സുകന്യ സമൃദ്ധി യോജനപോലുള്ള പദ്ധതികള്‍ ഒരു പക്ഷെ 69 ലക്ഷം നല്‍കുമെന്നൊക്കെ പറഞ്ഞേക്കാം. പക്ഷെ 21 വര്‍ഷത്തിന് ശേഷം പണപ്പെരുപ്പം കൂടി കണക്കാക്കുമ്പോള്‍ ഈ തുക മതിയോ?

കുട്ടികളുടെ ഭാവി ലക്ഷ്യമാക്കി പണം നിക്ഷേപിക്കുമ്പോള്‍ പലപ്പോഴും ഇത്ര വലിയ തുകയൊക്കെ നിക്ഷേപിക്കണോ എന്ന് പലരും ചിന്തിക്കാറുണ്ട്. എന്നാല്‍ പണപ്പെരുപ്പം എന്ന വില്ലനെ കണക്കിലെടുക്കുമ്പോള്‍ ഈ തുകകള്‍ക്ക് എന്ത് സംഭവിക്കും? ഗുവാഹത്തി ആസ്ഥാനമായുള്ള സാമ്പത്തിക വിദഗ്ദ്ധന്‍ ഗൗരവ് മുന്ദ്ര മാതാപിതാക്കള്‍ക്ക് ഈ വിഷയത്തില്‍ ഒരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. സുകന്യ സമൃദ്ധി യോജനപോലുള്ള പദ്ധതികള്‍ ഒരു പക്ഷെ 69 ലക്ഷം നല്‍കുമെന്നൊക്കെ പറഞ്ഞേക്കാം. പക്ഷെ 21 വര്‍ഷത്തിന് ശേഷം പണപ്പെരുപ്പം കൂടി കണക്കാക്കുമ്പോള്‍ ഈ തുകക്ക് യഥാര്‍ത്ഥത്തില്‍ 17 ലക്ഷത്തിന്റെ മൂല്യം മാത്രമാണ് ഉണ്ടാകുകയെന്ന് അദ്ദേഹം ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ കുറിച്ചു. എന്‍പിഎസ് വാത്സല്യ, സുകന്യ സമൃദ്ധി യോജന എന്നിവയെ മ്യൂച്വല്‍ ഫണ്ടുകളുമായി താരതമ്യം ചെയ്തുകൊണ്ടാണ് മുന്ദ്ര ഇത് വിശദീകരിക്കുന്നത്. ഒരു വര്‍ഷം 1.5 ലക്ഷം രൂപ 15 വര്‍ഷം നിക്ഷേപിച്ചാല്‍ സുകന്യ സമൃദ്ധി യോജനയില്‍ 69 ലക്ഷം ലഭിക്കുമെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ പണപ്പെരുപ്പം പരിഗണിക്കുമ്പോള്‍ ഇത് ഇന്നത്തെ മൂല്യത്തില്‍ ഏകദേശം 17-18 ലക്ഷം രൂപ മാത്രമായി ചുരുങ്ങും.

ദേശീയ പെന്‍ഷന്‍ സിസ്റ്റത്തിന്റെ (NPS) കുട്ടികള്‍ക്കായുള്ള പദ്ധതിയായ എന്‍പിഎസ് വാത്സല്യയിലും സമാനമായ അവസ്ഥയാണുള്ളത്. 1.4 കോടി ലഭിക്കുമെന്ന് കാണിക്കുന്നുണ്ടെങ്കിലും, അതില്‍ നിന്ന് 35 ലക്ഷം രൂപ മാത്രമാണ് ആദ്യം ലഭിക്കുക. 21 വര്‍ഷത്തേക്ക് 6% പണപ്പെരുപ്പം കണക്കാക്കുമ്പോള്‍, ഇത് ഇന്നത്തെ മൂല്യത്തില്‍ വെറും 8.4 ലക്ഷം രൂപ മാത്രമായിരിക്കും. രണ്ട് പതിറ്റാണ്ടിന് ശേഷം നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസം, അല്ലെങ്കില്‍ വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് ഈ 8 ലക്ഷമോ 7 ലക്ഷമോ മതിയാകുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

പകരം, ചില്‍ഡ്രന്‍-ഫോക്കസ്ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ പരിഗണിക്കാനാണ് മുന്ദ്രയുടെ നിര്‍ദ്ദേശം. 12% വാര്‍ഷിക വരുമാനം പ്രതീക്ഷിക്കുന്ന ഈ ഫണ്ടുകള്‍ക്ക് 1.4 കോടി വരെ നല്‍കാന്‍ സാധിക്കും. നികുതി കിഴിച്ചാല്‍ ഏകദേശം 1.2 കോടി ലഭിക്കും, ഇത് ഇന്നത്തെ മൂല്യത്തില്‍ ഏകദേശം 34 ലക്ഷത്തിന് തുല്യമാണ്. വലിയ സംഖ്യകള്‍ക്ക് പിന്നാലെ പോകരുതെന്നും യഥാര്‍ത്ഥ മൂല്യം കണക്കിലെടുത്ത് ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.

നിയമപരമായ മുന്നറിയിപ്പ് : മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ , വ്യാപാര നിര്‍ദേശമല്ല, ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി വായിച്ച് മനസിലാക്കുക