ഏപ്രില്‍ മുതല്‍ വിദേശ രാജ്യങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ തീരുവകള്‍ പ്രാബല്യത്തില്‍ വന്നു തുടങ്ങിയിട്ടേയുള്ളൂവെന്നും, ഇത് ഒരു വര്‍ഷം ഏകദേശം 82 ലക്ഷം കോടി രൂപ വരുമാനം നല്‍കുമെന്നും ട്രംപ്

തീരുവയിലൂടെ ലഭിക്കുന്ന വരുമാനത്തില്‍നിന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് 2,000 ഡോളര്‍ (ഏകദേശം 1.76 ലക്ഷം രൂപ) വരെ തിരികെ നല്‍കാന്‍ ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . ഈ പണം 'അമേരിക്കയിലെ ജനങ്ങള്‍ക്കുള്ള ഡിവിഡന്റ്' ആയി നല്‍കുന്നത് പരിഗണിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഏപ്രില്‍ മുതല്‍ വിദേശ രാജ്യങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ തീരുവകള്‍ പ്രാബല്യത്തില്‍ വന്നു തുടങ്ങിയിട്ടേയുള്ളൂവെന്നും, ഇത് ഒരു വര്‍ഷം ഒരു ട്രില്യണ്‍ ഡോളറിലധികം (ഏകദേശം 82 ലക്ഷം കോടി രൂപ) വരുമാനം നല്‍കുമെന്നും ട്രംപ് 'വണ്‍ അമേരിക്ക ന്യൂസ് നെറ്റ്വര്‍ക്കി'നോട് പറഞ്ഞു. തിരികെ നല്‍കാന്‍ സാധ്യതയുള്ള തുക എത്രയെന്ന ചോദ്യത്തിന്, 'ഞങ്ങള്‍ 1,000 മുതല്‍ 2,000 ഡോളര്‍ വരെ ആലോചിക്കുന്നു' എന്നായിരുന്നു ട്രംപിന്റെ മറുപടി.

കടം കുറയ്ക്കാന്‍ മുന്‍ഗണന

തീരുവ വരുമാനം ആദ്യം വിനിയോഗിക്കുക നിലവിലെ 37 ട്രില്യണ്‍ ഡോളര്‍ (ഏകദേശം 300 ലക്ഷം കോടി രൂപ) വരുന്ന അമേരിക്കയുടെ കടം കുറയ്ക്കുന്നതിനായിരിക്കുമെന്നും ട്രംപ് വിശദീകരിച്ചു.തീരുവ വരുമാനത്തിലെ കുതിച്ചുചാട്ടം കണക്കിലെടുക്കുമ്പോള്‍, ഈ കടം താരതമ്യേന വളരെ കുറവാണ് എന്നും അദ്ദേഹം പറഞ്ഞു. ഒന്നാമതായി, കടം തിരിച്ചടയ്ക്കുമെന്നും അതിനുശേഷം, ജനങ്ങള്‍ക്ക് പണം വിതരണം ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

വരുമാനം 300 ബില്യണ്‍ ഡോളറിലേക്ക്

ട്രഷറി കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ഇതുവരെ ഫെഡറല്‍ ഗവണ്‍മെന്റ് തീരുവ ഇനത്തില്‍ ഏകദേശം 214.9 ബില്യണ്‍ ഡോളര്‍ (ഏകദേശം 17.6 ലക്ഷം കോടി രൂപ) സമാഹരിച്ചു കഴിഞ്ഞു. സെപ്റ്റംബറിലെ വരുമാനം 31.3 ബില്യണ്‍ ഡോളര്‍ ആയിരുന്നത് ഓഗസ്റ്റിലെ റെക്കോര്‍ഡിനേക്കാള്‍ 73 ദശലക്ഷം ഡോളര്‍ കുറവാണ്. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് നേരത്തെ പ്രവചിച്ചിരുന്നത് ഈ വര്‍ഷാവസാനത്തോടെ മൊത്തം തീരുവ വരുമാനം കുറഞ്ഞത് 300 ബില്യണ്‍ ഡോളര്‍ (ഏകദേശം 24.6 ലക്ഷം കോടി രൂപ) എങ്കിലും ആകുമെന്നാണ്.

സുപ്രീം കോടതിയുടെ തീരുമാനം നിര്‍ണായകം

തീരുവ ഏര്‍പ്പെടുത്താന്‍ പ്രസിഡന്റിന് അധികാരമുണ്ടോയെന്ന കേസ് നവംബര്‍ ആദ്യം സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. യുഎസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ ദി ഫെഡറല്‍ സര്‍ക്യൂട്ട് ഉള്‍പ്പെടെയുള്ള കീഴ്‌ക്കോടതികള്‍ പല തീരുവകളുടേയും നിയമസാധുതയെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍, അപ്പീല്‍ നടപടികള്‍ കഴിയുന്നതുവരെ അവ നിലനിര്‍ത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. തീരുവ നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചാല്‍, തീരുവ വരുമാനം സര്‍ക്കാര്‍ തിരികെ നല്‍കേണ്ടി വരുമെന്ന് ട്രഷറി സെക്രട്ടറി ബെസ്സന്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.