ദില്ലി: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനീസ് കമ്പനികൾക്ക് നേരിട്ട തിരിച്ചടി മുതലാക്കാൻ ഇന്ത്യൻ കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. ചൈനീസ് കമ്പനികൾ മേധാവിത്വം തുടരുന്ന വസ്ത്രവിപണിയിൽ സ്വാധീനം നേടാനാണ് ഇന്ത്യൻ കമ്പനികൾക്ക് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.

ഇന്ത്യയിൽ നിന്നുള്ള വസ്ത്ര കയറ്റുമതി കഴിഞ്ഞ ഏഴ് വർഷത്തിനിടെ വൻതോതിൽ ഇടിഞ്ഞിട്ടുണ്ട്. ഇത് ആശങ്കയുളവാക്കുന്നതാണെന്നും, എന്നാൽ ഇപ്പോൾ വീണുകിട്ടിയിരിക്കുന്ന അവസരം മുതലാക്കാൻ ഇന്ത്യൻ കമ്പനികൾ ശ്രമിക്കേണ്ടതുണ്ടെന്നുമാണ് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയ സെക്രട്ടറി രവി കപൂർ നൽകിയിരിക്കുന്ന നിർദ്ദേശം.

കൊറോണ ബാധയെ തുടർന്ന് ചൈനീസ് കമ്പനികളുടെ കയറ്റുമതി കുറഞ്ഞത് ആഗോള വിപണിയിൽ കുറഞ്ഞത് 20 ബില്യൺ ഡോളറിന്റെ ഇടപാട് തടസപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ 2018 ലെ ടെക്സ്റ്റൈൽ ഉൽപ്പാദനം 140 ബില്യൺ ഡോളറിന്റേതായിരുന്നു. 100 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ തന്നെ വിറ്റഴിച്ചു. ശേഷിച്ച 40 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് കയറ്റി അയച്ചത്.