ഇന്നലെ തിളക്കം മങ്ങിയ ഓഹരി വിപണി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. 

മുംബൈ: ഇന്നലെ തിളക്കം മങ്ങിയ ഓഹരി വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 282 പോയന്റ് ഉയര്‍ന്ന് 53,416ലും നിഫ്റ്റി 61 പോയന്റ് നേട്ടത്തില്‍ 15,872ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 0.19 ശതമാനവും നിഫ്റ്റി 0.15 ശതമാനവും ഇടിഞ്ഞിരുന്നു. 

ബാങ്ക് നിഫ്റ്റി സൂചിക 34,000 ന് മുകളിലെത്തി. ഏഷ്യൻ പെയിന്റ്‌സ് ആണ് ഏറ്റവും കൂടുതൽ നേട്ടത്തിൽ. ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ തൊട്ടുപിന്നിലായുണ്ട്. അതേസമയം, പവർ ഗ്രിഡ്, എൻ‌ടി‌പി‌സി, ടാറ്റ സ്റ്റീൽ, എന്‍ജിസി, ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, കോള്‍ ഇന്ത്യ ഓഹരികൾ ഇടിഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികളും നഷ്ടത്തിലാണ്.

അതേസമയം, നിഫ്റ്റി ഐടി, ഓട്ടോ, ബാങ്ക് ഉള്‍പ്പടെയുള്ള സൂചികകള്‍ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ അരശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.