പ്രതിസന്ധി കൈവിട്ടുപോയതോടെ ഇറാന്റെ സെന്‍ട്രല്‍ ബാങ്ക് മേധാവി മുഹമ്മദ് റെസ ഫര്‍സി കഴിഞ്ഞ ഡിസംബറില്‍ രാജിവെച്ചൊഴിഞ്ഞു.

സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമായ സാമ്പത്തിക തകര്‍ച്ചയുടെ പടുകുഴിയിലേക്ക് ഇറാന്‍ കൂപ്പുകുത്തുന്നു. രാജ്യത്തെ ഔദ്യോഗിക കറന്‍സിയായ 'റിയാല്‍' ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടതോടെ നിത്യോപയോഗ സാധനങ്ങള്‍ പോലും വാങ്ങാനാകാതെ സാധാരണക്കാരന്‍ പട്ടിണിയിലായി. നിലവില്‍ ഒരു അമേരിക്കന്‍ ഡോളര്‍ ലഭിക്കണമെങ്കില്‍ 14 ലക്ഷം ഇറാനിയന്‍ റിയാല്‍ നല്‍കേണ്ട അവസ്ഥയാണ്. ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്താല്‍, വെറും 90 രൂപയ്ക്ക് 14 ലക്ഷം റിയാല്‍ ലഭിക്കുമെന്ന് ചുരുക്കം.

യുദ്ധവും ഉപരോധവും തകര്‍ത്ത നട്ടെല്ല്

കഴിഞ്ഞ ജൂണില്‍ ഇസ്രായേലുമായി ആരംഭിച്ച യുദ്ധമാണ് ഇറാന്റെ പതനത്തിന് വേഗത കൂട്ടിയത്. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണവും, ആണവ പരീക്ഷണങ്ങളുടെ പേരില്‍ ഐക്യരാഷ്ട്രസഭ വീണ്ടും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതും സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. 2018-ല്‍ ഡോണാള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ എണ്ണ വിപണന നിയന്ത്രണങ്ങളും വിദേശ കറന്‍സി ലഭ്യത കുറച്ചതും ഇതിനകം വലിയ ആഘാതം സൃഷ്ടിച്ചിരുന്നു. പ്രതിസന്ധി കൈവിട്ടുപോയതോടെ ഇറാന്റെ സെന്‍ട്രല്‍ ബാങ്ക് മേധാവി മുഹമ്മദ് റെസ ഫര്‍സി കഴിഞ്ഞ ഡിസംബറില്‍ രാജിവെച്ചൊഴിഞ്ഞു.

40 വര്‍ഷം; 20,000 മടങ്ങ് ഇടിവ്

ഇറാന്റെ ചരിത്രം പരിശോധിച്ചാല്‍ ഈ തകര്‍ച്ച ഞെട്ടിക്കുന്നതാണ്. 1979-ലെ വിപ്ലവ കാലത്ത് വെറും 70 റിയാല്‍ നല്‍കിയാല്‍ ഒരു ഡോളര്‍ ലഭിക്കുമായിരുന്നു. എന്നാല്‍ 2026-ന്റെ തുടക്കത്തില്‍ അത് 14 ലക്ഷം കടന്നു. അതായത് കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ കറന്‍സിയുടെ മൂല്യം 20,000 മടങ്ങാണ് ഇടിഞ്ഞത്. 2025-ല്‍ മാത്രം റിയാലിന്റെ മൂല്യം 45 ശതമാനത്തോളം കുറഞ്ഞു. സമ്പാദ്യം നഷ്ടപ്പെടുമെന്ന ഭീതിയില്‍ ഇറാന്‍ ജനത കയ്യിലുള്ള റിയാല്‍ മാറ്റി ഡോളറും സ്വര്‍ണ്ണവും വാങ്ങിക്കൂട്ടുകയാണ്.

ആളിപ്പടരുന്ന ജനരോഷം

ഡിസംബറില്‍ തലസ്ഥാനമായ തെഹ്റാനിലെ പ്രശസ്തമായ 'ഗ്രാന്‍ഡ് ബസാറിലെ' വ്യാപാരികള്‍ കടകളടച്ച് തെരുവിലിറങ്ങിയതോടെയാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്. ഓരോ മണിക്കൂറിലും കറന്‍സി മൂല്യം ഇടിയുന്നത് കച്ചവടക്കാരെ വന്‍ കടക്കെണിയിലാക്കി. ജംഹൂരി അവന്യൂവില്‍ തുടങ്ങിയ ഈ സമരം പിന്നീട് വിദ്യാര്‍ത്ഥികളും തൊഴിലാളികളും ഏറ്റെടുത്തു. ഇപ്പോള്‍ പ്രതിഷേധം കേവലം വിലക്കയറ്റത്തിന് എതിരെ മാത്രമല്ല, പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി നയിക്കുന്ന ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തിന് എതിരെയുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്. 2022-ല്‍ മഹ്സ അമീനി എന്ന പെണ്‍കുട്ടി പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് രാജ്യത്തുണ്ടായ അസ്വസ്ഥതകള്‍ ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് എണ്ണ പകര്‍ന്നു.

കാത്തിരിക്കുന്നത് കടുത്ത ദാരിദ്ര്യം?

നിലവില്‍ 42.2 ശതമാനമാണ് ഇറാന്റെ പണപ്പെരുപ്പ നിരക്ക്. ശമ്പളത്തിന് വലിയ മാറ്റമില്ലെങ്കിലും സാധനങ്ങളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരെ തളര്‍ത്തുന്നു. ലോകബാങ്കിന്റെ കണക്കനുസരിച്ച് ഇറാന്‍ വലിയൊരു സാമ്പത്തിക മാന്ദ്യത്തെയാണ് അഭിമുഖീകരിക്കുന്നത്. 2025-ല്‍ ഇറാന്റെ ആഭ്യന്തര ഉല്‍പാദനം 1.7 ശതമാനവും 2026-ല്‍ 2.8 ശതമാനവും ചുരുങ്ങുമെന്നാണ് പ്രവചനം.