40 വയസ് ആകുമ്പോഴേക്കും സമ്പത്ത് പരമാവധിയാക്കുന്നതിനെക്കുറിച്ചായിരിക്കണം

സമ്പത്തുണ്ടാക്കുക എന്നത് ശരിയായ സ്റ്റോക്കോ മ്യൂച്വല്‍ ഫണ്ടോ തിരഞ്ഞെടുക്കുന്നത് മാത്രമല്ല, കാലത്തിനനുസരിച്ചുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുകയും, അതനുസരിച്ചുള്ള നിക്ഷേപം നടത്തുകയുമാണ്. ജീവിതകാലം മുഴുവന്‍ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനും ഇത് സഹായിക്കും. വ്യത്യസ്ത പ്രായങ്ങളില്‍ സ്ത്രീകള്‍ക്ക് വ്യത്യസ്ത സാഹചര്യങ്ങളാണ് അഭിമുഖീകരിക്കുന്നത്. ഓരോ പ്രായത്തിലും സ്ത്രീകള്‍ സാമ്പത്തിക സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിശോധിക്കാം.

20 വയസ്സുള്ള സ്ത്രീകള്‍

പലരും സമ്പാദിക്കാന്‍ തുടങ്ങുന്ന പ്രായമാണിത്. നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ചെലവഴിക്കാനുള്ള സ്വാതന്ത്ര്യവും ഇതിനോടൊപ്പം ലഭിക്കുന്നു.നസാമ്പത്തിക ആവശ്യങ്ങളും ലക്ഷ്യങ്ങളും നിറവേറ്റാന്‍ ആവശ്യമായ പണം ഉണ്ടായിരിക്കുക എന്നത് കൂടി ഉറപ്പാക്കണം. അതിനായി ശമ്പളത്തിന്‍റെ 30-40 ശതമാനം ലാഭിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിനായി ചെലവുകള്‍ ട്രാക്ക് ചെയ്യുക, വ്യക്തിഗത / ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ ഒഴിവാക്കുക എന്നിവ ചെയ്യണം.നിക്ഷേപങ്ങള്‍ നേരത്തെ ആരംഭിക്കുന്നത് വലിയൊരു സമ്പത്ത് കെട്ടിപ്പടുക്കാന്‍ സഹായിക്കും. 12 ശതമാനം വാര്‍ഷിക നിക്ഷേപത്തില്‍ പ്രതിമാസം നിക്ഷേപിക്കുന്ന 10,000 രൂപ 20 വര്‍ഷത്തിനുള്ളില്‍ ഒരു കോടി രൂപയായി വളരും. എന്നാല്‍ 10 വര്‍ഷത്തിനുശേഷം നിക്ഷേപിക്കുന്ന അതേ തുക 23 ലക്ഷം രൂപ മാത്രമേ നേടൂ.

വിവാഹിതരായ സ്ത്രീകള്‍

പങ്കാളിയുടെ സാമ്പത്തിക ജീവിതത്തെയും ശീലങ്ങളെയും കുറിച്ച് പൂര്‍ണ്ണമായി അറിയുന്നത് ഇന്നത്തെക്കാലത്ത് വളരെ പ്രധാനമാണ്. ഭാവിയിലെ അനിശ്ചിതത്വങ്ങള്‍ ഒഴിവാക്കുന്നതിനും, പരസ്പരം സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നതിനും ഇരുവരും തുല്യമായി പണ മാനേജ്മെന്‍റില്‍ പങ്കാളികളാകണം.

30 വയസ്സുള്ള സ്ത്രീകള്‍

സമ്പത്ത് വര്‍ദ്ധിപ്പിക്കല്‍ ത്വരിതപ്പെടുത്തേണ്ട സമയമാണ് 30 വയസ്സ്. എന്നാല്‍ അതിനുമുമ്പ്, ആറ് മുതല്‍ ഒമ്പത് മാസത്തെ അവശ്യ ചെലവുകള്‍ക്ക് തുല്യമായ അടിയന്തര ഫണ്ട് ഉണ്ടാക്കണം. പങ്കാളിയുമായി ചേര്‍ന്ന് സംയുക്തമായി വായ്പ എടുത്തിട്ടുണ്ടെങ്കില്‍, ഇരുവരും ഇഎംഐകളിലേക്ക് തുല്യമായി സംഭാവന ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. കുട്ടികളുടെയും മാതാപിതാക്കളുടെയും അധിക ഉത്തരവാദിത്തങ്ങള്‍ കണക്കിലെടുത്ത്, പതിവ് മെഡിക്കല്‍ ഇന്‍ഷുറന്‍സിന് പുറമേ, ഒരു വലിയ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെന്ന് ഉറപ്പാക്കുകയും ടോപ്പ്-അപ്പ് ആരോഗ്യ പരിരക്ഷകള്‍ എടുക്കുകയും ചെയ്യുക. കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കല്‍ എന്നിവയുള്‍പ്പെടെ നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങള്‍ക്കുമായി ഒരു പദ്ധതി തയ്യാറാക്കാന്‍ ഒരു സാമ്പത്തിക പ്ലാനറുമായി സംസാരിക്കുക. 

40വയസ്സുള്ള സ്ത്രീകള്‍

40 വയസ് ആകുമ്പോഴേക്കും സമ്പത്ത് പരമാവധിയാക്കുന്നതിനെക്കുറിച്ചായിരിക്കണം ചിന്ത. 50 വയസ്സ് എന്നത് വിരമിക്കല്‍ പ്രായമാണെങ്കില്‍, വായ്പകള്‍ കുറയ്ക്കുന്നതിലും അടയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട. വിരമിക്കുമ്പോഴേക്കും പണം എവിടെ ചെലവഴിക്കുമെന്നതില്‍ വ്യക്തതയുണ്ടാകണം. മതിയായ ആരോഗ്യ പരിരക്ഷയും പരമപ്രധാനമാണ്. കുട്ടികളുടെ വിദ്യാഭ്യാസം / വിവാഹ ചെലവുകള്‍ വിരമിക്കുന്നതിന്‍റെ ഭാഗമായുണ്ടാക്കിയ സമ്പാദ്യം ചോര്‍ത്തിക്കളയും, കൂടാതെ നിങ്ങളുടെ കുട്ടികളെ ഈ ചെലവുകളില്‍ സംഭാവന ചെയ്യിക്കുന്നത് സാമ്പത്തിക നിയന്ത്രണം നിലനിര്‍ത്താന്‍ സഹായിക്കും.