ബാങ്കുകൾക്ക് നൽകാനുള്ള വായ്പാ കുടിശിക മുഴുവൻ തിരികെ നൽകിയെന്ന വിജയ് മല്യയുടെ വാദം എസ്.ബി.ഐ തള്ളി ബോംബെ ഹൈക്കോടതി. ഓഗസ്റ്റ് 31-ലെ കണക്കുകൾ പ്രകാരം മല്യ ഇനിയും 8,752 കോടി രൂപ നൽകാനുണ്ടെന്ന് ബാങ്ക് വ്യക്തമാക്കി. പണം തിരിച്ചടച്ചാലും കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ നിന്ന് മല്യയ്ക്ക് ഒഴിവാകാനാകില്ലെന്ന് ഇ.ഡിയും നിലപാടെടുത്തു.
ബാങ്കുകള്‍ക്ക് നല്‍കാനുള്ള വായ്പാ കുടിശിക മുഴുവന്‍ തിരികെ നല്‍കിയെന്ന വ്യവസായി വിജയ് മല്യയുടെ വാദം പൊളിച്ച് എസ്.ബി.ഐ. ഓഗസ്റ്റ് 31-ലെ കണക്കുകള്‍ പ്രകാരം മല്യ ഇനിയും 8,752 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കാനുണ്ടെന്ന് എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്ക് കണ്‍സോര്‍ഷ്യം ബോംബെ ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്.
ഇത് വരെ 10,270 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കിയെന്നും, താന്‍ കടം വാങ്ങിയതിലും കൂടുതല്‍ തുക ബാങ്കുകള്‍ ഈടാക്കിക്കഴിഞ്ഞെന്നുമാണ് പൂട്ടിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സ്ഥാപകനും യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായിരുന്ന വിജയ് മല്യ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് ബാങ്കുകള്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യഥാര്‍ഥ കണക്കുകള്‍ ഇങ്ങനെ
ഡെറ്റ് റിക്കവറി ട്രിബ്യൂണലില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ 544.58 കോടി രൂപ ബാങ്കുകള്‍ ഈടാക്കിയിരുന്നു. ഇതിനുപുറമെ, ബാങ്ക് കണ്‍സോര്‍ഷ്യം നല്‍കിയ ഒരു ബോണ്ട് വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഡെറ്റ് റിക്കവറി ഓഫീസര്‍ 10,270 കോടി രൂപ 'താല്‍ക്കാലികമായി' തിരിച്ചുപിടിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
എന്നാല്‍, ഈ വര്‍ഷം ജനുവരിയിലെ കണക്കനുസരിച്ച് നിയമപരമായ മറ്റ് ചെലവുകള്‍ ഒഴിവാക്കിയാല്‍ പോലും 8,135.63 കോടി രൂപ കൂടി ബാങ്കുകള്‍ക്ക് കിട്ടാനുണ്ടായിരുന്നു. ഈ കുടിശികത്തുക ഓഗസ്റ്റ് 31 ആയപ്പോഴേക്കും 8,751.86 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് ബാങ്കുകളുടെ വിശദീകരണം. ഇതുവരെ സ്വത്തുക്കള്‍ വഴി ലഭിച്ച തുകയുണ്ടെങ്കിലും, നിയമപരമായി ഇനിയും വലിയൊരു തുക മല്യയില്‍ നിന്ന് ഈടാക്കാന്‍ ബാക്കി നില്‍ക്കുന്നുണ്ടെന്ന് ബാങ്ക് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, മല്യയുടെ പേരില്‍ പിടിച്ചെടുത്ത പല ഓഹരികളും വില്‍ക്കാതെ ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ടെന്നും ബാങ്കുകള്‍ കോടതിയെ അറിയിച്ചു.
കേസ് റദ്ദാക്കണമെന്ന ഹര്‍ജിക്ക് തിരിച്ചടി
താന്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും തിരിച്ചുപിടിച്ചതിനാല്‍, തനിക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2020-ല്‍ മല്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം കേസ് പരിഗണിച്ച ഹൈക്കോടതി, മല്യയുടെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എസ്.ബി.ഐയോട് നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്ന്, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കണമെന്ന മല്യയുടെ ഹര്‍ജിക്ക് മറുപടിയായാണ് എസ്.ബി.ഐ ഇപ്പോള്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 2019 ഡിസംബര്‍ 31-ലെ ഉത്തരവിനെതിരെ മല്യ നല്‍കിയ ഹര്‍ജി അടിസ്ഥാനരഹിതമാണെന്നും അത് തള്ളണമെന്നും കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടു.
കുരുക്കായി ക്രിമിനല്‍ കേസുകളും
മല്യയ്‌ക്കെതിരെ രണ്ട് വ്യത്യസ്ത തലങ്ങളിലുള്ള നിയമനടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കിട്ടാനുള്ള പണം തിരിച്ചുപിടിക്കാന്‍ ഡെറ്റ് റിക്കവറി ട്രിബ്യൂണല്‍ വഴിയും സ്വത്തുക്കള്‍ വിറ്റഴിച്ചും ബാങ്കുകള്‍ നടത്തുന്ന ശ്രമങ്ങളാണ് ആദ്യത്തേത്. രണ്ടാമത്തേത് സി.ബി.ഐയും ഇ.ഡിയും നടത്തുന്ന ക്രിമിനല്‍ അന്വേഷണങ്ങളാണ്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് നല്‍കിയ വായ്പകളുമായി ബന്ധപ്പെട്ട് ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഏജന്‍സികള്‍ ചുമത്തിയിട്ടുള്ളത്.
മല്യയുടെ 14,132 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എസ്.ബി.ഐക്ക് കൈമാറിയിട്ടുണ്ടെന്ന് ഇ.ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പണം ലഭിക്കുന്നത് കേവലം സിവില്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ മാത്രമെ സഹായിക്കൂവെന്നും, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള ക്രിമിനല്‍ നടപടികളില്‍ നിന്ന് പ്രതിയായ മല്യയെ ഒഴിവാക്കാന്‍ ഇത് കാരണമല്ലെന്നും ഇ.ഡി നിലപാടെടുത്തു. ഈ കേസില്‍ ഒക്ടോബര്‍ 13-ന് ബോംബെ ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും.


