ആധാര്‍ കാര്‍ഡ് , ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ മേഖലകളില്‍ വരുത്തുന്ന ഈ പരിഷ്‌കാരങ്ങള്‍ സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും സാമ്പത്തിക നിലയെയും നേരിട്ട് സ്വാധീനിക്കുന്നതാണ്.

വംബര്‍ 1 മുതല്‍ രാജ്യത്ത് സുപ്രധാനമായ ചില മേഖലകളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. ആധാര്‍ കാര്‍ഡ് , ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ മേഖലകളില്‍ വരുത്തുന്ന ഈ പരിഷ്‌കാരങ്ങള്‍ സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും സാമ്പത്തിക നിലയെയും നേരിട്ട് സ്വാധീനിക്കുന്നതാണ്. ഇത്തരത്തിലുള്ള അഞ്ച് പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ആധാര്‍ കാര്‍ഡ് പുതുക്കല്‍ ഇനി ഓണ്‍ലൈന്‍ വഴി

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശമനുസരിച്ച്, ആധാര്‍ സേവാ കേന്ദ്രങ്ങളില്‍ പോകാതെ തന്നെ ഇനി വീട്ടിലിരുന്ന് ആധാറിലെ പേര്, മേല്‍വിലാസം, ജനന തീയതി, മൊബൈല്‍ നമ്പര്‍ എന്നിവ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാം. ഈ മാറ്റങ്ങള്‍ക്കായി രേഖകള്‍ അപ്ലോഡ് ചെയ്യേണ്ട ആവശ്യമില്ല. പാന്‍ കാര്‍ഡ് , റേഷന്‍ കാര്‍ഡ് , പാസ്പോര്‍ട്ട് തുടങ്ങിയ സര്‍ക്കാര്‍ ഡാറ്റാബേസുകളിലെ വിവരങ്ങളുമായി ബന്ധിപ്പിച്ച് യുഐഡിഎഐ സ്വയം വെരിഫൈ ചെയ്യും. ഇതോടെ അക്ഷയ കേന്ദ്രങ്ങളില്‍ ക്യൂ നില്‍ക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും. എന്നാല്‍ വിരലടയാളം, ഐറിസ് സ്‌കാന്‍ പോലുള്ള ബയോമെട്രിക് അപ്ഡേറ്റുകള്‍ക്ക് പഴയതുപോലെ സേവാ കേന്ദ്രങ്ങളെ സമീപിക്കേണ്ടി വരും.

പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധം; ഡിസംബര്‍ 31 അവസാന തീയതി

പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത് പ്രകാരം എല്ലാ പാന്‍ കാര്‍ഡ് ഉടമകളും ഡിസംബര്‍ 31-നകം ആധാറുമായി ലിങ്ക് ചെയ്യണം. ഈ തീയതിക്ക് ശേഷം ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ 2026 ജനുവരി 1 മുതല്‍ നിഷ്‌ക്രിയമാക്കപ്പെടും. മ്യൂച്വല്‍ ഫണ്ടുകള്‍, ഡിമാറ്റ് അക്കൗണ്ടുകള്‍ തുടങ്ങിയ സാമ്പത്തിക ഇടപാടുകള്‍ക്ക് ഇത് തടസ്സമായേക്കാം.

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകളില്‍ വര്‍ധന

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ചില ഇടപാടുകള്‍ക്ക് നവംബര്‍ 1 മുതല്‍ അധിക ചാര്‍ജുകള്‍ നല്‍കേണ്ടി വരും.

അണ്‍സെക്യൂര്‍ഡ് കാര്‍ഡ്: അണ്‍സെക്യൂര്‍ഡ് കാര്‍ഡുകള്‍ക്ക് 3.75% ചാര്‍ജ്ജ് ഈടാക്കും.

വിദ്യാഭ്യാസ ഫീസ്: തേര്‍ഡ്-പാര്‍ട്ടി ആപ്പുകള്‍ വഴി സ്‌കൂള്‍, കോളേജ് ഫീസ് അടയ്ക്കുമ്പോള്‍ 1% അധിക ഫീസ് ഈടാക്കും.

ഒഴിവാക്കാം: സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ പി.ഒ.എസ് മെഷീന്‍ വഴിയോ പണമടച്ചാല്‍ ഈ ചാര്‍ജ്ജ് നല്‍കേണ്ടതില്ല.

വാലറ്റ് ലോഡിംഗ്: 1,000-ല്‍ കൂടുതലുള്ള വാലറ്റ് ലോഡിംഗിന് 1% ഫീസ് ഈടാക്കും.

ചെക്ക് മുഖേനയുള്ള പേയ്മെന്റ്: കാര്‍ഡ്-ടു-ചെക്ക് പേയ്മെന്റുകള്‍ക്ക് 200 രൂപ ഫീസ് ബാധകമാകും.

എല്‍.പി.ജി, സി.എന്‍.ജി വിലകളില്‍ മാറ്റം: എല്ലാ മാസത്തെയും പോലെ നവംബര്‍ 1-നും എല്‍.പി.ജി , സി.എന്‍.ജി , എന്നിവയുടെ വിലകള്‍ എണ്ണക്കമ്പനികള്‍ അവലോകനം ചെയ്യും. അന്താരാഷ്ട്ര വിപണിയിലെ വിലയെ ആശ്രയിച്ചാണ് ഈ മാറ്റങ്ങള്‍.