Asianet News MalayalamAsianet News Malayalam

ബാങ്ക് ലോക്കർ കരാർ പുതുക്കാം; ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകി എസ്ബിഐ

വിവിധ ബാങ്കുകളിൽ ലോക്കറുകളുള്ള ഉപഭോക്താക്കൾ പുതുക്കിയ ലോക്കർ കരാറുകളിൽ ജൂൺ 30-നകം ഒപ്പുവെക്കണം.

SBI Locker Alert Bank Asks Customers To Execute Revised Agreement APK
Author
First Published Jun 7, 2023, 1:33 PM IST

ദില്ലി: ബാങ്കുകളിലെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള സമയപരിധി ഈ മാസം 30 ന് അവസാനിക്കും. വിവിധ ബാങ്കുകളിൽ ലോക്കറുകളുള്ള ഉപഭോക്താക്കൾ പുതുക്കിയ ലോക്കർ കരാറുകളിൽ ജൂൺ 30-നകം ഒപ്പുവെക്കണം.  ജൂൺ 30 നുള്ളിൽ ആവശ്യമായ നടപടിക്രമങ്ങളുടെ 50 ശതമാനവും സെപ്റ്റംബർ 30 നകം 75 ശതമാനം നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്.  2023 ഡിസംബർ 31-നകം പുതുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാകും. 

രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തങ്ങളുടെ ഉപഭോക്താക്കളെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി ബ്രാഞ്ച് സന്ദർശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്കർ ഉള്ളത് ഏത് ബ്രാഞ്ചിലാണോ ആ ബ്രാഞ്ച് വേണം സന്ദർശിക്കാൻ. പരിഷ്‌ക്കരിച്ച ലോക്കർ കരാറിൽ ഒപ്പുവെക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നതായി എസ്ബിഐ ട്വീറ്റ് ചെയ്തു. 

“ഉപഭോക്താവിന്റെ അവകാശങ്ങൾ ഉൾപ്പെടുത്തി  പുതുക്കിയ സപ്ലിമെന്ററി ലോക്കർ കരാർ ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. എസ്‌ബിഐയിൽ നിന്ന് ലോക്കർ സൗകര്യം ലഭിക്കുന്ന ഉപഭോക്താക്കൾ അവരുടെ ലോക്കർ ഹോൾഡിംഗ് ബ്രാഞ്ചുമായി ബന്ധപ്പെടാനും ബാധകമായ രീതിയിൽ പുതുക്കിയ ലോക്കർ കരാർ നടപ്പിലാക്കാനും അഭ്യർത്ഥിക്കുന്നു," എസ്ബിഐ  ട്വീറ്റ് ചെയ്തു. 

സേഫ് ഡെപ്പോസിറ്റ് ലോക്കർ ഹോൾഡർമാരുമായി പുതുക്കിയ കരാറുകളിൽ ഏർപ്പെടാനുള്ള ബാങ്കുകൾക്കുള്ള സമയപരിധി റിസർവ് ബാങ്ക് ഡിസംബർ അവസാനം വരെ നീട്ടിയിരുന്നു. 2023 ജനുവരി 1-നകം നിലവിലുള്ള ലോക്കർ ഉടമകളുമായി പുതുക്കിയ കരാറുകളിൽ ഏർപ്പെടാൻ 2021 ഓഗസ്റ്റിൽ ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ , പുതുക്കിയ കരാറിൽ വലിയൊരു വിഭാഗം ഉപഭോക്താക്കൾ ഇനിയും ഒപ്പിട്ടിട്ടില്ലെന്ന് ആർബിഐയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിശ്ചിത തീയതിക്ക് മുമ്പ് അത് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബാങ്കുകൾ ഇതുവരെ ഉപഭോക്താക്കളെ അറിയിച്ചിട്ടില്ല, അതിനാൽ സമയം നീട്ടി നൽകുകയാണെന്ന്  സമയപരിധി നീട്ടുന്ന പ്രസ്താവനയിൽ സെൻട്രൽ ബാങ്ക് പറഞ്ഞു. 

ഇടപാടുകാർക്ക് കരാർ പുതുക്കുന്നതിൽ ബുദ്ധിമുട്ട് മാത്രമല്ല, ലോക്കർ കരാറുകൾ പുതുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പല ബാങ്കുകളും ഇതുവരെ ഉപഭോക്താക്കളെ അറിയിച്ചിട്ടില്ലെന്ന് ആർബിഐ കണ്ടെത്തി. തുടർന്ന് ബാങ്ക് ലോക്കർ കരാറുകൾ പുതുക്കുന്ന പല ഘട്ടങ്ങൾക്കായി ആർബിഐ ഇനിപ്പറയുന്ന സമയപരിധി നിശ്ചയിച്ചിട്ടുണ്ട്:

ഏപ്രിൽ 30, 2023: പുതുക്കിയ കരാർ ആവശ്യകതകളെക്കുറിച്ച് ബാങ്കുകൾ അവരുടെ എല്ലാ ഉപഭോക്താക്കളെയും അറിയിക്കണം.

ജൂൺ 30, 2023: തങ്ങളുടെ ഇടപാടുകാരിൽ 50% എങ്കിലും കരാറുകൾ പുതുക്കിയിട്ടുണ്ടെന്ന് ബാങ്കുകൾ ഉറപ്പാക്കണം.

സെപ്റ്റംബർ 30, 2023: തങ്ങളുടെ ഇടപാടുകാരിൽ 75% എങ്കിലും തങ്ങളുടെ കരാറുകൾ പുതുക്കിയിട്ടുണ്ടെന്ന് ബാങ്കുകൾ ഉറപ്പാക്കണം.

Follow Us:
Download App:
  • android
  • ios