ദില്ലി: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് അസമിലെ തേയില വ്യവസായ മേഖലയിൽ, ഉൽപ്പാദനത്തിൽ 80 ദശലക്ഷം കിലോയുടെ കുറവുണ്ടായതായി അനുമാനം. ദി നോർത്ത് ഈസ്റ്റേൺ ടീ അസോസിയേഷൻ നടത്തിയ അവലോകനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

അസമിൽ തേയില ഉൽപ്പാദനം സീസണലാണ്. ജൂലൈ, ആഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ മാസത്തിലാണ് 60 ശതമാനവും ഉൽപ്പാദിപ്പിക്കുന്നത്. എന്നാൽ, മാർച്ചിലെയും ഏപ്രിൽ മാസത്തിലെയും ഉൽപ്പാദനം കൊവിഡ് ലോക്ക് ഡൗൺ മൂലം തടസപ്പെട്ടു. 80 ലക്ഷം കിലോയുടെ കുറവ് ഉൽപ്പാദനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. ഇതിലൂടെ വ്യവസായ മേഖലയിൽ 1,200 കോടിയുടെ നഷ്ടം ഉണ്ടായേക്കും.

ഇതോടെ ഇന്ത്യയൊട്ടാകെ തേയിലയ്ക്ക് വരുംനാളുകളിൽ ക്ഷാമം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള തേയില കയറ്റുമതിയിൽ വർധനവും പ്രതീക്ഷിക്കുന്നുണ്ട്. തേയില മനുഷ്യന്റെ പ്രതിരോധശേഷി വികസിപ്പിക്കുന്ന പാനീയമാണെന്ന തരത്തിൽ ആഗോള തലത്തിൽ തന്നെ വലിയ പ്രചാരണത്തിനാണ് ആലോചന നടക്കുന്നത്. ഇന്ത്യയെ ദീർഘകാലമായി ആശ്രയിച്ചിരുന്ന പരമ്പരാഗത മാർക്കറ്റുകളിലേക്കുള്ള കയറ്റുമതിയിൽ ഇടിവുണ്ടാകുമെന്നും കരുതുന്നുണ്ട്.