കൊച്ചി: ഓഹരിവിപണിയിൽ നേട്ടത്തോടെ വ്യാപാരം അവസാനിച്ചു. സെൻസെക്സ് 1075 പോയിന്റും നിഫ്റ്റി 326 പോയിന്റും നേട്ടത്തിലാണ് വ്യാപാരം ഇന്ന് അവസാനിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയും വൻ നേട്ടമാണ് ഓഹരി വിപണി കൈവരിച്ചത്. ധനമന്ത്രി കോർപ്പറേറ്റ് നികുതി കുറച്ച തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം വിദേശ, ആഭ്യന്തര നിക്ഷേപകർ ആവേശത്തോടെ ഓഹരി വാങ്ങിക്കൂട്ടുന്നത് വിപണിക്ക് നേട്ടമായി.

നിഫ്റ്റി 2.9 ശതമാനവും സെൻസെക്സ് 2.8 ശതമാനവും നേട്ടം ഇന്നുണ്ടാക്കി.ബജാജ് ഫിനാൻസ്, ലാർസൻ, ഏഷ്യൻ പെയിന്റ്സ്,ഐടിസി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചു. ഐടി, ഫാർമ മേഖലകളിൽ ഇന്ന് തിരിച്ചടി നേരിട്ടു. അതേസമയം ഇന്ധനവില കുതിച്ചുയരുകയാണ്. ഒരാഴ്ചക്കിടെ പെട്രോൾ വിലയിൽ ലിറ്ററിന് 1രൂപ 88 പൈസയുടെ വർധനയുണ്ടായി.

ഡീസലിന്റെ വില ലിറ്ററിന് ഒരു രൂപ 50 പൈസയും ഒരാഴ്ചക്കിടെ കൂടി. പെട്രോളിന് 77 രൂപ 33 പൈസയും ഡീസലിന് 72 രൂപ രണ്ട് പൈസയുമാണ് കേരളത്തിലെ വില. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് പെട്രോളിന്റെ വില. സൗദി അരാംകോയിലെ എണ്ണപ്പാടത്തിനും സംസ്കരണകേന്ദ്രത്തിനും നേരേയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അസംസ്കൃത എണ്ണവില കഴിഞ്ഞ ഒരാഴ്ചയായി കുതിച്ചുയർന്നത്.