Asianet News MalayalamAsianet News Malayalam

യെസ് ബാങ്കിനെ രക്ഷിക്കാന്‍ എസ്ബിഐ; തീരുമാനം കാത്ത് നിക്ഷേപകര്‍

പത്തു രൂപ വിലയുളള 245 കോടി ഓഹരികൾ എസ്ബിഐ ഏറ്റെടുക്കും. 2450 കോടിയാണ് ഇതിനായി ചെലവഴിക്കുകയെന്ന് എസ്ബിഐ വ്യക്തമാക്കി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആകെ ഓഹരി പങ്കാളിത്തം 26 ശതമാനത്തിൽ കുറയില്ലെന്നും എസ്ബിഐ

sbi will save yes bank by acquire shares
Author
Delhi, First Published Mar 8, 2020, 9:33 AM IST

ദില്ലി: യെസ് ബാങ്കിലെ 49 ശതമാനം ഓഹരികൾ എസ്ബിഐ ഏറ്റെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ ഉണ്ടാകും. പത്തു രൂപ വിലയുളള 245 കോടി ഓഹരികൾ എസ്ബിഐ ഏറ്റെടുക്കും. 2450 കോടിയാണ് ഇതിനായി ചെലവഴിക്കുകയെന്ന് എസ്ബിഐ വ്യക്തമാക്കി.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആകെ ഓഹരി പങ്കാളിത്തം 26 ശതമാനത്തിൽ കുറയില്ലെന്ന് എസ്ബിഐ പറഞ്ഞു.

പുതുതായി രൂപീകരിക്കുന്ന ബാങ്ക് ഭരണസമിതിയിൽ എംഡി, സിഇഒ, നോൺ എക്സിക്യൂട്ടീവ് ചെയർമാൻ, നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാർ എന്നിവരും ഉണ്ടാകും. ജീവനക്കാരുടെ കാര്യത്തിൽ ദീർഘകാലത്തേക്കുള്ള ഒരു പദ്ധതി ഉണ്ടാക്കിയിട്ടില്ല. എങ്കിലും ഒരു വർഷത്തേക്ക് ജീവനക്കാരെ ആരെയും പിരിച്ചുവിടില്ല.

അവരെല്ലാം ഇപ്പോഴത്തെ അതെ വേതനത്തോടെ ഇപ്പോഴത്തെ  സ്ഥാനത്ത് ചുരുങ്ങിയത് ഒരു വർഷമെങ്കിലും തുടരുമെന്നും എസ്ബിഐ അറിയിച്ചിട്ടുണ്ട്. അതേസമയം, യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റിലായിട്ടുണ്ട്. 15 മണിക്കൂറുകള്‍ നീണ്ട എന്‍ഫോഴ്സമെന്‍റ് ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കള്ളപ്പണം വെളിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസം രാത്രിയോടെ റാണാ കപൂറിന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.

വഴിവിട്ട് വായ്പകളനുവദിച്ചതാണ് ബാങ്കിനെ തകർത്തതെന്ന് റിസർവ് ബാങ്ക് കണ്ടെത്തിയിരുന്നു. സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട്  വായ്പ അനുവദിച്ചതിന് പിന്നാലെ റാണയുടേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയതിന്‍റെ രേഖ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ലഭിച്ചതായാണ് വിവരം. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് യെസ് ബാങ്കിന്‍റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തത്. യെസ് ബാങ്കിന് മുകളിൽ ആർബിഐ നിയന്ത്രണം കൊണ്ടുവന്നതോടെ ഇടപാടുകാർ കൂട്ടത്തോടെ പണം പിൻവലിക്കാൻ ബാങ്ക് ശാഖകളിലേക്കെത്തുകയാണ്. പിൻവലിക്കാവുന്ന തുക 50,000 ആയി നിയന്ത്രിച്ചെന്ന വാർത്ത പുറത്ത് വന്നതോടെ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാൻ ആളുകൾ ഇരച്ചെത്തിയത് ഓൺലൈൻ സംവിധാനം താറുമാറാക്കി. ബാങ്കിനെ വായ്പകൾ നൽകുന്നതിൽ നിന്ന്  ആർബിഐ വിലക്കിയിട്ടുണ്ട്. പണം പിൻവലിക്കുന്നതിന് ആർബിഐ നിയന്ത്രണങ്ങൾ കൊണ്ട് വന്നതോടെ യെസ് ബാങ്ക് എടിഎമ്മുകൾ കാലിയാണ്. ബാങ്കിന്‍റെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞിട്ടുമുണ്ട്. 

Follow Us:
Download App:
  • android
  • ios