Asianet News MalayalamAsianet News Malayalam

നികുതിയടയ്ക്കാതെ കളിപ്പിച്ച് ഗെയിംഗ് കമ്പനികള്‍; കാരണം ഇതാണ്

ജിഎസ്ടി അടയ്‌ക്കുന്നതിനെ ചൊല്ലി ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങൾ സർക്കാരുമായി തർക്കത്തിലാണ്.

Tax Crackdown On Online Gaming Companies GST Authorities
Author
First Published Oct 26, 2023, 9:05 AM IST

നികുതി അടയ്ക്കാത്തതി‍റെ പേരില്‍ നികുതി വകുപ്പ് ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ക്ക് അയച്ച കാരണംകാണിക്കല്‍ നോട്ടീസുകളിലെ ആകെ തുക ഒരു ലക്ഷം കോടി കടന്നു. 2023 ഒക്‌ടോബർ 1 വരെയുള്ള കാലയളവിൽ 18 ശതമാനത്തിന് പകരം 28 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) അടയ്‌ക്കുന്നതിനെ ചൊല്ലി ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങൾ സർക്കാരുമായി തർക്കത്തിലാണ്. 28 ശതമാനം നികുതി ഒക്ടോബർ 1 മുതൽ മാത്രമേ ബാധകമാകൂ എന്ന് ആണ് കമ്പനികൾ കരുതുന്നത്. അതേ സമയം ഒക്‌ടോബർ ഒന്നിലെ പരിഷ്‌കരണം ഇതിനകം പ്രാബല്യത്തിൽ വന്ന ഒരു നിയമത്തിന് വ്യക്തത നൽകൽ മാത്രമാണെന്നാണ് സർക്കാരിന്റെ നിലപാട്. 2023 ഓഗസ്റ്റിൽ ജിഎസ്ടി കൗൺസിൽ യോഗത്തിലാണ്, പന്തയങ്ങൾ ഉൾപ്പെടുന്ന എല്ലാ ഓൺലൈൻ ഗെയിമുകൾക്കും 28 ശതമാനം ജിഎസ്ടി നിരക്ക് ഈടാക്കണമെന്ന് നിയമം ഭേദഗതി ചെയ്യുന്നതിന് തീരുമാനിച്ചത്.

കൗൺസിലിന്റെ തീരുമാനത്തെത്തുടർന്നാണ്, ഓൺലൈൻ ഗെയിമിംഗ് കമ്പനികളോട് വലിയ നികുതി അടക്കാനായി സർക്കാർ നിർദേശിച്ചത്. 2022-ൽ ഗെയിമിംഗ് കമ്പനികളുടെ മൊത്തം വരുമാനം ഏകദേശം 20,000-22,000 കോടി രൂപയായിരുന്നുവെന്നും, എന്നാൽ അവർക്കെതിരെ ഉയർത്തിയ നികുതി ആവശ്യം 55,000 കോടി രൂപയാണെന്നും കമ്പനികൾ ആരോപിച്ചു. ഗെയിമിംഗ് കമ്പനി ഡ്രീം 11-ന്റെ മാതൃ കമ്പനിയായ ഡ്രീം സ്‌പോർട്‌സ്, ഏകദേശം 25,000 കോടി രൂപ നികുതി അടയ്ക്കണമെന്ന ആവശ്യത്തെ എതിർത്ത് ബോംബെ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിട്ടുണ്ട്.

നികുതി വകുപ്പിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന ഗെയിമിംഗ് കമ്പനി ഡെൽറ്റ കോർപ്പറേഷന്റെ ഹർജി പരിഗണിച്ച ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് അനുവാദമില്ലാതെ അന്തിമ ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് നികുതി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

സെപ്റ്റംബർ 22-ന് ഡെൽറ്റ കോർപ്പറേഷന് 11,140 കോടി രൂപയുടെ നികുതി നോട്ടീസ് ലഭിച്ചു, അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും 5,682 കോടി രൂപയുടെ നോട്ടീസും ലഭിച്ചിട്ടുണ്ട്

Follow Us:
Download App:
  • android
  • ios