്തിനിടയിലെ മുന്നേറ്റം

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷത്തെക്കുറിച്ചുള്ള ആശങ്കകളും അമേരിക്കയുടെ പുതിയ താരിഫ് നയങ്ങളും കാരണം കഴിഞ്ഞ ആഴ്ച ആഗോള വിപണിയില്‍ ബ്രെന്റ് , ഡബ്ല്യുടിഐ എണ്ണവില 5 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ആഗോള വിപണിയിലേക്ക് അരാംകോയുടെ ഈ പുതിയ ഇന്ധനമെത്തുന്നത്.