ദില്ലി: ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ അമ്രപാലി ഗ്രൂപ്പിന്‍റെ റീറാ രജിസ്ട്രേഷന്‍ (റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) സുപ്രീം കോടതി റദ്ദാക്കി. അമ്രപാലിയുടെ തട്ടിപ്പ് ഇരയായവര്‍ക്ക് ഫ്ലാറ്റുകള്‍ നിര്‍മിച്ചു നല്‍കാന്‍ ദേശീയ ബില്‍ഡിംഗ്സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ സുപ്രീം കോടതി ചുമതലപ്പെടുത്തുകയും ചെയ്തു. 

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് അമ്രപാലി കേസില്‍ വിധി പറഞ്ഞത്. അമ്രപാലി വിഷയത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെ (ഇഡി) കോടതി ചുമതലപ്പെടുത്തുകയും ചെയ്തു. അമ്രപാലി ഗ്രൂപ്പിലെ ഉദ്യോഗസ്ഥരും ഡയറക്ടര്‍മാരും നടത്തിയിട്ടുളള പണമിടപാടുകളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് കോടതി ഇഡിയോട് ആവശ്യപ്പെട്ടു.

ഫ്ലാറ്റ് വാങ്ങാനായി ഉപഭോക്താക്കള്‍ നല്‍കിയ പണം ഫോറില്‍ എക്സചേഞ്ച് മാനേജ്മെന്‍റ് ആക്ട് (എഫ്ഇഎംഎ) നേരിട്ടുളള വിദേശ നിക്ഷേപ നിയമം തുടങ്ങിയ നിയമങ്ങള്‍ക്ക് വിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ടെന്ന് കോടതി വിലയിരുത്തി. കേസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അഡ്വ. വെങ്കിട്ടരമണിയെ റിസീവറായി കോടതി നിയമിച്ചു. ഇടപാടുകാർക്ക് 42,000 ഫ്ളാറ്റുകൾ നൽകുന്നതിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ടാണ് അമ്രപാലി ഗ്രൂപ്പിനെതിരെ നിയമ നടപടികള്‍ തുടങ്ങിയത്. എന്നാല്‍, പിന്നീട് ഫ്ലാറ്റ് നിര്‍മാണത്തിന് പിന്നില്‍ വന്‍ തട്ടിപ്പുകള്‍ക്ക് അമ്രപാളി ഉദ്യോഗസ്ഥരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും നേതൃത്വം നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

അമ്രപാലി ഗ്രൂപ്പ് നടത്തിയ ഫ്ലാറ്റ് തട്ടിപ്പിന് നോയിഡ, ഗ്രേറ്റര്‍ നോയിഡ അതോറിറ്റികളും ബാങ്കുകളും കൂട്ടുനിന്നതായും കോടതി കണ്ടെത്തി. അമ്രപാലി ഗ്രൂപ്പിന് കീഴിലെ 46 സ്ഥാപനങ്ങളുടെ ഇടപാടുകളും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷിക്കും. അവയുടെ എല്ലാം രജിസ്ട്രേഷനും കോടതി റദ്ദാക്കി.