മുംബൈ: ജെറ്റ് എയര്‍വേസ് പ്രതിസന്ധിക്ക് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ചെയര്‍മാന്‍ രജനീഷ് കുമാര്‍. ചില വ്യവസായികള്‍ വിശ്വസിക്കുന്നത് ജെറ്റ് എയര്‍വേസിന്‍റെ പ്രവര്‍ത്തനം അവസാനിച്ചെന്നാണ്. എന്നാല്‍, ഒരാഴ്ചയ്ക്കുളളില്‍ എല്ലാക്കാര്യങ്ങള്‍ക്കും തീരുമാനമാകും. സ്റ്റേറ്റ് ബാങ്ക് നല്ല പ്രതീക്ഷയിലാണെന്നും രജനീഷ് കുമാന്‍ പറഞ്ഞു. 

പ്രതിസന്ധിയുമായി പരിഹരിക്കാന്‍ പല വഴികള്‍ തേടി. നിയമ ഉപദേശവും ഞങ്ങള്‍ ആരാഞ്ഞു. അനേകം നിക്ഷേപകര്‍ താല്‍പര്യം അറിയിച്ച് വന്നിരുന്നു. അവര്‍ക്ക് ജെറ്റിനെ വീണ്ടും സജീവമാക്കാനുളള പണം കൈവശമുണ്ടോ എന്ന് പരിശോധിച്ചുവെന്നും രജനീഷ് കുമാര്‍ അറിയിച്ചു. 

ജെറ്റ് എയര്‍വേസിന്‍റെ ഇപ്പോഴത്തെ ഉടമകളായ ബാങ്ക് കണ്‍സോഷ്യമാണ് വിമാനക്കമ്പനിയുടെ ലേല നടപടികളുമായി മുന്നോട്ട് പോകുന്നത്. 8400 കോടി രൂപയുടെ കടമാണ് എസ് ബി ഐ അടക്കമുളള ബാങ്കുകളുമായി ജെറ്റിനുളളത്. വിമാനക്കമ്പനി ഏറ്റെടുക്കാന്‍ താല്‍പര്യമറിയിച്ചവരില്‍ നിന്ന് നാല് സ്ഥാപനങ്ങളെയാണ് സ്റ്റേറ്റ് ബാങ്ക് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. ടിപിജി ക്യാപിറ്റല്‍, ഇന്‍ഡിഗോ പാര്‍ട്ട്നേഴ്സ്, നാഷണല്‍ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ഫണ്ട്, ഇത്തിഹാദ് എയര്‍വേസ് എന്നിവരെയാണ് താല്‍പര്യ പത്രത്തിന്‍റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. എന്നാല്‍, ഇതില്‍ ഇത്തിഹാദ് മാത്രമാണ് ലേല നടപടികളുമായി ബന്ധപ്പെട്ട ബിഡ് സമര്‍പ്പിച്ചത്. 

വിമാനക്കമ്പനിയെ വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ ഏകദേശം 15,000 കോടി രൂപ ആവശ്യമാണെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, ഇത്തിഹാദ് 1,700 കോടി മാത്രമാണ് നിക്ഷേപിക്കാമെന്ന് സമ്മതിച്ചിട്ടുളളത്. ഇത് ജെറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ അപര്യാപ്തമാണ്.