മുംബൈ: നോവൽ കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ, എടിഎം ഉപഭോഗത്തിൽ മാർഗനിർദ്ദേശവുമായി എസ്ബിഐ. എടിഎം ഇടപാടുകൾ വ്യക്തിക്കും അവരുടെ കുടുംബത്തിനും സുരക്ഷിതമായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് എല്ലാ ബാങ്ക് ഉപഭോക്താക്കൾക്കുമായി ഏഴ് നിർദ്ദേശങ്ങൾ അയച്ചിരിക്കുന്നത്. ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കൊറോണ വൈറസിന്റെ വ്യാപനം തടയണമെന്നും ഔദ്യോഗിക ട്വിറ്റർ ഹാന്റിലിലെ കുറിപ്പിലൂടെ എസ്ബിഐ, എല്ലാ ബാങ്ക് ഉപഭോക്താക്കളോടും അഭ്യർത്ഥിച്ചു.

ഏഴ് നിർദ്ദേശങ്ങൾ ഇവയാണ്

1. എടിഎം മുറിക്കകത്ത് ഒരാളുണ്ടെങ്കിൽ അതിനകത്ത് പ്രവേശിക്കുന്നത് തീർത്തും ഒഴിവാക്കുക, പുറത്ത് കാത്ത് നിൽക്കുക. മുറിക്കകത്തുള്ള വ്യക്തി ഇടപാട് പൂർത്തിയാക്കി കഴിഞ്ഞ് പുറത്തിറങ്ങിയാൽ മാത്രം അകത്ത് പ്രവേശിക്കുക.

2. സാനിറ്റൈസർ കൈയ്യിൽ കരുതുക. ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കുക.

3. എടിഎം മുറിക്കകത്ത് എവിടെയും സ്പർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

4. നിങ്ങൾക്ക് പനിയുണ്ടെങ്കിൽ എടിഎം മുറിയിൽ പ്രവേശിക്കരുത്. ഒരു പക്ഷെ നിങ്ങൾ കൊവിഡ് ബാധിതനാണെങ്കിൽ എടിഎം ഉപയോഗിക്കുന്ന മറ്റൊരാൾക്ക് കൂടി രോഗം പകരാനുള്ള സാധ്യതയുണ്ട്.

5. കൈയിൽ തൂവാല കരുതുക. തുമ്മുമ്പോൾ തൂവാല കൊണ്ടോ കൈമുട്ട് കൊണ്ടോ മൂക്കും വായും മൂടുക.

6. എടിഎം മുറിക്കകത്ത് ഉപയോഗിച്ച മാസ്കും ഉപയോഗിച്ച ടിഷ്യു പേപ്പറും ഉപേക്ഷിക്കരുത്.

7. പണം പിൻവലിക്കാനോ നിക്ഷേപിക്കാനോ മാത്രം എടിഎം, സിഡിഎം കേന്ദ്രങ്ങൾ ഉപയോഗിക്കുക. മറ്റെല്ലാത്തിനും ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുക.