മുംബൈ: ഡെബിറ്റ് കാര്‍ഡ് സേവനങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങി എസ്ബിഐ. പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഒഴിവാക്കി പണമിടപാടുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി നടത്തുന്നത് പ്രോത്സാഹിപ്പിക്കുകയാണ് എസ്ബിഐ യുടെ പുതിയ നീക്കത്തിന് പിന്നിലെ ലക്ഷ്യം. തിങ്കളാഴ്ച  എസ്ബിഐ ചെയര്‍മാന്‍ രജനിഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ അക്കൗണ്ടുകള്‍ തുടങ്ങാനും ഇടപാടുകള്‍ നടത്താനുമായി അവതരിപ്പിച്ച ഡിജിറ്റല്‍ പ്ലാറ്റ്‍ഫോം 'യോനോ'( യു ഓണ്‍ലി നീഡ് വണ്‍) വ്യാപകമാക്കാനും എസ്ബിഐ തയ്യാറെടുക്കുകയാണ്. പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഒഴിവാക്കി എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാനും വ്യാപാര സ്ഥാപനങ്ങളില്‍ ബില്ലടയ്ക്കാനും 'യോനോ' സൗകര്യം വ്യാപിപ്പിക്കുമെന്നും രജനിഷ് കുമാര്‍ പറഞ്ഞു. പണമിടപാടുകള്‍ക്കായി 'യോനോ' ആപ്പ് ഉപയോഗിക്കാം. സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും 'യോനോ ക്യാഷ് പോയിന്‍റ്സ്' വെബ്സൈറ്റ് വഴി പണമിടപാടുകള്‍ നടത്താനാകും.

90 കോടി ഡെബിറ്റ് കാര്‍ഡുകളും മൂന്ന് കോടി ക്രെഡിറ്റ് കാര്‍ഡുകളുമാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ഇതിനോടകം തന്നെ 68,000 ‘യോനോ ക്യാഷ് പോയിന്റുകള്‍’  എസ്ബിഐ തയ്യാറാക്കിയിട്ടുണ്ട്. അടുത്ത 18 മാസത്തിനകം ഇത് ഒരു ദശലക്ഷമായി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് എസ്ബിഐ.