വിവാഹങ്ങൾക്കായി ആഡംബരമായി തന്നെ പണം ചെലവഴിക്കുന്നവരാണ് ഇന്ത്യക്കാർ. വിവാഹ സീസണിൽ നേട്ടമുണ്ടാക്കുന്ന അഞ്ച് ഓഹരികൾ പരിചയപ്പെടാം
ദില്ലി: ഇന്ത്യയിൽ പ്രതിവർഷം എത്ര വിവാഹങ്ങൾ നടക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? ഏകദേശം 10 ദശലക്ഷത്തോളം വിവാഹം ഇന്ത്യയിൽ മാത്രമായി നടക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ നിക്ഷേപിക്കാൻ ഏറ്റവും മികച്ച ഓഹരി തന്നെയാണ് വിവാഹവുമായി ബന്ധപ്പെട്ടുകൊണ്ടുള്ളതെല്ലാം. കാരണം സമ്പദ്‌വ്യവസ്ഥയുടെ ഉയർച്ച താഴ്ചകൾ ബാധിക്കാത്ത ഒരു വ്യവസായമുണ്ടെങ്കിൽ അത് ഇന്ത്യൻ വിവാഹ വ്യവസായമാണ് വിവാഹങ്ങൾക്കായി ആഡംബരമായി തന്നെ പണം ചെലവഴിക്കുന്നവരാണ് ഇന്ത്യക്കാർ. വിവാഹ നാളിലെ ചെലവുകൾക്ക് പുറമെ തന്നെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായും വീടിന്റെ അറ്റകുറ്റപ്പണികൾക്കും പെയിന്റ് ജോലികൾക്കും അടക്കം വലിയൊരു തുക ചെലവഴിക്കുന്നവരാണ് ഇന്ത്യയിലുള്ളവർ. ആഭരണങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇലക്‌ട്രോണിക്‌സ്, മോട്ടോർ വാഹനങ്ങൾ, വിവിധ സമ്മാന വസ്തുക്കൾ എന്നിവയ്ക്കും വിവാഹ വിപണിയിൽ ഭരിച്ച ചെലവുകൾ വരും. അതിനാൽ തന്നെ വിവാഹവുമായി ബന്ധപ്പെട്ട ഓഹരികളിൽ നിക്ഷേപിക്കുന്നത് വളരെ ഗുണകരമാണ്. വിവാഹ സീസണിൽ വിവാഹവുമായി ബന്ധപ്പെട്ട ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ കമ്പനികളുടെ വരുമാനം പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നതിനാൽ മറ്റു ഓഹരികളിൽ നിക്ഷേപിക്കുന്നത്പോലെതന്നെ ജാഗ്രതയോടെ വേണം വിവാഹ ഓഹരികളിലും നിക്ഷേപിക്കാൻ.
പകർച്ചവ്യാധി കാരണം വിവാഹ വ്യവസായത്തിന് വൻ തിരിച്ചടിയാണ് മുൻപ് നേരിട്ടത്. വലിയ ഒത്തുചേരലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വിവാഹ വിപണിയെ സ്തംഭിപ്പിച്ചിരുന്നു. നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടുകൂടി 2022 ഏപ്രിൽ പകുതി മുതൽ 2022 ജൂലൈ വരെയുള്ള കാലയളവിൽ 40 ലക്ഷം വിവാഹങ്ങൾ വരെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിവാഹങ്ങളിൽ നിന്ന് 5 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് പ്രതീക്ഷിക്കുന്നതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) അറിയിച്ചു. അതിനാൽ തന്നെ ഈ സമയങ്ങളിൽ വിവാഹവുമായി ബന്ധപ്പെട്ട ഓഹരികളിൽ നിക്ഷേപിക്കുന്നത് ലാഭകരമായിരിക്കും. വിവാഹ സീസണിൽ ലാഭം കൊയ്യുന്ന അഞ്ച് കമ്പനികൾ ഇതാ;
1 ടൈറ്റൻ
ഇന്ത്യയിലെ ഏറ്റവും വലിയ വച്ച് നിർമാതാക്കളും ആഭരണങ്ങളുടെ റീടൈലറുമായ
ടൈറ്റൻ വിവാഹ വിപണിയിൽ മികച്ച ആധിപത്യമാണ് പുലർത്തുന്നത്. കമ്പനിയുടെ വരുമാനത്തിന്റെ 80 ശതമാനവും ജ്വല്ലറി വിഭാഗത്തിൽ നിന്നാണ്. തനിഷ്‌ക്, സോയ, മിയ, കാരറ്റ്‌ലെയ്ൻ എന്നീ ബ്രാൻഡുകളിലൂടെയാണ് ടൈറ്റൻ ആഭരണങ്ങൾ വിൽക്കുന്നത്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വിവാഹങ്ങളുടെ എണ്ണം പലമടങ്ങ് കുതിച്ചുയരുന്നതോടെ ടൈറ്റൻ പോലുള്ള കമ്പനികളുടെ വരുമാനം വർദ്ധിക്കും.സ്വർണത്തിനും സ്വർണാഭരണങ്ങൾക്കും ഡിമാൻഡ് കൂടുമെന്നതിനാൽ കമ്പനിക്ക് മികച്ച ലാഭം കൊയ്യാൻ കഴിയും.
2 തങ്കമയിൽ
തമിഴ്‌നാട്ടിൽ അതിവേഗം വളരുന്ന ജ്വല്ലറി റീട്ടെയിലർമാരിൽ ഒന്നാണ് തങ്കമയിൽ. സ്വർണ്ണം, വെള്ളി, വജ്രം, പ്ലാറ്റിനം എന്നിങ്ങനെ നാല് ഉൽപ്പന്നങ്ങളാണ് തങ്കമയിൽ പ്രധാനമായും കൈകാര്യം ചെയ്യുന്നത്. സ്വർണ്ണത്തിന്റെ വിൽപ്പനയാണ് ഇവരുടെ പ്രധാന വരുമാന സ്രോതസ്സ്. വിവാഹങ്ങൾ വർധിക്കുന്നതോടുകൂടി കമ്പനിയുടെ വരുമാനം വർധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
3 വേദാന്ത് ഫാഷൻ
ഇന്ത്യൻ വിവാഹ വസ്ത്ര വിപണിയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന കമ്പനിയാണ് വേദാന്ത് ഫാഷൻ. മാന്യവർ, മഹി, മന്തൻ തുടങ്ങിയ ബ്രാൻഡുകളിലൂടെ വിവാഹ വസ്ത്ര വിപണിയിൽ മികച്ച വരുമാനം നേടാൻ കമ്പനിക്ക് സാധിക്കുന്നുണ്ട്. കാഷ്വൽ വസ്ത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ വിവാഹ, ആഘോഷ വിപണിയിൽ വസ്ത്രങ്ങൾക്ക് താരതമ്യേന വിലക്കുറവാണ്. 2021 ഡിസംബറിൽ വേദാന്ത് ഫാഷൻസ് 165% വാർഷിക വളർച്ച രേഖപ്പെടുത്തി. 2025-ഓടെ ബ്രാൻഡഡ് സെഗ്‌മെന്റ് 18-20% ൽ വളരുമെന്ന് പ്രതീക്ഷിക്കുന്നു.
4 റെയ്മണ്ട്
സ്യൂട്ട് ബിസിനസിലെ മുൻനിര വില്പനക്കാരാണ് റെയ്മണ്ട്. 60%-ത്തിലധികം വിപണി വിഹിതമുള്ള കമ്പനിയാണ് റെയ്മണ്ട്.ഏറ്റവും വലിയ ബ്രാൻഡഡ് ഫാബ്രിക് വിൽപനക്കാർ കൂടിയാണ് റെയ്മണ്ട്. വിവാഹത്തിന് സ്യൂട്ടുകൾ പ്രധാനമായതിനാൽ വിവാഹ സീസണിൽ വില്പനയിൽ വർധനവ് ഉണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 1,420 സ്റ്റോറുകളുടെ ശൃംഖലയാൽ വിശാലമാണ് റെയ്മണ്ട് കൂടാതെ 95 വർഷത്തെ ട്രാക്ക് റെക്കോർഡാണ് റെയ്മണ്ടിനുള്ളത്.
5 ഹീറോ മോട്ടോകോർപ്പ്
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളാണ് ഹീറോ മോട്ടോകോർപ്പ്. സാധാരണയായി വിവാഹ സമ്മാനമായി വാഹനങ്ങൾ നൽകുന്ന രീതി തുടരുന്നതിനാൽ വിവാഹ സീസണിൽ കമ്പനിയുടെ വില്പനയിൽ വർദ്ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. മഹാമാരി സമയത്ത് വിപണിയിൽ നിന്നും തിരിച്ചടി നേരിട്ടെങ്കിലും വിവാഹ സീസണിൽ മികച്ച ആദായം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
