വലിയ വീട് വാങ്ങുന്നത് പലരുടെയും സ്വപ്നമാണെങ്കിലും, ഉയർന്ന വിലയ്ക്ക് പുറമെ മെയിന്റനൻസ്, നികുതി, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങിയ അധിക ചെലവുകൾ വലിയ സാമ്പത്തിക ബാധ്യതയായി മാറിയേക്കാം. യഥാർത്ഥ ആവശ്യകത, ലൊക്കേഷൻ, ഇഎംഐ തുടങ്ങിയവ കൃത്യമായി വിലയിരുത്താതെ വലിയ വീട് വാങ്ങുന്നത് ഭാവിയിൽ ഒരു സാമ്പത്തിക കെണിയായി മാറിയേക്കും.
വീട് വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ പലരുടെയും മനസിലുള്ള ആഗ്രഹം കുറച്ച് വലിയൊരു വീട് വേണം എന്ന് തന്നെയാകും. കുടുംബം വലുതാകുമ്പോഴുള്ള ആവശ്യങ്ങള്‍ക്കും, പ്രായമായ മാതാപിതാക്കള്‍ക്ക് താമസിക്കാനും, ഇടയ്ക്കിടെ വീട് മാറുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനുമൊക്കെ വലിയ വീടുകള്‍ തന്നെയാണ് നല്ലതെന്ന് തോന്നാം. എന്നാല്‍, കൂടുതല്‍ സ്ഥലസൗകര്യം എന്ന ഒറ്റക്കാര്യം മാത്രം നോക്കി വീട് വാങ്ങിയാല്‍ ഭാവിയില്‍ വലിയ സാമ്പത്തിക ബാധ്യതയായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. വലിയ വീട് വാങ്ങുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ നോക്കാം.
ശരിക്കും ഇത്രയും സ്ഥലം ആവശ്യമുണ്ടോ?
ആദ്യമായി സ്വയം ചോദിക്കേണ്ട ചോദ്യം ഇതാണ്. ഈ അധികമായി വാങ്ങുന്ന സ്ഥലസൗകര്യം നിങ്ങള്‍ക്ക് ശരിക്കും ആവശ്യമുണ്ടോ? കുട്ടികള്‍ക്കുള്ള മുറി, വര്‍ക്ക് ഫ്രം ഹോം ഓഫീസ്, അല്ലെങ്കില്‍ മാതാപിതാക്കള്‍ക്കുള്ള മുറി എന്നിവയ്ക്കായി കൂടുതല്‍ പണം മുടക്കുന്നതില്‍ അര്‍ത്ഥമുണ്ട്. എന്നാല്‍ 'ഭാവിയില്‍ എപ്പോഴെങ്കിലും ഉപകാരപ്പെടും' എന്ന് കരുതി അധികമൊരു കിടപ്പുമുറി പണിയുകയോ വാങ്ങുകയോ ചെയ്യുന്നത് വെറുതെ വലിയൊരു ഇഎംഐ ബാധ്യത തലയില്‍ വെക്കുന്നതിന് തുല്യമാണ്. ആ ആവശ്യം ഒരുപക്ഷേ ഒരിക്കലും വന്നില്ലെന്നും വരാം.
വില മാത്രമല്ല, മറ്റ് ചെലവുകളും കൂടും
വലിയ വീട് വാങ്ങുമ്പോള്‍ കൊടുക്കേണ്ടി വരുന്ന ഉയര്‍ന്ന വിലയില്‍ മാത്രം ഒതുങ്ങുന്നില്ല ചെലവുകള്‍. വലിയ ഡൗണ്‍ പേയ്മെന്റും വലിയ ലോണും ഇതിന് ആവശ്യമായി വരും. ഇതിനു പുറമെ ഉയര്‍ന്ന രജിസ്‌ട്രേഷന്‍ ഫീസ്, മെയിന്റനന്‍സ് ചാര്‍ജ്, വസ്തു നികുതി, കറന്റ് ബില്ല് ഉള്‍പ്പെടെയുള്ള യൂട്ടിലിറ്റി ബില്ലുകള്‍, ഫര്‍ണിഷിങ്, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കും വലിയ തുക കണ്ടെത്തേണ്ടി വരും. വസ്തുവില്‍ മുടക്കുന്ന ഈ പണം നിങ്ങള്‍ക്ക് മറ്റ് സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നതും ഓര്‍ക്കണം.
ഇഎംഐ എന്ന കെണി
പലര്‍ക്കും അബദ്ധം പറ്റുന്നത് ഇഎംഐയുടെ കാര്യത്തിലാണ്. വരുമാനം കണക്കാക്കി ബാങ്കുകള്‍ വലിയൊരു തുക വായ്പ നല്‍കിയേക്കാം. എന്നാല്‍ ആ ഇഎംഐ എളുപ്പത്തില്‍ അടച്ചുതീര്‍ക്കാന്‍ കഴിയുന്നതാണോ എന്ന് ചിന്തിക്കണം. ഇന്‍ഷുറന്‍സ്, കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയര്‍മെന്റ് സമ്പാദ്യം, അത്യാവശ്യ ഘട്ടങ്ങളിലേക്കുള്ള പണം, നിത്യച്ചെലവുകള്‍ എന്നിവയ്‌ക്കെല്ലാം പണം കണ്ടെത്തേണ്ടതുണ്ട്. കൃത്യമായി ഇഎംഐ അടയ്ക്കുന്നുണ്ടെങ്കില്‍ പോലും, മറ്റ് ആവശ്യങ്ങള്‍ക്ക് പണം തികയാതെ വരുമ്പോള്‍ വലിയ വീട് ഒരു സാമ്പത്തിക ഭാരമായി മാറും.
കൂടാതെ പലിശ നിരക്കിലെ ചെറിയ മാറ്റങ്ങള്‍ പോലും ദീര്‍ഘകാല വായ്പകളെ സാരമായി ബാധിക്കും. അതിനാല്‍ പലിശനിരക്ക് കൂടിയാലോ വരുമാനം കുറഞ്ഞാലോ ഉള്ള സാഹചര്യം കൂടി മുന്നില്‍ കണ്ട് വേണം വായ്പയെടുക്കാന്‍. ഇന്നത്തെ സാമ്പത്തിക ചുറ്റുപാടില്‍ ഇത് എളുപ്പമാണെന്ന് കരുതി മുന്നോട്ട് പോകരുത്.
വലിയ വീടോ അതോ സൗകര്യമുള്ള സ്ഥലമോ?
വീട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്നതും പ്രധാനമാണ്. ജോലിസ്ഥലം, സ്‌കൂള്‍, മറ്റ് ദൈനംദിന സൗകര്യങ്ങള്‍ എന്നിവയില്‍ നിന്ന് വളരെ അകലെയുള്ള വലിയൊരു വീടിനേക്കാള്‍ പ്രായോഗികം, യാത്രാസൗകര്യമുള്ള സ്ഥലത്തെ ചെറിയ വീടായിരിക്കും. ദീര്‍ഘദൂര യാത്രകള്‍ യാത്രാച്ചെലവ് കൂട്ടുകയും സമയവും നഷ്ടപ്പെടുത്തുകയും ചെയ്യും. മാത്രമല്ല, ദിവസത്തിന്റെ ഭൂരിഭാഗം സമയവും വലിയ വീടിന്റെ സൗകര്യങ്ങള്‍ ആരും ഉപയോഗിക്കാതെ കിടക്കുകയും ചെയ്യും.
എപ്പോഴാണ് വലിയ വീട് ലാഭകരമാകുന്നത്?
ചില സാഹചര്യങ്ങളില്‍ വലിയ വീട് വാങ്ങുന്നത് സാമ്പത്തികമായി ഗുണം ചെയ്യും. ഭാവിയില്‍ ഡിമാന്‍ഡ് കൂടാന്‍ സാധ്യതയുള്ള സ്ഥലത്താണ് വീട് എങ്കില്‍ മുടക്കുന്ന പണത്തിന് മികച്ച മൂല്യമുണ്ടാകും. വീടിന്റെ രൂപകല്‍പന തികച്ചും പ്രായോഗികമാണെങ്കിലും, വര്‍ഷങ്ങളോളം ഒരേ വീട്ടില്‍ തന്നെ താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വലിയ വീട് പരിഗണിക്കാം. ഇടയ്ക്കിടെ വീട് മാറുമ്പോഴുണ്ടാകുന്ന ബ്രോക്കറേജ്, രജിസ്‌ട്രേഷന്‍, മറ്റ് ചെലവുകള്‍ എന്നിവ ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. മോശം സമയങ്ങളില്‍ വീട് വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോഴുള്ള നഷ്ടവും ഇതിലൂടെ ഇല്ലാതാക്കാം.
ഭാവിയിലേക്ക് വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക
'ഭാവിയിലെ ആവശ്യങ്ങള്‍ക്കായി' എന്ന പേരില്‍ ഇന്ന് തന്നെ വലിയ കടക്കെണിയില്‍ ചാടരുത്. കാലക്രമേണ കുട്ടികള്‍ ഉപരിപഠനത്തിനോ ജോലിക്കോ ആയി മാറിത്താമസിക്കാം. മാതാപിതാക്കള്‍ മറ്റ് സ്ഥലങ്ങളില്‍ താമസിക്കാന്‍ താല്പര്യപ്പെട്ടേക്കാം, നിങ്ങളുടെ ജോലിസ്ഥലവും വര്‍ക്ക് രീതികളും മാറാം. ഭാവനയില്‍ കാണുന്ന ആവശ്യങ്ങള്‍ക്കായി വാങ്ങുന്ന വലിയ വീട് പിന്നീട് ഉപയോഗശൂന്യമായ വലിയൊരു ഇടമായി മാറാന്‍ സാധ്യതയുണ്ട്.
വലിയ വീട് വാങ്ങുന്നതിന് മുന്‍പായി ഒരു കണക്കുകൂട്ടല്‍ നടത്തുന്നത് നന്നായിരിക്കും. വെറും ഇഎംഐ മാത്രമല്ല, മെയിന്റനന്‍സ്, യൂട്ടിലിറ്റി ബില്ലുകള്‍, യാത്രാച്ചെലവുകള്‍, ഇന്‍ഷുറന്‍സ്, അറ്റകുറ്റപ്പണികള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആകെ പ്രതിമാസ ചെലവുകള്‍ കൂട്ടിനോക്കുക. ഇതിനുശേഷവും അടിയന്തര ആവശ്യങ്ങള്‍ക്കും റിട്ടയര്‍മെന്റ് ജീവിതത്തിനും ആവശ്യമായ പണം മാറ്റിവെക്കാന്‍ സാധിക്കുന്നുണ്ടോ എന്ന് സ്വയം ചോദിക്കുക.


