ചൈനയിൽ വിൽക്കുന്നതിന്റെ ഇരട്ടി വിലയ്ക്കാണ് ഇന്ത്യയിൽ ടെസ്‌ല കാറുകൾ വിൽക്കുന്നത്
മുംബൈ: ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. മുംബൈയിൽ ആദ്യ ഷോറൂം ആരംഭിച്ചുകൊണ്ടാണ് ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള ചുവടുവെയ്പ്. മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബാന്ദ്ര കുർള കോംപ്ലക്‌സിൽ 4,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഷോറൂമാണ് ടെസ്‌ല തുറന്നിരിക്കുന്നത്. ടെസ്‌ല എക്‌സ്പീരിയൻസ് സെന്റർ എന്നും അറിയപ്പെടുന്ന ഈ ഫ്ലാഗ്ഷിപ്പ് ഷോറൂമിന് പിന്നാലെ ദില്ലി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കൂടി കൂടുതൽ ഔട്ട്‌ലെറ്റുകൾ തുറക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ ഇവി മേഖലയിൽ തങ്ങളുടെ യാത്രയുടെ തുടക്കം കുറിച്ചുകൊണ്ട്. ഷാങ്ഹായ് ഫാക്ടറിയിൽ നിന്ന് ഇറക്കുമതി ചെയ്ത മോഡൽ വൈ ഇലക്ട്രിക് എസ്‌യുവിയുമായാണ് ടെസ്‌ല എത്തുന്നത്. ഉപഭോക്താക്കൾക്ക് ടെസ്‌ല ഇവികളുടെ വിലകൾ പരിശോധിക്കാനും അവയുടെ വകഭേദങ്ങൾ കാണാനും കോൺഫിഗറേഷൻ ഉപകരണങ്ങൾ ഉപയോഗിക്കാനും കഴിയും.
ടെസ്‌ല വൈ മോഡൽ ഇലക്ട്രിക് എസ്‌യുവിയാണ് പുറത്തിറക്കിയത്. ആഗോളതലത്തിൽ, ടെസ്‌ലയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമാണ് മോഡൽ വൈ. ചൈനയിൽ വിൽക്കുന്ന വിലയുടെ ഏകദേശം ഇരട്ടി വിലയാണ് ഇന്ത്യയിൽ എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ, വൈ മോഡൽ റിയർ-വീൽ ഡ്രൈവിന് 60 ലക്ഷം രൂപയും ലോംഗ് റേഞ്ച് പതിപ്പിന് 68 ലക്ഷം രൂപയുമാണ് വില. ചൈനയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ വൈ മോഡൽ ഇലക്ട്രിക് എസ്‌യുവിയ്ക്ക് ചൈനയിൽ 29.9 ലക്ഷം രൂപയാണ് വില. യുഎസിൽ 37.5 ലക്ഷം രൂപയ്ക്കും ഈ മോഡൽ ലഭ്യമാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള വിലയിലെ പ്രകടമായ വ്യത്യാസത്തിന് പ്രധാന കാരണം ഇറക്കുമതി തീരുവകളാണ്, നിലവിൽ പൂർണ്ണമായും നിർമ്മിച്ച വാഹനങ്ങൾ ആണ് ടെസ്‌ല ഇറക്കുമതി ചെയ്യുന്നത്. 100 ശതമാനം വരെ ഉയർന്നതാണ് ഇവയുടെ തീരുവ. . തീരുവ കുറയ്ക്കണമെന്ന് ടെസ്‌ല വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടന്നിട്ടില്ല. ഒരു പ്രാദേശിക നിർമ്മാണത്തിന് ടെസ്‌ല ഒരുക്കവുമല്ല.
ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയാണെങ്കിലും ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം അഞ്ച് ശതമാനത്തിൽ താഴെയാണ്. ജൂലൈ അവസാനത്തോടെ ടെസ്‌ല ദില്ലിയിൽ രണ്ടാമത്തെ ഷോറൂം തുറക്കും. ടാറ്റ മോട്ടോഴ്‌സ്, എംജി മോട്ടോർ, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയ ബജറ്റ് ഇവി നിർമ്മാതാക്കളെയല്ല, മറിച്ച് ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് പോലുള്ള ജർമ്മൻ ആഡംബര ഭീമന്മാരോടായിരിക്കും ടെസ്‌ല മത്സരിക്കുക.

