ജോയിന്റ് ഹോം ലോണ്‍, ദമ്പതികള്‍ ഒരുമിച്ച് വായ്പ എടുക്കുന്നതാണിത്. വായ്പയുടെ ഭാരം പങ്കിടുക മാത്രമല്ല, ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ലാഭം നല്‍കുന്നതിനും 'ജോയിന്റ് ഹോം ലോണ്‍' സഹായിക്കും

രു ശരാശരി ഇന്ത്യന്‍ കുടുംബത്തെ സംബന്ധിച്ചിടത്തോളം സ്വന്തമായൊരു വീട് എന്നത് വെറുമൊരു സ്വപ്നം മാത്രമല്ല, ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക ലക്ഷ്യം കൂടിയാണ്. കുതിച്ചുയരുന്ന വിലക്കയറ്റം കാരണം വീടിന് വേണ്ട മുഴുവന്‍ തുകയും ഒറ്റയടിക്ക് കണ്ടെത്തുക മിക്കവര്‍ക്കും അസാധ്യമാണ്. ഇവിടെയാണ് ഭവന വായ്പകള്‍ രക്ഷകരായി എത്തുന്നത്. എന്നാല്‍, ഈ വായ്പ എടുക്കുന്നതില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വലിയ തുക ലാഭിക്കാനാകും. ഇതിനുള്ള ഒരു മാര്‍ഗമാണ് 'ജോയിന്റ് ഹോം ലോണ്‍' . ദമ്പതികള്‍ ഒരുമിച്ച് വായ്പ എടുക്കുന്നതാണിത്. വായ്പയുടെ ഭാരം പങ്കിടുക മാത്രമല്ല, ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ലാഭം നല്‍കുന്നതിനും 'ജോയിന്റ് ഹോം ലോണ്‍' സഹായിക്കും.

ഇത് വഴി ദമ്പതികള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം:

1. വായ്പാ യോഗ്യത കൂടും, വീട് വലുതാക്കാം!

രണ്ട് പേരും വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍, ഭാര്യയുടെയും ഭര്‍ത്താവിന്റെയും വരുമാനം ഒന്നായി കണക്കാക്കും. ഇത് കൂടുതല്‍ തുക വായ്പയായി ലഭിക്കുന്നതിന് സഹായിക്കും. കൂടുതല്‍ തുക വായ്പയായി ലഭിക്കുമ്പോള്‍, സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ വലുതോ, അല്ലെങ്കില്‍ മികച്ച സ്ഥലത്തോ ഉള്ള ഒരു വീട് സ്വന്തമാക്കാന്‍ സാധിക്കും.

2. പലിശ കുറയുമോ?

ഇന്ത്യയിലെ മിക്ക ബാങ്കുകളും സ്ത്രീകളെ വീടിന്റെ് ഉടമകളാക്കാന്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി, സ്ത്രീകളുടെ പേരിലുള്ള ഹോം ലോണുകള്‍ക്ക് പലിശ നിരക്കില്‍ 5 മുതല്‍ 15 ബേസിസ് പോയിന്റ് വരെ കുറവ് നല്‍കാറുണ്ട്. ഉദാഹരണത്തിന്, എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി., കാനറ ബാങ്ക് പോലുള്ള ബാങ്കുകള്‍ 5 ബേസിസ് പോയിന്റ് വരെ കുറവ് നല്‍കുമ്പോള്‍, ബാങ്ക് ഓഫ് ഇന്ത്യ 15 ബേസിസ് പോയിന്റ് വരെ കുറവ് നല്‍കുന്നു. ഈ കുറവ് ചെറുതാണെന്ന് തോന്നാമെങ്കിലും, 20 വര്‍ഷത്തേക്ക് 50 ലക്ഷം രൂപയുടെ വായ്പയെടുത്താല്‍, 0.05% കുറവ് പോലും ലക്ഷക്കണക്കിന് രൂപയുടെ പലിശയിളവായി മാറും! അതുകൊണ്ട് ഭാര്യയുമായി ചേര്‍ന്നുള്ള ജോയിന്റ് ഹോം ലോണ്‍ പലിശ ലാഭിക്കാനും സഹായിക്കും.

3. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ലാഭം

പല സംസ്ഥാനങ്ങളിലും, സ്ത്രീകളുടെ പേരില്‍ വസ്തു രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവുകള്‍ ലഭിക്കാറുണ്ട്. ഉദാഹരണത്തിന്, ഡല്‍ഹിയില്‍ ഒരു ശതമാനം കുറവാണ്. അതായത്, ഒരു കോടി രൂപയുടെ വീടിന് അപ്പോള്‍ തന്നെ ഒരു ലക്ഷം രൂപ ലാഭിക്കാം! ഇത് വലിയൊരു തുകയാണ്.

4. നികുതി ഇളവ് ഇരട്ടിയാക്കാം

ഇതാണ് ഏറ്റവും വലിയ നേട്ടം. വായ്പയുടെ തിരിച്ചടവില്‍ (ഇ.എം.ഐ) രണ്ട് പേരും പങ്കുചേരുകയാണെങ്കില്‍, നികുതി ഇളവുകള്‍ രണ്ട് പേര്‍ക്കും അവകാശപ്പെടാം.

സെക്ഷന്‍ 80സി: വായ്പയുടെ പ്രിന്‍സിപ്പല്‍ തുക തിരിച്ചടയ്ക്കുന്നതിന് ഓരോരുത്തര്‍ക്കും 1.5 ലക്ഷം രൂപ വീതം (മൊത്തം 3 ലക്ഷം രൂപ) കിഴിവ് ലഭിക്കും.

സെക്ഷന്‍ 24(ബി): പലിശ ഇനത്തില്‍ ഓരോരുത്തര്‍ക്കും 2 ലക്ഷം രൂപ വീതം (മൊത്തം 4 ലക്ഷം രൂപ) കിഴിവ് നേടാം.

അങ്ങനെ, ഒരു വര്‍ഷം മൊത്തം 7 ലക്ഷം രൂപയുടെ നികുതി ഇളവാണ് ഒരുമിച്ച് ലഭിക്കുക. ഇതിലൂടെ സാമ്പത്തിക ഭാരം കാര്യമായി കുറയ്ക്കാന്‍ സാധിക്കും.

5. മൂലധന നേട്ട നികുതിയിലും നേട്ടം

ഒരു വീട് വില്‍ക്കുമ്പോള്‍ ലാഭം കിട്ടിയാല്‍, അതിന് നല്‍കേണ്ട നികുതിയാണ് മൂലധന നേട്ട നികുതി അഥവാ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ്. സംയുക്തമായി വീട് വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ ഈ നികുതിയില്‍ ഇളവുകള്‍ നേടാന്‍ എളുപ്പമാണ്.

എങ്ങനെയെന്ന് നോക്കാം:

  • സാഹചര്യം 1: രണ്ട് പേര്‍ക്കും ഇളവ്, ഒരൊറ്റ വീട്ടില്‍

ഭര്‍ത്താവിനും ഭാര്യക്കും വെവ്വേറെ വീടുകള്‍ ഉണ്ടായിരുന്നു എന്ന് കരുതുക. അവര്‍ ആ രണ്ട് വീടുകളും വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് പുതിയ ഒരു വീട് ഒരുമിച്ച് വാങ്ങിയാല്‍, രണ്ട് പേര്‍ക്കും ആ ലാഭത്തിന്മേലുള്ള നികുതി ഇളവ് (സെക്ഷന്‍ 54 പ്രകാരം) ലഭിക്കും.

ഒറ്റയ്ക്ക് വാങ്ങിയാല്‍ ഒരാള്‍ക്ക് മാത്രമേ ഇളവ് കിട്ടൂ. സംയുക്തമായി വാങ്ങുമ്പോള്‍, വിറ്റ വീടുകളുടെ ലാഭം നികുതി കൊടുക്കാതെ പുതിയ വീട്ടിലേക്ക് മാറ്റാന്‍ ഇരുവര്‍ക്കും സാധിക്കുന്നു.

  • സാഹചര്യം 2: ഒരു വീട് വിറ്റ് രണ്ട് വീടുകള്‍

രണ്ട് പേരുടെയും പേരില്‍ സംയുക്തമായി ഉണ്ടായിരുന്ന ഒരു വീട് വില്‍ക്കുന്നു എന്ന് കരുതുക. 

ആ തുക ഉപയോഗിച്ച് രണ്ട് പേര്‍ക്കും വെവ്വേറെ വീടുകള്‍ (അഥവാ മറ്റ് പുതിയ നിക്ഷേപങ്ങള്‍) വാങ്ങിയാല്‍, ആനുപാതികമായി രണ്ട് പേര്‍ക്കും മൂലധന നേട്ട നികുതി ഇളവ് അവകാശപ്പെടാം.

ചുരുക്കത്തില്‍, ജോയിന്റ് ഹോം ലോണ്‍ എന്നത് വെറുമൊരു ക്രമീകരണം മാത്രമല്ല, ദീര്‍ഘകാലത്തേക്ക് പണം ലാഭിക്കാനും, സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും, നികുതി പരമാവധി കുറയ്ക്കാനുമുള്ള ഒരു മികച്ച തന്ത്രം കൂടിയാണ്.