ദില്ലി: വ്യോമയാന കമ്പനിയായ വിസ്താരയിലേക്ക് ടാറ്റാ സണ്‍സ് ലിമിറ്റഡും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്ന് 900 കോടി രൂപ നിക്ഷേപം നടത്തി. ഇരു കമ്പനികളും ചേര്‍ന്ന് രൂപീകരിച്ച സംരംഭമാണ് വിസ്താര. എയര്‍ബസില്‍ നിന്നും ബോയിംഗില്‍ നിന്നും പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനായാണ് പ്രധാനമായും പണം ഉപയോഗിക്കുക. കമ്പനിയുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്താനും തുക വകയിരുത്തും. 

കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പ്രകാരം സിംഗപ്പൂര്‍ എയര്‍ലൈന്‍സ് 441 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. വിസ്താരയില്‍ ടാറ്റയ്ക്ക് 51 ശതമാനം ഓഹരി പങ്കാളിത്തമാണുളളത്. 49 ശതമാനം ഓഹരി പങ്കാളിത്തം സിംഗപ്പൂര്‍ എയര്‍ലൈന്‍സിനാണ്. 2023 ഓടെ വിസ്താരയുടെ ഫ്ളീറ്റില്‍ മൂന്ന് മടങ്ങ് വര്‍ധന സാധ്യമാക്കുന്നതിനാണ് ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈനിന്‍റെയും ശ്രമം. 

ഇപ്പോള്‍ നഷ്ടത്തിലുളള കമ്പനിയെ എത്രയും പെട്ടെന്ന് ലാഭത്തിലാക്കാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. നിലവില്‍ 22 വിമാനങ്ങളാണ് വിസ്താരയുടെ കൈവശമുളളത്. 2017-18 ല്‍ കമ്പനി 431.30 കോടി രൂപ നഷ്ടത്തിലായിരുന്നു.