സിയോളിലെ ഒരു ഫ്രൈഡ് ചിക്കൻ സെന്ററിൽ അപ്രതീക്ഷിത സന്ദർശനം നടത്തി എൻവിഡിയ സിഇഒ, സാംസങ് ചെയർമാൻ, ഹ്യുണ്ടായ് ചെയർമാൻ എന്നിവർ. ഭക്ഷണം കഴിച്ച ശേഷം, റെസ്റ്റോറന്റിലുണ്ടായിരുന്ന മറ്റെല്ലാവരുടെയും ബില്ലുകൾ അടച്ചാണ് മൂന്ന് ശതകോടീശ്വരന്മാരും മടങ്ങിയത്.
സിയോൾ: വ്യാഴാഴ്ച സിയോളിലെ തിരക്കേറിയ ഒരു ഫ്രൈഡ് ചിക്കൻ സെന്ററിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർ പെട്ടെന്ന് കടന്നു വന്ന 3 പേരെക്കണ്ട് ഞെട്ടി. എഐ ചിപ്പ് പവർഹൗസ് എൻവിഡിയയുടെ സിഇഒ ജെൻസൺ ഹുവാങ്, സാംസങ് ഇലക്ട്രോണിക്സിന്റെ ചെയർമാൻ ലീ ജെയ്-യോങ്, ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയർമാനായ ചുങ് ഇയു-സൺ എന്നിവരാണ് വളരെ അപ്രതീക്ഷിതമായി ഫ്രൈഡ് ചിക്കൻ കഴിക്കാനെത്തിയത്. മൂന്ന് ശതകോടീശ്വരന്മാരും മടങ്ങിയതാകട്ടെ, ആ റസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിച്ച എല്ലാവരുടെയും ബില്ലുകൾ കൊണ്ടാണ്. ദക്ഷിണ കൊറിയയിലെ ഉന്നതതല നയതന്ത്ര യോഗങ്ങൾക്കിടയിലാണ് മൂവരുടെയും സന്ദർശനം. രാത്രിയിലാണ് ഇവർ ഫ്രൈഡ് ചിക്കൻ കഴിക്കാനായി എത്തിയത്.
ഗ്യോങ്ജുവിൽ നടക്കുന്ന എ പി ഇ സി ഉച്ചകോടിയിൽ പങ്കെടുക്കാനായി പോകുന്നതിന് മുൻപാണ് മൂവരും തലസ്ഥാനത്തെ ഫേമസ് ആയ കാൻബു ചിക്കനിൽ എത്തിയത്. കോൾഡ് ഡ്രാഫ്റ്റ് ബിയർ, പ്രസിദ്ധമായ കൊറിയൻ ഫ്രൈഡ് ചിക്കൻ ചിമെയ്ക്ക് എന്നിവക്ക് വളരെ പ്രസിദ്ധമാണ് കാൻബു ചിക്കൻ എന്ന റസ്റ്റോറന്റ്. നിക്ക് എന്റെ സുഹൃത്തുക്കളോടൊപ്പം ഫ്രൈഡ് ചിക്കനും ബിയറും കഴിക്കാൻ വളരെ ഇഷ്ടമാണ്. അതിന് കാൻബു ഒരു നല്ല സ്ഥലമാണെന്നും എൻവിഡിയയുടെ സിഇഒ ജെൻസൺ ഹുവാങ് പ്രതികരിച്ചു. കാൻബു എന്ന റെസ്റ്റോറന്റിന്റെ പേരിന്റെ അർത്ഥം കൊറിയൻ ഭാഷയിൽ "അടുത്ത സുഹൃത്ത്" എന്നാണ്.
ചീസ് ബോൾ, ചീസ് സ്റ്റിക്ക്, ബോൺലെസ് ചിക്കൻ, ഫ്രൈഡ് ചിക്കൻ,കൊറിയയുടെ പ്രിയപ്പെട്ട അരി വിഭവമായ ടെറ ബിയറർ, സോജു എന്നിവയാണ് ശതകോടീശ്വരന്മാർ ഓർഡർ ചെയ്തതെന്ന് യോൻഹാപ്പ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭക്ഷണം കഴിഞ്ഞ് എല്ലാവരുടെയും ബില്ലുകൾ ഹുവാങ് അടയ്ക്കുമെന്നതിന്റെ സൂചനയായി റെസ്റ്റോറന്റിന്റെ "ഗോൾഡൻ ബെൽ" അടിച്ചപ്പോൾ ജനക്കൂട്ടം ആർപ്പുവിളിച്ചു. പിന്നീട് ബില്ലുകൾ അടക്കാനായുള്ള അവസരം മൂന്ന് ശതകോടീശ്വരന്മാരും പരസ്പരം ഏറ്റെടുത്തു.
