വെള്ളിയാഴ്ച മുതൽ 26 പുതിയ ആഭ്യന്തര സർവീസുകൾ. ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
ദില്ലി: സ്‌പൈസ് ജെറ്റ് (SpiceJet) വെള്ളിയാഴ്ച മുതൽ 26 പുതിയ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കും. ഡൽഹിയിൽ നിന്ന് നാസിക്കിലേക്കും ഹൈദരാബാദിൽ നിന്ന് ജമ്മുവിലേക്കും മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്കും ജാർസുഗുഡയിലേക്കും മധുരയിലേക്കും വാരണാസിയിൽ നിന്ന് അഹമ്മദാബാദിലേക്കും കൊൽക്കത്തയിൽ നിന്ന് ജബൽപൂരിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ആണ് ആരംഭിക്കുന്നത്
ഇതിനൊപ്പം തന്നെ അഹമ്മദാബാദ്-ജയ്പൂർ, ഡൽഹി-ഹൈദരാബാദ്, ഡൽഹി-ധരംശാല, അമൃത്സർ-അഹമ്മദാബാദ് റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്നും എയർലൈൻ അറിയിച്ചു. ബോയിംഗ് 737, ക്യു 400 വിമാനങ്ങൾ ആയിരിക്കും ഈ റൂട്ടുകളിൽ വ്യന്യസിക്കുക. സ്‌പൈസ് ജെറ്റിന്റെ പുതിയ സർവീസുകളുടെ ബുക്കിങ്ങിനായി, സ്‌പൈസ് ജെറ്റിന്റെ മൊബൈൽ ആപ്പിലോ വെബിലോ പരിശോധിക്കാം.
Read Also: സ്‌പൈസ്‌ജെറ്റിൽ നിന്ന് സ്‌പൈസ് എക്‌സ്‌പ്രസ് വേർപിരിയും; വിഭജനം ഓഗസ്റ്റ് ആദ്യവാരം
അതേസമയം ആഭ്യന്തര സർവീസുകളുടെ ഡിമാൻഡ് വർധിച്ചതിന് ശേഷവും എയർലൈൻ പൈലറ്റുമാരുടെ ശമ്പളം പുനഃസ്ഥാപിച്ചിട്ടില്ല. കൂടാതെ സെർവറുകളിലെ റാൻസംവെയർ ആക്രമണം ചൂണ്ടിക്കാട്ടി, കഴിഞ്ഞ മൂന്ന് മാസത്തെ സാമ്പത്തിക റിപ്പോർട്ട് പുറത്തു വിടാൻ വൈകുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്‌പൈസ്‌ജെറ്റിന്റെ വിമാനങ്ങളിൽ നിരവധി സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്‌തിട്ടും അതിന്റെ ഒക്യുപ്പൻസി നിരക്ക് ജൂലൈയിൽ ഉയർന്ന നിലയിലാണ്. പാസഞ്ചർ ലോഡ് ഫാക്ടർ (PLF) എന്നും അറിയപ്പെടുന്ന എയർലൈനിന്റെ ഒക്യുപ്പൻസി നിരക്ക് ജൂലൈ 1 നും ജൂലൈ 11 നും ഇടയിൽ 80 ശതമാനത്തിന് മുകളിലായിരുന്നു, യാത്രക്കാർ നൽകിയ വിശ്വാസത്തിന് നന്ദി രേഖപ്പെടുത്തുന്നതായി സ്‌പൈസ്‌ജെറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു.
Read Also: പടയ്ക്കൊരുങ്ങി ജെറ്റ് എയർവേയ്‌സ്; എയർബസിൽ നിന്ന് വാങ്ങുന്നത് 50 എ 220 വിമാനങ്ങൾ
അതേസമയം, സ്‌പൈസ്‌ജെറ്റ് എയർലൈനിൽ നിന്ന് കാർഗോ, ലോജിസ്റ്റിക്‌സ് കമ്പനിയായ സ്‌പൈസ് എക്‌സ്പ്രസിനെ (SpiceXpress) വിഭജിക്കും. ഓഗസ്റ്റ് ആദ്യവാരത്തോടെ സ്‌പൈസ്‌ജെറ്റിൽ നിന്ന് സ്‌പൈസ്‌എക്‌സ്‌പ്രസ് വേർപിരിയും. ഷെയർഹോൾഡർമാരും ബാങ്കുകളും വിഭജനത്തിന് അനുമതി നൽകിയിട്ടുണ്ടെന്ന് സ്‌പൈസ്‌ജെറ്റ് സിഎംഡി അജയ് സിംഗ് പറഞ്ഞു. സ്വതന്ത്രമായി മൂലധനം സ്വരൂപിക്കാൻ സ്പൈസ് എക്സ്പ്രസിന് കഴിയും എന്നതുകൊണ്ടാണ് വേർപിരിയൽ എന്നും വിഭജനം സ്പൈസ്ജെറ്റിനും അതിന്റെ എല്ലാ ഓഹരിയുടമകൾക്കും ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
