മുംബൈ: കൊവിഡ് വൈറസ് വ്യാപനം ആഗോള സാമ്പത്തിക രംഗത്തിനേൽപ്പിച്ച ആഘാതം ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നു. ഈയാഴ്ചത്തെ ആദ്യ ദിനം വ്യാപാരം തുടങ്ങിയപ്പോൾ സെൻസെക്സ് 2700 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 8000 ന് താഴെയാണ് വ്യാപാരം തുടങ്ങിയത്. 

ഓഹരിവിപണിയിലെ ഇടിവിന് പുറമെ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലും വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബ്രന്റ് ക്രൂഡ് ഓയിൽ ബാരലിന് വില 1.38 ശതമാനം കുറഞ്ഞ് 28.60 ഡോളറിലെത്തി.

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. വിനിമയനിരക്കിൽ ഡോളറിനെതിരെ 76.20 എന്ന നിരക്കിലാണ് ഇന്ത്യൻ രൂപ.

അതിനിടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 400 കടന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 80 ജില്ലകൾ അടച്ചു. ഇന്നലെ മാത്രം രാജ്യത്ത് 68 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ഇവിടെ ഇന്നലെ 15 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരിൽ 14 പേർ മുംബൈയിലാണ്. ഒരാൾ പുണെയിലാണ്. ആകെ രോഗികളുടെ എണ്ണം ഒൻപതായി.

അതേസമയം മുംബൈയിലെ ചേരി നിവാസിയായ 89 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചേരി പ്രദേശത്ത് കഴിയുന്ന 23000 പേരെ നിരീക്ഷണത്തിലാക്കി. ആശങ്ക വർധിച്ചിരിക്കുകയാണ്. ആരോഗ്യപ്രവർത്തകർ രോഗത്തിന്റെ സമൂഹവ്യാപനം തടയാൻ തീവ്ര ശ്രമത്തിലാണ്.

ബേപ്പൂർ തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലുകൾ നിർത്തും. ഇന്ന് ഉച്ചക്ക് പുറപ്പെടുന്ന കപ്പലിന് ശേഷം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ സർവ്വീസ് ഉണ്ടായിരിക്കില്ല. ചരക്ക് കപ്പൽ സർവ്വീസ് നടത്തും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക