ദില്ലി: പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചതോടെ ആശ്വസിച്ച് എയര്‍ ഇന്ത്യ. പാകിസ്ഥാന്‍റെ ആകാശ വിലക്ക് എയര്‍ ഇന്ത്യയ്ക്ക് ദിവസവും 13 കോടി രൂപയുടെ നഷ്ടമാണ് വരുത്തിയിരുന്നത്. വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നത് കാരണം എയര്‍ ഇന്ത്യയുടെ ഉപ കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് ഉണ്ടാകുന്ന പ്രതിദിന നഷ്ടം 22 ലക്ഷം രൂപയാണ്. ഇതിനൊപ്പം ആകാശ വിലക്ക് കാരണം വിമാനങ്ങള്‍ക്ക് അധികമായി 15 മിനിറ്റ് കൂടുതല്‍ പറക്കുകയും വേണം. 

പാകിസ്ഥാന്‍ ആകാശ വിലക്ക് നീക്കിയതോടെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഇനി പാകിസ്ഥാന് മുകളിലൂടെ സുഗമമായി പറക്കാം. എയര്‍ ഇന്ത്യയുടെ സാന്‍ഫ്രാന്‍സിസ്കോ- ദില്ലി എഐ 184 വിമാനമാകും വിലക്കിന് ശേഷം പാകിസ്ഥാന്‍റെ കിഴക്കന്‍ മേഖലയ്ക്ക് മുകളിലൂടെ പറക്കുന്ന ആദ്യ ഇന്ത്യന്‍ യാത്രാവിമാനം. കഴിഞ്ഞ ഫെബ്രുവരി 26 നാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പാകിസ്ഥാന്‍ അവരുടെ ആകാശത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ ബാലാക്കോട്ട് ആക്രമണത്തെ തുടര്‍ന്നായിരുന്നു ഇത്. 

ഇന്ത്യയുമായുളള കിഴക്കന്‍ അതിര്‍ത്തിയായിരുന്നു പാകിസ്ഥാന്‍ അടച്ചിരുന്നത്. പടിഞ്ഞാറന്‍ ഭാഗത്ത് കൂടിയുളള യാത്രയ്ക്ക് വിലക്കുണ്ടായിരുന്നില്ല. ഇതിലൂടെയാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയിരുന്നത്. ഫെബ്രുവരി 26 മുതല്‍ ജൂലൈ രണ്ട് വരെ പാക് വിലക്ക് മൂലം എയര്‍ ഇന്ത്യയ്ക്കുണ്ടായ നഷ്ടം 491 കോടി രൂപയാണ്. സ്വകാര്യ വിമാനക്കമ്പനികളില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് സ്പൈസ് ജെറ്റിനാണ്. 30.73 കോടി രൂപയായിരുന്നു നഷ്ടം. ഇന്‍ഡിഗോയ്ക്ക് 25.1 കോടി രൂപയും ഗോ എയറിന് 2.1 കോടി രൂപയും പാക് വ്യോമപാതാ വിലക്ക് മൂലം നഷ്ടം സംഭവിച്ചു. 

തിരിച്ച് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്ക് മൂലം മലേഷ്യ, തായ്‍ലാന്‍ഡ് എന്നിവടങ്ങളിലേക്കുളള പാകിസ്ഥാന്‍റെ വിമാനസര്‍വീസും തടസ്സപ്പെട്ടിരുന്നു. മേയ് 31 ന് ഇന്ത്യ പാക് യാത്ര വിമാനങ്ങളുടെ വിലക്ക് നീക്കിയിരുന്നു.