2.5 കിലോഗ്രാം ഭാരമുള്ള ഒരു സ്വർണ്ണ ശംഖും ഒരു ഡിസ്കുമാണ് ഈ കമ്പനി തിരുപ്പതി ക്ഷേത്രത്തിന് സംഭാവന ചെയ്തത്.

ചെന്നൈ: സ്വർണവില കുതിച്ചുയരുന്നുണ്ടെങ്കിലും തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള സ്വർണ സംഭാവനയെ അതൊന്നും ബാധിച്ചിട്ടില്ല. ഒറ്റ വർഷത്തിൽ ഏകദേശം 773 കോടി വിലമതിക്കുന്ന 1,000 കിലോഗ്രാമിലധികം സ്വർണ്ണം ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ചുവെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം വ്യക്തമാക്കി. ക്ഷേത്രത്തിലെ സ്വർണ്ണ ശേഖരം ഇപ്പോൾ 11,000 കിലോഗ്രാമിൽ കൂടുതലായെന്നും സ്ഥിര നിക്ഷേപം 18,000 കോടിക്ക് മുകളിലാണെന്നും ഇതിലൂടെ ലഭിക്കുന്ന വാർഷിക പലിശ വരുമാനം 1,200 കോടിയിലധികമാണെന്നും ടിടിഡി പറഞ്ഞു. ഏറ്റവും ഒടുവിലായി ചെന്നൈ ആസ്ഥാനമായുള്ള സുദർശൻ എന്റർപ്രൈസസാണ് സംഭാവനയിലൂടെ ഞെട്ടിച്ചിരിക്കുന്നത്. 2.5 കിലോഗ്രാം ഭാരമുള്ള ഒരു സ്വർണ്ണ ശംഖും ഒരു ഡിസ്കുമാണ് ഈ കമ്പനി തിരുപ്പതി ക്ഷേത്രത്തിന് സംഭാവന ചെയ്തത്.

ക്ഷേത്രത്തിന് വൻതോതിൽ സംഭാവനകൾ ലഭിക്കുന്നത് ആദ്യമായല്ല, രണ്ട് വർഷം മുൻപ് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും ഭാര്യ സുധ മൂർത്തിയും തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ സ്വർണ്ണ ശംഖും സ്വർണ്ണ ആമയുടെ വിഗ്രഹവും സമർപ്പിച്ചിരുന്നു. 2 കിലോഗ്രാം സ്വർണമാണ് നൽകിയതെന്നാണ് റിപ്പോർട്ട്. ഭക്തജനങ്ങള്‍ വലിയ തോതില്‍ തന്നെ സ്വര്‍ണ്ണം ക്ഷേത്രത്തില്‍ കാണിക്കയായി അര്‍പ്പിക്കുന്നതോടെ തിരുമല തിരുപ്പതി ദേവസ്വം തങ്ങളുടെ സമ്പത്ത് വീണ്ടും വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്. ഒപ്പം ദേവസ്വം വിവിധ ബാങ്കുകളില്‍ ഇട്ട ഫിക്സ്ഡ് ഡെപ്പോസിറ്റുകളുടെ പലിശയും തിരുപ്പതി ക്ഷേത്രത്തിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ക്ഷേത്ര ഭരണാധികാരികള്‍ പറയുന്നത്.

തിരുമല ക്ഷേത്രത്തിൽ പ്രതിദിനം ഏകദേശം 70,000 മുതൽ 1,00,000 വരെ തീർത്ഥാടകർ എത്തുന്നതായാണ് കണക്കുകൾ, ദിവസേന 3 കോടിയിലധികം രൂപയുടെ വഴിപാടുകൾ ക്ഷേത്രത്തിന് ലഭിക്കുന്നു. കൂടാതെ സംഭാവനകളും. 2024-ൽ, ക്ഷേത്രത്തിന് ആകെ 1,365 കോടി വഴിപാടുകൾ ലഭിച്ചതായാണ് ടിടിഡിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.