തിരുവനന്തപുരം: കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന്റെ വാർത്താ സമ്മേളനം കാര്യങ്ങളിൽ വ്യക്തത വരുത്താൻ സഹായകരമായെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ആളുകളുടെ കൈയിൽ പണമെത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.  ആകെയുള്ളത് 500 വീതം തവണകളായി 1500 രൂപ ജൻധൻ അക്കൗണ്ടിൽ നൽകുന്നതാണ്. വണ്ടിക്കു മുന്നിൽ കുതിരയെ കെട്ടുന്നതു പോലെയാണിതെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.

ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം നൽകിയെങ്കിലും അതിന്റെ പലിശ ആര് നൽകുമെന്ന് തോമസ് ഐസക് ചോദിച്ചു. കൊവിഡ് കാലത്തെ പലിശ തുക ബാങ്കുകൾ വഹിക്കണം. അതിന്റെ പങ്ക് സർക്കാരും ഏറ്റെടുക്കണം. ഒരു വർഷത്തേക്ക് കർഷകർക്കുൾപ്പടെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ കൈ നനയാതെ മീൻ പിടിക്കുകയാണ്. എല്ലാം ബാങ്കിന്റെ തലയിലേക്ക് വയ്ക്കുകയാണ് എന്നും തോമസ് ഐസക് ആരോപിച്ചു. 

ഇലക്ട്രിസിറ്റി കമ്പനികൾക്ക് ഗ്യാരണ്ടി നൽകുന്നതു വഴി  സംസ്ഥാനങ്ങൾക്ക് അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. സംസ്ഥാനങ്ങളെ കുറിച്ച് ഒരു വാക്ക് പോലും നിർമ്മലാ സീതാരാമൻ പറഞ്ഞിട്ടില്ല. ഒരു മിനുക്ക് പണിക്കാണ് മോദി സർക്കാർ തയ്യാറെടുക്കുന്നത്. സ്വാശ്രയ ഇന്ത്യയെ കുറിച്ച് പറയുന്ന സർക്കാർ തൊഴിലാളികൾക്ക് ഒന്നും നൽകുന്നില്ല. ചെറുകിട സംരഭങ്ങൾക്ക് ചില ആശ്വാസമുണ്ടാകും. പക്ഷേ, കുടുംബശ്രീ സംരംഭങ്ങൾക്ക് അതു കൊണ്ട് നേട്ടമുണ്ടാകില്ലെന്നും തോമസ് ഐസക് പറഞ്ഞു.