ദില്ലി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് അമ്പത് കൊല്ലം പൂര്‍ത്തിയാക്കിയ അവസരത്തില്‍ ജീവനക്കാര്‍ക്ക് നല്‍കിയ സമ്മാനം ടൈറ്റാന്‍ വാച്ച്. കമ്പനിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തില്‍ വലിയ സമ്മാനം പ്രതീക്ഷിച്ച ജീവനക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഈ സമ്മാനം നിരാശരാക്കിയെന്നാണ് ദ ഹിന്ദുപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ബോണസ് പണം, ആഭാരണം, വീട്, കാര്‍ തുടങ്ങിയ വലിയ സമ്മാനങ്ങള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐടി കമ്പനി ഈ അമ്പതാം വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി ജീവനക്കാര്‍ക്ക് നല്‍കും എന്നാണ് പൊതുവില്‍ കേട്ടിരുന്നത്. 

ഞങ്ങള്‍ വലിയ സമ്മാനമാണ് പ്രതീക്ഷിച്ചത്. ഇത് ആഗോളതലത്തില്‍ തന്നെ എല്ലാ ജീവനക്കാര്‍ക്കും നിരാശ നല്‍കുന്നതാണ്, ഏപ്രില്‍ 12 ആകുവാന്‍ ഒരു കൊല്ലമായി ജീവനക്കാര്‍ കാത്തിരിക്കുകയായിരുന്നു. ടാറ്റയിലെ തന്നെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പേര് വെളിപ്പെടുത്താതെ പ്രതികരിച്ചു.

അതേ സമയം അമ്പതാം വാര്‍ഷികത്തില്‍ നല്‍കിയ സന്ദേശത്തില്‍ ടിസിഎസ് സിഇഒ എംഡി രാജേഷ് ഗോപി നാഥന്‍ തങ്ങള്‍ നല്‍കിയ സുവനീറിനെ 'കീപ് ടിക്കിംഗ്' എന്നാണ് പറയുന്നത്. ഞങ്ങള്‍ നല്‍കുന്ന സുവനീര്‍ ടിസിഎസിന്‍റെ സീമകളില്ലാത്ത ഊര്‍ജ്ജത്തിന്‍റെയും, എല്ലാ സമയത്തും പ്രവര്‍ത്തിക്കുന്നതിന്‍റെ കൃത്യതയും ഓര്‍മ്മപ്പെടുത്തുന്നതാണെന്ന് ടിസിഎസ് സിഇഒ എംഡി രാജേഷ് ഗോപി നാഥന്‍ പറയുന്നു.