ദില്ലി: ടെക് ഭീമനായ ആപ്പിള്‍ 20 ശതമാനം നിര്‍മ്മാണം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത് സംബന്ധിച്ച് ഇന്ത്യാ ഗവണ്‍മെന്റുമായി ആപ്പിളിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയില്‍ നിര്‍മ്മിക്കുന്ന പല കമ്പനികളും സമാന രീതിയില്‍ നിര്‍മ്മാണ് മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. 

പ്രാദേശിക തലത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യതകളാണ് ആപ്പിള്‍ പരിശോധിക്കുന്നതെന്നാണ് നിരീക്ഷണം. മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിര്‍മ്മാണത്തിനായി ചൈനയല്ലാതെ മറ്റ് സമാന്തര മാര്‍ഗങ്ങളെക്കുറിച്ചാണ് ആപ്പിള്‍ ആലോചിക്കുന്നത്. ചൈനയില്‍ നിന്ന് ബിസിനസുകള്‍ മാറ്റാന്‍ താല്‍പര്യപ്പെടുന്ന കമ്പനികള്‍ക്ക് ജപ്പാന്‍ ഇതിനോടകം 2.2 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സമാനമായ രീതിയലുള്ള സമീപനമാണ് അമേരിക്കയില്‍ നിന്നുമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ ചൈന വിടാന്‍ തീരുമാനിക്കുന്ന ആഗോള കമ്പനികള്‍ക്ക് ഇന്ത്യയും വേദിയാകുമെന്നതിന്‍റെ സൂചനയാണ് ആപ്പിളിന്‍റെ സമീപനത്തില്‍ നിന്ന് വ്യക്തമാകുന്നത്. രാജ്യത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ മേഖലയ്ക്ക് 48000 കോടി രൂപയുടെ മൂന്ന് പദ്ധതികള്‍ കഴിഞ്ഞ മാര്‍ച്ചിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 

ഏകദേശം 1.5 ബില്യണ്‍ ഡോളര്‍ വരുമാനമാണ് മൊബൈല്‍ ഫോണ്‍ വില്‍പനയില്‍ നിന്ന് ഇന്ത്യയില്‍ നിന്ന് ആപ്പിളിന് ലഭിക്കുന്നത്. ഇതില്‍ 0.5 ബില്യണ്‍ ഡോളറിനുള്ള ഫോണുകള്‍ മാത്രമാണ് രാജ്യത്ത് നിര്‍മ്മിക്കുന്നത്. ചൈനയിലെ വന്‍കിട നിക്ഷേപകരാണ് ആപ്പിള് കമ്പനി. 2018-2019 കാലയളവില്‍ 220ബില്യണ്‍ ഡോളറിന്‍റെ ഉല്‍പ്പന്നങ്ങളാണ് ചൈനയില്‍ നിന്ന് ആപ്പിള്‍ നിര്‍മ്മിച്ചിട്ടുള്ളത്. നേരിട്ടോ അല്ലാതെയ 4.5 മില്യണ്‍ ആളുകള്‍ക്കാണ് ആപ്പിള്‍ ചൈനയില്‍ ജോലി നല്‍കുന്നത്.