ഭർത്താവ് രാജ് കുന്ദ്രയിൽ നിന്ന് 12.54 കോടി രൂപ സമ്മാനമായി ലഭിച്ചതിനെ തുടർന്ന് ബോളിവുഡ് താരം ശിൽപ ഷെട്ടി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. രാജ് കുന്ദ്രയുടെ വരുമാന സ്രോതസ്സിൽ സംശയം പ്രകടിപ്പിച്ച വകുപ്പ്, ഈ തുകയെ 'വിശദീകരിക്കാനാവാത്ത വരുമാനമായി' കണക്കാക്കിയിരിക്കുകയാണ്.

ബോളിവുഡ് താരം ശില്‍പ ഷെട്ടിക്ക് ഭര്‍ത്താവ് രാജ് കുന്ദ്ര നല്‍കിയ വന്‍ തുകയുടെ സമ്മാനം ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. 12.54 കോടി രൂപയാണ് രാജ് കുന്ദ്ര ശില്‍പയ്ക്ക് സമ്മാനമായി നല്‍കിയത്. എന്നാല്‍ ഇത്രയും വലിയ തുക നല്‍കാന്‍ രാജ് കുന്ദ്രയ്ക്ക് എവിടെ നിന്ന് പണം ലഭിച്ചു എന്നതിലാണ് ആദായനികുതി വകുപ്പ് സംശയം പ്രകടിപ്പിക്കുന്നത്. കേസില്‍ അന്തിമ വിധി പറയുന്നതിന് പകരം, വസ്തുതകള്‍ ഒന്നുകൂടി പരിശോധിക്കാന്‍ ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണല്‍ മുംബൈ ബെഞ്ച് നിര്‍ദ്ദേശിച്ചു.

എന്താണ് കേസ്?

2020-21 സാമ്പത്തിക വര്‍ഷത്തില്‍ തന്റെ ആകെ വരുമാനം 10.84 കോടി രൂപയാണെന്ന് കാണിച്ച് ശില്‍പ ഷെട്ടി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ 12,54,54,594 രൂപയുടെ ഒരു 'ഗിഫ്റ്റ്' എന്‍ട്രി ശ്രദ്ധയില്‍പ്പെട്ടു. സ്‌നേഹസൂചകമായി ഭര്‍ത്താവ് നല്‍കിയ തുകയാണിതെന്നായിരുന്നു ശില്‍പയുടെ വിശദീകരണം. ഇതിനായി 2020 മാര്‍ച്ച് 5-ലെ ഗിഫ്റ്റ് ഡീഡും രാജ് കുന്ദ്രയുടെ പാന്‍ കാര്‍ഡ് വിവരങ്ങളും ഇവര്‍ ഹാജരാക്കി.

ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയം

രേഖകള്‍ ഹാജരാക്കിയെങ്കിലും ചില പ്രധാന കാര്യങ്ങളില്‍ വ്യക്തതയില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. രാജ് കുന്ദ്ര ആ വര്‍ഷം കാണിച്ച വരുമാനം വെറും 27.71 ലക്ഷം രൂപ മാത്രമായിരുന്നു. 27 ലക്ഷം വരുമാനമുള്ള ഒരാള്‍ എങ്ങനെ 12.54 കോടി രൂപ സമ്മാനമായി നല്‍കും എന്നതാണ് പ്രധാന ചോദ്യം. പണം കൈമാറിയത് ബാങ്ക് വഴിയാണെന്ന് തെളിയിക്കുന്ന കൃത്യമായ സ്റ്റേറ്റ്മെന്റുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല.പണം എവിടെ നിന്ന് വന്നു എന്ന് കൃത്യമായി ബോധ്യപ്പെടുത്താന്‍ ശില്‍പയ്ക്ക് കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. ഇതേത്തുടര്‍ന്ന്, ഈ തുകയെ 'വിശദീകരിക്കാനാവാത്ത വരുമാനമായി' കണക്കാക്കി നികുതി ചുമത്താന്‍ ആദായനികുതി വകുപ്പ് തീരുമാനിക്കുകയായിരുന്നു.

ട്രൈബ്യൂണല്‍ പറഞ്ഞത്

കേസ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ എത്തിയപ്പോള്‍ ചില സംയുക്ത ബാങ്ക് അക്കൗണ്ട് രേഖകള്‍ ശില്‍പ ഹാജരാക്കി. എന്നാല്‍ ഈ ബാങ്ക് ഇടപാടുകളും ഗിഫ്റ്റ് ഡീഡും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കുന്നില്ലെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. വെറുമൊരു ഗിഫ്റ്റ് ഡീഡ് ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ലെന്നും, പണം നല്‍കുന്ന ആള്‍ക്ക് അതിനുള്ള സാമ്പത്തിക ശേഷിയുണ്ടെന്ന് തെളിയിക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. കേസ് ഇപ്പോള്‍ അസസിംഗ് ഓഫീസര്‍ക്ക് വീണ്ടും പരിശോധനയ്ക്കായി വിട്ടിരിക്കുകയാണ്.

ശ്രദ്ധിക്കേണ്ടത്…

രേഖകള്‍ മാത്രം പോരാ: വെറുമൊരു ഗിഫ്റ്റ് ഡീഡ് മാത്രം കൈവശം വെച്ചതുകൊണ്ട് രക്ഷപ്പെടാനാവില്ല.

ബാങ്ക് ട്രയല്‍: പണം എവിടെ നിന്ന് വന്നു, എങ്ങനെ കൈമാറി എന്നതിന്റെ ബാങ്ക് രേഖകള്‍ കൃത്യമായിരിക്കണം.

വരുമാന സര്‍ട്ടിഫിക്കറ്റ്: പണം നല്‍കുന്ന ആള്‍ക്ക് ആ തുക നല്‍കാനുള്ള സാമ്പത്തിക ശേഷിയുണ്ടെന്ന് തെളിയിക്കുന്ന ആദായനികുതി രേഖകള്‍ ഹാജരാക്കേണ്ടി വരും. ചുരുക്കത്തില്‍, വമ്പന്‍ സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ നിയമപരമായ നൂലാമാലകള്‍ ഒഴിവാക്കാന്‍ കൃത്യമായ സാമ്പത്തിക രേഖകള്‍ സൂക്ഷിക്കുക തന്നെ വേണം.